ആശുപത്രിയില്‍തന്നെ പ്രസവിക്കണമെന്ന് നിയമമുണ്ടോ? വീട്ടില്‍ പ്രസവിക്കാന്‍ പറയുമ്പോഴേക്ക് സമൂഹത്തെ പേടിക്കുന്നു; കൊല്ലാനുള്ള ലൈസന്‍സാണ് ആശുപത്രി സര്‍ട്ടിഫിക്കറ്റ്; വല്ലാത്തൊരു ലോകമെന്നും കാന്തപുരം എപി വിഭാഗം നേതാവ്

കോഴിക്കോട്: ആശുപത്രിയില്‍ തന്നെ പ്രസവിക്കണമെന്ന് നിയമമുണ്ടോയെന്ന് കാന്തപുരം എപി വിഭാഗം നേതാവും എസ്‌വൈഎസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമായ സ്വാലിഹ് തുറാബ് തങ്ങള്‍. കോഴിക്കോട് പെരുമണ്ണ തയ്യില്‍ താഴത്ത് നടന്ന ‘മര്‍കസുല്‍ ബദ്‌രിയ്യ ദര്‍സ് ആരംഭവും സി.എം വലിയുല്ലാഹി ആണ്ടുനേര്‍ച്ചയും അസ്മാഉല്‍ ബദ്‌റും’ എന്ന പരിപാടിയിലായിരുന്നു സ്വാലിഹ് തുറാബ് തങ്ങളുടെ പ്രഭാഷണം.
‘എന്തെങ്കിലും പറയുമ്പോഴേക്ക് സമൂഹത്തിനെ പേടിക്കുകയാണ്. ഒരു പ്രസവം നടന്നു ഇവിടെ. എന്തൊക്കെ സംഭവിച്ചു. ഇവിടെ ഹോസ്പിറ്റലില്‍ എന്തൊക്കെ ഗുലുമാലുകളാണ് നടക്കുന്നത്. എന്തൊക്കെ അക്രമങ്ങള്‍ നടക്കുന്നു. കൊല്ലാനുള്ള ലൈസന്‍സുള്ള ആളുകള്‍ എന്നാണ് ആ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് ചില ആളുകള്‍ പറയുന്നത്. അവിടെ ഒരു തെറ്റ് ചെയ്താല്‍ ചോദ്യവും പറച്ചിലും ഇല്ല, എന്തും ആകാമെന്നാണ്. എന്താണ് ആശുപത്രിയില്‍ തന്നെ പ്രസവിക്കണമെന്ന് നിയമമുണ്ടോ? ഇവിടത്തെ സര്‍ക്കാര്‍ നിയമമാണോ അത്?

അവരവരുടെ സൗകര്യമാണ്. ആരെങ്കിലും ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എല്ലാവരും വീട്ടില്‍ പ്രസവിക്കുന്നവരെ കുറ്റപ്പെടുത്തുകയാണ്. വീട്ടില്‍ പ്രസവം എടുക്കുന്ന ഉമ്മയെ കുറ്റപ്പെടുത്തുകയാണ്. വീട്ടില്‍ പ്രസവിക്കാന്‍ പ്രോത്സാഹിപ്പിച്ചവരെ കുറ്റപ്പെടുത്തുകയാണ്. വല്ലാത്തൊരു ലോകം. ഈ രൂപത്തില്‍ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. അവനവന്റെ വിശ്വാസം ശക്തമായി കാത്തുസൂക്ഷിച്ചാല്‍ അവനവന് രക്ഷപ്പെടാം’ -എന്നായിരുന്നു പ്രഭാഷണം.