ബില്ലുകളില്‍ സമയപരിധി; പത്തിയൊടിഞ്ഞ് മിഷന്‍ ‘മോദി’യുമായി എത്തിയ ഗവര്‍ണര്‍മാര്‍; പുനപരിശോധന ഹര്‍ജി നല്‍കിയേക്കും; കേന്ദ്രത്തിന്റെ വാദം സമര്‍ഥിക്കാന്‍ കഴിഞ്ഞില്ലെന്ന് വിശദീകരണം; ഹര്‍ജിയെത്തുക വിധി പറഞ്ഞ അതേ ബെഞ്ചിലേക്ക്; മറികടക്കാന്‍ വിയര്‍ക്കേണ്ടിവരും

ന്യൂഡല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കിയേക്കും. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചതിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഹര്‍ജി തയാറാക്കിയിട്ടുണ്ടെന്നും ഉടന്‍ സമര്‍പ്പിക്കുമെന്നും മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയെന്ന് ‘ദ ഹിന്ദു’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കേസിന്റെ വാദം നടക്കുമ്പോള്‍ കേന്ദ്രത്തിന്റെ ഭാഗം ശക്തമായി അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ റിവ്യൂ അനിവാര്യമാണെന്നു മറ്റൊരു ഉദ്യോഗസ്ഥനും പറഞ്ഞു.

ലാപ്‌സായ ബില്ലുകള്‍പോലും നടപ്പാക്കാന്‍ വിധിയിലൂടെ കഴിയും. ഭരണഘടന അനുസരിച്ച് നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ മടക്കിയാലോ പ്രസിഡന്റ് പിടിച്ചുവച്ചാലോ നിയമനിര്‍മാണം വൈകും. എന്നാല്‍, വീണ്ടും അയച്ചാല്‍ ഗവര്‍ണര്‍ക്കു പാസാക്കേണ്ടിവരും. ഏപ്രില്‍ 8 നുവന്ന വിധിയില്‍ ഇക്കാര്യം കാര്യമായി പരിഗണിച്ചില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ 10 ബില്ലുകള്‍ പാസാക്കിയത് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചെന്നു ചൂണ്ടിക്കാട്ടിയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ബില്ലുകള്‍ക്കു സമയപരിധി നിശ്ചയിച്ചതും പുനപരിശോധിക്കേണ്ടതുണ്ട്. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവര്‍ക്കു മുമ്പിലാകും പുനപരിശോധന ഹര്‍ജിയും നല്‍കുക.
നിയമസഭ രണ്ടുവട്ടം പാസാക്കിയ 10 ബില്ലുകള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി തടഞ്ഞത് സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ 2023 ല്‍ സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഗവര്‍ണര്‍ ബില്ലുകള്‍ അയച്ചാല്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും കാലതാമസമുണ്ടായാല്‍ കാരണം സംസ്ഥാനത്തെ അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ സമയപരിധി പാലിക്കപ്പെട്ടില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും 415 പേജുള്ള വിധിന്യായത്തില്‍ ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ വ്യക്തമാക്കി. ഓര്‍ഡിനന്‍സുകളില്‍ രാഷ്ട്രപതി മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണം ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്. വിധിപ്പകര്‍പ്പ് എല്ലാ ഗവര്‍ണര്‍മാരുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും ഹൈക്കോടതികള്‍ക്കും അയക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
സുപ്രീംകോടതി വിധിക്ക് പിന്നാലെ 10 ബില്ലുകളും തമിഴ്‌നാട് സര്‍ക്കാര്‍ നിയമമാക്കുകയും ചെയ്തിരുന്നു. ഗവര്‍ണറുടെയോ, രാഷ്ട്രപതിയുടെയോ അംഗീകാരമില്ലാതെ ഇതാദ്യമായാണ് ബില്ലുകള്‍ നിയമമായത്. അതേസമയം, സുപ്രീം കോടതി നടപടി ഭരണഘടനാപരമല്ലെന്ന വാദവുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ക്കലേക്കര്‍ രംഗത്തെത്തിയിരുന്നു. കോടതിക്ക് ഭരണഘടനാഭേദഗതി വരുത്താനാവില്ലെന്നും പാര്‍ലമെന്റും നിയമസഭകളും പിന്നെ എന്തിനാണെന്നും രാജേന്ദ്ര അര്‍ലേക്കര്‍ ചോദ്യമുയര്‍ത്തിയിരുന്നു. സംസ്ഥാനങ്ങള്‍ക്കുമേല്‍ ഗവര്‍ണര്‍മാരുടെ പിടി അയഞ്ഞതോടെയാണു റിവ്യൂ പെറ്റീഷന്‍ നല്‍കുന്നതെന്നും സൂചനയുണ്ട്.