കുതിച്ചുകുതിച്ച് സ്വര്‍ണവില; പവന് 70,000 കടന്നു; പണിക്കൂലിയും നികുതിയും അടക്കം 75,000 കടക്കും; പത്തു ശതമാനം പണിക്കൂലി വാങ്ങിയാല്‍ വില ഇനിയും ഉയരും; 18 കാരറ്റിനും വെള്ളിക്കും പ്രിയമേറുന്നു; ഡോളര്‍ വിലയിലും ഇടിവ്

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും (Kerala gold price) പുതുചരിത്രമെഴുതി സ്വർണം (gold rate). പവന് 70,000 രൂപയെന്ന നാഴികക്കല്ല് ഇന്ന് ആദ്യമായി മറികടന്നു. 200 രൂപ വർധിച്ച് 70,160 രൂപയിലാണ് ഇന്നു വ്യാപാരം. ഗ്രാമിന് 25 രൂപ ഉയർന്ന് വില 8,770 രൂപയുമായി. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 8,745 രൂപയും പവന് 69,960 രൂപയുമെന്ന റെക്കോർഡ് ഇനി പഴങ്കഥ.
ഈ വർഷം ഇതിനകം പവന് 13,280 രൂപ കൂടി; ഗ്രാമിന് 1,660 രൂപയും. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം പവന് 4,360 രൂപയും ഗ്രാമിന് 545 രൂപയും ഉയർന്നു. പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ചാർജും കൂടിച്ചേരുമ്പോൾ വിലവർധനയുടെ ഭാരം ഇതിലുമേറെ.

22 കാരറ്റ് സ്വർണത്തിനൊപ്പം 18 കാരറ്റ്, വെള്ളി വിലകളും മുന്നേറുകയാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (ഡോ.ബി. ഗോവിന്ദൻ വിഭാഗം) കണക്കുപ്രകാരം ഇന്നു 18 കാരറ്റിന് വില ഗ്രാമിന് 15 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 7,260 രൂപയായി. 22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ 18 കാരറ്റിന് മികച്ച വിലക്കുറവുണ്ടെന്നത് ഇവയുടെ സ്വീകാര്യത വർധിപ്പിക്കുന്നുണ്ട്.
3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് (HUID) ഫീസ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേരുമ്പോൾ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 75,932 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിനു 9,492 രൂപയും. പൊതുവേ പല വ്യാപാരികളും ശരാശരി 10% പണിക്കൂലിയാണ് ഈടാക്കുന്നതെന്ന് ഓർക്കണം. അങ്ങനെയെങ്കിൽ വില ഇതിലും കൂടുതലായിരിക്കും. ഇനി ഡിസൈനർ ആഭരണങ്ങൾ ആണെങ്കിൽ പണിക്കൂലി 30-35 ശതമാനം വരെയൊക്കെയാകാം.