യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 4.55 ലക്ഷം വീടുകള്‍ നിര്‍മിച്ചോ? വി.ഡി. സതീശന്റെ കണക്കുകള്‍ പൊളിച്ചടുക്കി നിയസഭാ രേഖകള്‍; ഉമ്മന്‍ചാണ്ടി മറുപടി നല്‍കിയത് കോടിയേരിയുടെ ചോദ്യത്തിന്; അറ്റകുറ്റപ്പണി അടക്കം ആകെ സഹായം നല്‍കിയത് 3735 വീടുകള്‍ക്ക്; 74 മാധ്യമ പ്രവര്‍ത്തകര്‍ക്കും കിട്ടി വന്‍തുക സബ്‌സിഡി

തിരുവനന്തപുരം: കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 4.55 ലക്ഷം വീടുകള്‍ നിര്‍മിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റ വാദങ്ങള്‍ പൊളിച്ച് നിയമസഭാ രേഖകള്‍. കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് 2016 ഫെബ്രുവരി 24ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എത്രപേര്‍ക്കു സര്‍ക്കാര്‍ പദ്ധതിയിലൂടെ പാര്‍പ്പിടം നല്‍കി, ദുര്‍ബല വിഭാഗങ്ങള്‍ക്കു നല്‍കിയ പാര്‍പ്പിട പദ്ധതികള്‍ ഏതൊക്കെ, ലക്ഷംവീട് കോളനികളുടെ വികസനത്തിനു നടപ്പാക്കിയ പദ്ധതികള്‍ ഏതെല്ലാം തുടങ്ങിയ ചോദ്യങ്ങളാണു കോടിയേരി ഉന്നയിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനത്തെ നിയമസഭാ സമ്മേളനങ്ങളില്‍ ഒന്നിലാണു കോടിയേരി ചോദ്യം ഉന്നയിച്ചത്.

ലക്ഷംവീടു കോളനികളുടെ വികസനത്തിനായി ഭവനനിര്‍മാണ ബോര്‍ഡ് പ്രത്യേകമായ പദ്ധതികളൊന്നും നടപ്പാക്കുന്നില്ലെന്നും 1972-76 കാലത്തു നിര്‍മിച്ച വീടുകളുടെ പുനര്‍നിര്‍മാണത്തിനുള്ള സബ്‌സിഡി ഭവനനിര്‍മാണ ബോര്‍ഡ് വഴി വിതരണം ചെയ്യുന്നുണ്ടെന്നും വീടുകളുടെ മേല്‍ക്കൂര പുതുക്കിപ്പണിയാന്‍ 10,000 രൂപവീതം നല്‍കുന്നുണ്ടെന്നും പറയുന്ന ഉമ്മന്‍ ചാണ്ടി, സുരക്ഷ ഭവന പദ്ധതി പ്രകാരം 698 വീടുകളും എം.എന്‍. ലക്ഷംവീട് പുനര്‍നിര്‍മാണ പദ്ധതികള്‍ പ്രകാരം 2191 വീടുകളും അറ്റകുറ്റപ്പണിക്കായി 2013 മുതല്‍ 15വരെ 772 വീടുകളെ ഉള്‍പ്പെടുത്തിയതിലൂടെ 77.2 ലക്ഷം രൂപയും 74 പത്രപ്രവര്‍ത്തകര്‍ക്കു സബ്‌സിഡി അനുവദിച്ചതിലൂടെ 54.03 ലക്ഷം രൂപയും അടക്കം ആകെ 3735 വീടുകളെയാണു വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയതെന്നും പറയുന്നു.
വിവിധ മന്ത്രിമാരോട് എഴുതി ചോദിച്ച ചോദ്യങ്ങളും അതിന്റെ മറുപടിയുമൊക്കെയാണു വി.ഡി. സതീശന്റ കണക്കുകളില്‍ പറയുന്നത്. അഞ്ചു മന്ത്രിമാരോടു ചോദ്യങ്ങള്‍ ചോദിച്ചെന്നും സതീശന്‍ ഒരു പ്രസംഗത്തില്‍ ആവര്‍ത്തിക്കുന്നുമുണ്ട്. നേരത്തെ ഒരു സര്‍ക്കാരിന്റെയും കാലത്തു വീടു നിര്‍മാണ പദ്ധതികള്‍ ഇല്ലെന്ന തരത്തിലാണു സര്‍ക്കാര്‍ കണക്കുകള്‍ അവതരിപ്പിക്കുന്നതെന്നും ഇന്ദിരാ ആവാസ് യോജന കൂടാതെ പട്ടികജാതി -വര്‍ഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളിക്കും ന്യൂനപക്ഷങ്ങള്‍ക്കും തദേശ സ്ഥാപനങ്ങളുടെ തനത് ഭവന നിര്‍മാണ പദ്ധതികളും സംസ്ഥാനത്തുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഏഴ് പദ്ധതികള്‍ ഒരുമിച്ച് ചേര്‍ത്താണ് ലൈഫ് മിഷനുണ്ടാക്കിയ അദ്ദേഹം പറഞ്ഞു.
ലൈഫ് പദ്ധതി വഴി പൂര്‍ത്തിയാക്കിയ വീടുകളുടെ എണ്ണം 2,79,000 ആണെന്നാണ് 2022 സെപ്തംബര്‍ ഒമ്പതിന് നിയമസഭയില്‍ നല്‍കിയ മറുപടി. ഇപ്പോഴത് മൂന്നു ലക്ഷമായെന്ന് പറയുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പണി പൂര്‍ത്തിയാക്കാതിരുന്ന 52,000 വീടുകളും അഞ്ച് വര്‍ഷത്തെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൂടി കുറച്ചാല്‍ അഞ്ച് വര്‍ഷം കൊണ്ട് നിര്‍മിച്ചത് രണ്ടര ലക്ഷം വീടുകള്‍ മാത്രമാണ്- വി.ഡി. സതീശന്‍ പറയുന്നു.
2020-ല്‍ ഒമ്പത് ലക്ഷം പേര്‍ അപേക്ഷ നല്‍കിയതില്‍ 5,06,000 പേരെ തെരഞ്ഞെടുത്തു. 2022 ല്‍ പ്രസിദ്ധീകരിച്ച ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 12,845 ഗുണഭോക്താക്കള്‍ തദേശ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് 2023 ഫെബ്രുവരി ഒന്നിന് മന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നത്. മൂന്ന് വര്‍ഷത്തെ ലൈഫ് മിഷന്റെ പുരോഗതിയാണിത്. മൂന്ന് കൊല്ലമായി ലക്ഷക്കണക്കിന് പേരാണ് വീടിന് വേണ്ടി കാത്തിരിക്കുന്നത്. ഇതാണോ മൂന്ന് കൊല്ലം കൊണ്ടുണ്ടാക്കിയ പുരോഗതിയെന്നും സീതീശന്‍ ചോദിക്കുന്നു.
അഞ്ചു കൊല്ലം കൊണ്ട് 4,14,554 വീടുകളാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ചത്. അക്കാലത്ത് എസി.സി വിഭാഗത്തില്‍ 24,594 വീടുകളും എസ്.ടി വകുപ്പ് മുഖേന 17,588 വീടുകളും നിര്‍മിച്ചു. 71,710 കുടുംബങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകളും 12,938 കുടുംബങ്ങള്‍ക്ക് മുന്‍സിപ്പാലിറ്റികളും 10,815 കോര്‍പറേഷനുകളും വീട് നിര്‍മ്മിച്ചിട്ടുണ്ട്. ഇത് കൂടാതെ അന്‍പതിനായിരത്തിലധികം വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കും നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. ഇത് കൂടിയാകുമ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച വീടുകളുടെ എണ്ണം നാലര ലക്ഷത്തില്‍ അധികമാകുമെന്നും സതീശന്‍ അവകാപ്പെട്ടിരുന്നു. എന്നാല്‍, ഇതെല്ലാം പച്ചക്കള്ളമാണെന്നു തെളിയിക്കുന്ന രേഖകളാണ് ഉമ്മന്‍ചാണ്ടിതന്നെ നിയമസഭയില്‍ പുറത്തുവിട്ടത്.