ഷൈന്‍ ടോം ചാക്കോയും പോലീസും ഒത്തുകളിച്ചു; കൊക്കെന്‍ ഉപയോഗിച്ചോ എന്നു പരിശോധിച്ചില്ല; മോഡലിന്റെ ദേഹപരിശോധന നടത്തുമ്പോള്‍ ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യമില്ല; കോടതിവിധി പുറത്ത്; ലഹരിയെക്കുറിച്ചുള്ള ചോദ്യം വന്നതോടെ അഭിമുഖം നിര്‍ത്തി ഷൈന്‍!

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി. നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ചവരുത്തി. ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധിയിലാണു പോലീസിന് വിമര്‍ശനം.

ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോയെന്ന് പൊലീസ് പരിശോധിച്ചില്ല, കൊക്കെയ്‌ന്റെ ഘടകങ്ങള്‍ വേര്‍തിരിച്ചുള്ള പരിശോധന നടന്നില്ല, ഒന്നാം പ്രതിയായ മോഡലിന്റെ ദേഹപരിശോധന നടത്തുമ്പോള്‍ വനിതാ ഗസറ്റഡ് ഓഫിസര്‍ ഒപ്പമുണ്ടായിരുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് വിധി പകര്‍പ്പിലുള്ളത്.
ഒന്നാം പ്രതിയായ മോഡലില്‍നിന്ന് ലഹരിവസ്തു കണ്ടെടുത്തത് ഗസറ്റഡ് ഓഫിസറുടെ സാന്നിധ്യത്തിലല്ലെന്നത് കേസില്‍ തിരിച്ചടിയായിരുന്നു. ലഹരിവസ്തു വ്യക്തികളില്‍നിന്നു പിടിച്ചെടുക്കുമ്പോള്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സ്ഥലത്ത് ഉണ്ടാവണമെന്നാണു നിയമം. എന്നാല്‍ പൊലീസിന്റെ ഒപ്പമുണ്ടായിരുന്നതു പുരുഷ ഗസറ്റഡ് ഓഫിസറായിരുന്നു. അതുകൊണ്ടു തന്നെ ദേഹപരിശോധനാ സമയത്ത് കൂടെനില്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ല.
ഷൈന്‍ ടോമിന് പുറമെ ആഫ്രിക്ക സ്വദേശിയായ ഒക്കാവ കോളിൻസ്, ചെന്നൈയിൽ താമസിക്കുന്ന ജസ്ബീർ സിങ്, കോഴിക്കോട് സ്വദേശി രേഷ്മ രംഗസ്വാമി, ബെംഗളൂരു മലയാളിയായ ബ്ലെസി സിൽവസ്റ്റർ, കോട്ടയം സ്വദേശി സ്നേഹ ബാബു, കൊല്ലം സ്വദേശി ടിൻസി ബാബു എന്നിവരെയാണ് വിചാരണക്കോടതി നേരത്തെ കുറ്റവിമുക്തരാക്കിയത്. 2015 ജനുവരി 31നാണു കുറ്റകൃത്യം നടന്നത്. ഇടത്തരം അളവിൽ കൊക്കെയ്ൻ കൈവശം വച്ച കുറ്റമാണു പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
കേരള പൊലീസിന് തലവേദനയായ കേസായിരുന്നു കടവന്ത്ര കൊക്കെയ്ൻ കേസ്. പ്രതികളായ യുവതികളും കോളിൻസും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഒരുമിച്ചു നിൽക്കുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഗോവയിൽ നിന്നു കോളിൻസിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ചെന്നൈ സ്വദേശികളായ പൃഥ്വിരാജ്, ജസ്ബീർ എന്നിവരെ കൂടി പ്രതി ചേർത്തത്. എന്നാൽ ലാബ് പരിശോധനാ ഫലങ്ങളും അന്വേഷണത്തിലെ നടപടി ക്രമങ്ങളിലെ വീഴ്ചകളും പ്രതിഭാഗത്തിന് അനുകൂലമായി. ലഹരിമരുന്നു കേസുകളുടെ അന്വേഷണത്തിൽ പൊലീസിനു പതിവായി സംഭവിക്കുന്ന വീഴ്ചകൾ ഈ കേസിലും സംഭവിച്ചതായി ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥൻ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും വിസ്താരത്തിൽ പ്രോസിക്യൂഷനു പ്രതികൾ ചെയ്ത കുറ്റം സംശയ രഹിതമായി തെളിയിക്കാൻ കഴിഞ്ഞില്ല. 2015 ജനുവരി 30നാണ് കടവന്ത്രയിലെ ഫ്‌ലാറ്റില്‍നിന്ന് ഷൈനും നാലു മോഡലുകളും ലഹരിമരുന്ന് കേസില്‍ പിടിയിലായത്. 2025 ഫെബ്രുവരി 11നു ലഹരിമരുന്നു കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കി.
ലഹരിക്കേസുകളില്‍ പലതും വാര്‍ത്തയ്ക്ക് വേണ്ടി മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവയാണെന്നും രാസലഹരിയെക്കുറിച്ച് 24മണിക്കൂറും ചര്‍ച്ച നടത്തിയാല്‍ കുട്ടികള്‍ അത് തേടിപോകുമെന്നും കേസുകളില്‍ പിടിക്കപ്പെടുന്നവരെല്ലാം പാവപ്പെട്ടവന്റെ കുട്ടികളെന്നും ഷൈന്‍ ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിനു പിന്നാലെയാണു വിധിയും പുറത്തുവന്നത്. കൊക്കെയ്ന്‍ കേസില്‍ താന്‍ പ്രതിയായത് സ്വാധീനിക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണെന്നും താന്‍ കഴിവില്ലാത്ത സാധാരണക്കാരന്‍ ആണെന്നും ഷൈന്‍ ടോം അവകാശപ്പെട്ടു.
ആലപ്പുഴയില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ തന്റെ പേര് പറഞ്ഞത് മാധ്യമങ്ങളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരെങ്കിലും പേര് പറഞ്ഞതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടുത്തുന്നതിനെ തുടര്‍ന്നാണ് പലരും മുന്‍കൂര്‍ ജാമ്യം തേടുന്നതെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു. ലഹരിയെ കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ അഭിമുഖം പൂര്‍ത്തിയാക്കാതെ ഷൈന്‍ ടോം ഇറങ്ങിപ്പോയി.