CrimeNEWS

അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്നു; പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ചു

ബംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ചതായി പോലീസ്. ഞായറാഴ്ച അശോക് നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ബിഹാര്‍ സ്വദേശിയായ നിതേഷ് കുമാര്‍ (35) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് കടുത്ത പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ചത്.

പോലീസ് പിടിയിലായതിന് പിന്നാലെ ഇയാള്‍ പോലീസുകാരെ ആക്രമിക്കുകയായിരുന്നെന്നും ആക്രമണത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റതായും പോലീസ് അറിയിച്ചു. മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാള്‍ പോലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് ഓടാന്‍ ശ്രമിക്കുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Signature-ad

ബിഹാറിലെ പട്‌നയില്‍ നിന്നുള്ളയാളാണ് പ്രതി. പ്രതിയുടെ താമസസ്ഥലത്ത് തിരിച്ചറിലിനായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ പോലീസുകാരെ ആക്രമിച്ചതെന്ന് ഹുബ്ബള്ളി പോലീസ് മേധാവി ശശി കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊപ്പല്‍ ജില്ലയില്‍നിന്നുള്ളവരാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം. കുട്ടിയുടെ അമ്മ വീട്ടു ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കു പോകുമ്പോള്‍ മകളേയും അമ്മ കൂടെക്കൊണ്ടുപോയിരുന്നു. ഞായറാഴ്ച ജോലിസ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാകുന്നത്. തുടര്‍ന്ന് കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തി. ഇതിനിടെയാണ് തൊട്ടടുത്തുള്ള കെട്ടിടത്തിലെ കുളിമുറിയുടെ ഷീറ്റിനിടയിലായി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ പ്രദേശത്തെ സിസിടിവികളക്കം പോലീസ് പരിശോധന നടത്തി. പിന്നാലെ പ്രതി പിടിയിലാകുകയായിരുന്നു. കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൈദ്യപരിശോധനയും മറ്റും നടന്നുവരുന്നതിനിടെയാണ് പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ചതായി പോലീസ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: