Breaking NewsMovie

രംഗണ്ണനും അമ്പാനും ഇപ്പോഴും എവർഗ്രീൻ, എടാ മോനെ..!!” ‘ആവേശ’ത്തിൻറെ ഒന്നാം വാർഷികം

ഒരു വർഷം പിന്നിടുമ്പോഴും ആവേശത്തിൻറെ അലയൊലികൾ അവസാനിക്കുന്നില്ല. നമുക്കിടയിൽ വെള്ളയും വെള്ളയും അണിഞ്ഞ് സ്വ‍ർണ്ണത്തിൽ കുളിച്ച് രംഗണ്ണനും അണ്ണൻറെ സ്വന്തം അമ്പാനും ഇപ്പോഴുമുണ്ട്. ഇല്ലുമിനാട്ടി കേൾക്കാത്ത ഒരു ദിവസം പോലുമുണ്ടാകില്ല. റിംഗ്ടോണായോ കോളർ ട്യൂണായോ ബസിലോ കവലയിലോ ടെലിവിഷനിലോ ഒക്കെ ഇല്ലുമിനാട്ടിയും ജാഡയും കാറ്റിലൂടെ കാതിലേക്ക് എത്തുന്നു.

ഒരു വർഷം പിന്നിടുമ്പോഴും ആവേശം നിറച്ച ചിൽ മൂഡ് ഇപ്പോഴും എവർഗ്രീനായുണ്ട്. ബെംഗളൂരിൽ പഠനത്തിനായി എത്തിയ കുറച്ചു വിദ്യാർഥികൾ രംഗ എന്ന ഗ്യാങ്സ്റ്ററെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന കിടിലൻ സംഭവങ്ങളുമായെത്തിയ ചിത്രം ഒരേസമയം കോമഡിയും ആക്ഷനും ഇട കലർത്തി അവതരിപ്പിച്ചിരിക്കുന്നു എന്നതുകൊണ്ടുതന്നെ പ്രായഭേദമെന്യേ ഏവരും ഇരുകൈയ്യും നീട്ടി ഏറ്റെടുത്തിരുന്നു.

Signature-ad

Re-introducing FaFa എന്ന ടാഗ് ലൈനിൽ ഫഹദ് ഫാസിലിൻറെ അഴിഞ്ഞാട്ടം തന്നെയായിരുന്നു ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിലേത്. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ ഒരേ എനർജിയിൽ അസാധ്യ അഭിനയം. ഒപ്പം എന്തിനും തയ്യാറായി അമ്പാനും പിള്ളേരും. ഫഹദ് ഫാസിലിനൊപ്പം സജിൻ ഗോപു, ഹിപ്സ്റ്റർ, മിഥുൻ ജയ്ശങ്കർ, റോഷൻ ഷാനവാസ് എന്നിവരും ചിത്രത്തിൽ ഞെട്ടിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചു. അതോടൊപ്പം സുഷിൻ ശ്യാമിൻറെ സീൻ മാറ്റിയ പാട്ടുകളും പശ്ചാത്തല സംഗീതവും. തീർത്തും ഒരു റോളർ കോസ്റ്റർ റൈഡ് ലൂപ്പിൽ കയറ്റി വിട്ട ചിത്രത്തിൻറെ അലയൊലികൾ ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്.

രോമാഞ്ചം എന്ന ആദ്യ സിനിമയിലൂടെ തന്നെ വരവറിയിച്ച ജിത്തു മാധവൻ രണ്ടാം ചിത്രത്തിലും തൻറെ അസാധ്യ ക്രാഫ്റ്റ് വെളിവാക്കിയ ചിത്രം. സമീർ താഹിറിൻറെ ഛായാഗ്രഹണ മികവും വിവേക് ഹർഷൻറെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടൽ മൂഡിനോട് ചേർന്നു നിൽക്കുന്നതായിരുന്നു. അൻവർ റഷീദ് എൻറർടെയ്ൻമെൻറ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിൽ നസ്രിയ നസീം, അൻവർ റഷീദ്, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. 30 കോടി മുടക്കി എടുത്തൊരു പടം. ഗ്ലോബൽ ഗ്രോസ് കളക്ഷൻ 150 കോടിയിലേറെയാണ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: