
കേരളത്തിലെ പല രാഷ്ട്രീയ നേതാക്കന്മാരും സുഖസൗകര്യങ്ങൾക്കു നടുവിൽ അത്യാർഭാടമായ ജീവിതമാണ് നയിക്കുന്നത്. അവരുടെ വസ്ത്രധാരണവും ഉപയോഗിക്കുന്ന വസ്തുക്കളുടെ വിലയുമാണ് കുറച്ചു കാലമായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. പ്രത്യേകിച്ച് മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ധരിക്കുന്ന ആഢംബര വസ്തുക്കളെക്കുറിച്ചുള്ള സൈബർ ലോകത്തെ ചർച്ചകൾക്ക് ഇപ്പോൾ ചൂടുപിടിച്ചിരിക്കുന്നു.
ഈ വിവാദങ്ങൾക്ക് ഇപ്പോൾ വീണ്ടും തിരികൊളുത്തിയിരിക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഹമ്മദാബാദിൽ നടന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ ധരിച്ച മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന ഷൂ ആണ് എന്ന ആരോപണമാണ്.
ഇതിന് മുൻപ്, ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ജെ.പി. നദ്ദയെ കാണാൻ ഡൽഹിക്ക് പോയപ്പോൾ 40,000 രൂപ വിലവരുന്ന കറുത്ത ബാഗാണ് ഉപയോഗിച്ചതെന്ന വിമർശനം ഉയർന്നിരുന്നു. ഈ ബാഗിന്റെ സ്ട്രാപ്പിൽ ‘എംപോറിയോ അർമാനി’ എന്ന് എഴുതിയിട്ടുണ്ടെന്നും, ഇത് ലോകത്തിലെ ഏറ്റവും വിലകൂടിയ ലേഡീസ് ബാഗുകളിൽ ഒന്നാണെന്നുമാണ് ആരോപണം ഉയർന്നത്. ഏകദേശം 20,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വിലയുള്ള എംപോറിയോ അർമാനി ബാഗുകൾ ഷോറൂമുകളിലും ആമസോൺ പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ഈ ബ്രാൻഡിന് പ്രത്യേക ഷോറൂമുകളുമുണ്ട്. എന്നാൽ ഇതെക്കുറിച്ച് മന്ത്രി വീണാ ജോർജ്ജ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ വിമർശനങ്ങൾക്ക് മറുപടി എന്നോണമാണ് വി.ഡി. സതീശൻ ധരിച്ചത് സ്വിസ് ബ്രാൻഡായ ക്ലൗഡ്‌ടിൽറ്റിന്റെ വിലയേറിയ ഷൂ ആണെന്ന തരത്തിലുള്ള പ്രചാരണം സി.പി.എം സൈബർ ഹാൻഡിലുകളിൽ വ്യാപകമായത്. മൂന്ന് ലക്ഷം രൂപയുടെ പ്രൈസ് ടാഗ് അടക്കമുള്ള ചിത്രങ്ങൾ സതീശന്റെ ഫോട്ടോയ്ക്കൊപ്പം പ്രചരിച്ചു.
എന്നാൽ ഈ ആരോപണങ്ങൾക്ക് ഉടൻ തന്നെ വി.ഡി. സതീശൻ ശക്തമായ മറുപടി നൽകി. ഒപ്പം ഒരു ഓഫറും പ്രഖ്യാപിച്ചു. ഭാരത് ജോഡോ യാത്രയുടെ സമയത്ത് താൻ മോശം ഷൂവാണ് ഉപയോഗിച്ചിരുന്നതെന്നും, ഏറ്റവും അടുത്ത ഒരു സുഹൃത്ത് ലണ്ടനിൽ നിന്ന് വാങ്ങി കൊണ്ടുവന്ന ഷൂവാണ് ഇതെന്നും അദ്ദേഹം വിശദീകരിച്ചു. രണ്ടു വർഷം മുമ്പ് ഇതിന് 70 പൗണ്ട് ആയിരുന്നു വിലയെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. രണ്ടു വർഷത്തോളം ഈ ഷൂ ഉപയോഗിച്ചെന്നും, 5000 രൂപയ്ക്ക് ആര് വന്നാലും ഈ ഷൂ നൽകാമെന്നുമാണ് പ്രതിപക്ഷ നേതാവ് വാഗ്ദാനം ചെയ്തത്. അത് തനിക്ക് ലാഭമാണെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.
നേരത്തെ, രാഹുൽ ഗാന്ധി നടന്നുപോകുന്ന ഒരു ചിത്രം വെച്ചും സമാനമായ പ്രചാരണം നടന്നിരുന്നു. രാഹുൽ ഗാന്ധി ധരിച്ചിരുന്നത് ക്യൂസി ബ്രാൻഡിന്റെ ഷൂ ആണെന്നും, ഇതിന് 3 ലക്ഷം രൂപ വിലയുണ്ടെന്നുമായിരുന്നു പ്രചാരണം. ഭാരത് ജോഡോ യാത്രയ്ക്കിടെയായിരുന്നു ഈ പ്രചരണം. എന്നാൽ ഇത് തെറ്റാണെന്ന് പിന്നീട് ദേശീയ മാധ്യമങ്ങളുടെ ഫാക്ട് ചെക്കിംഗിൽ തെളിഞ്ഞു. രാഹുൽ ഗാന്ധി ധരിച്ച ഷൂസിന്റെ വില 13,000- 20,999 രൂപ എന്നീ നിരക്കുകളാണെന്ന് കണ്ടെത്തി.
ഇതിനിടെ, 2016ലെ റിപ്പബ്ലിക് ദിന ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റിനൊപ്പം പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 10 ലക്ഷം രൂപയുടെ കോട്ട് ധരിച്ചെത്തിയത് വലിയ വിവാദമായിരുന്നു. എന്നാൽ, വിവാദം ശക്തമായതിനെ തുടർന്ന് ആ കോട്ട് ലേലം ചെയ്യുകയും 4,31,31,311 രൂപയ്ക്ക് ഗുജറാത്തി വ്യവസായി ലാൽജി ഭായ് പട്ടേൽ സ്വന്തമാക്കുകയും ചെയ്തു. ലേലത്തിലൂടെ ലഭിച്ച തുക പ്രധാനമന്ത്രിയുടെ നമാമി ഗംഗാ പദ്ധതിക്കായി നൽകി വിവാദത്തിന് വിരാമമിട്ടു. എന്നാൽ ലേലത്തുകയുടെ റെക്കോർഡ് ഗിന്നസ് ബുക്കിൽ ഇടം നേടി.
ഇത്തരത്തിലുള്ള ആഢംബര വസ്തുക്കളെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി തുടരുമ്പോൾ, രാഷ്ട്രീയ നേതാക്കൾ ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.