സിഎംആര്‍എല്‍- എക്‌സാലോജിക് കരാര്‍: കള്ളപ്പണ ഇടപാടില്‍ കുറ്റം കണ്ടെത്താനാകാതെ ഒരുവര്‍ഷം മുമ്പ് അന്വേഷണം നിലച്ചു; ഇഡിക്ക് ഇപ്പോള്‍ പിടിവള്ളി 447-ാം വകുപ്പ്: രണ്ടു കമ്പനി ഉടമകള്‍ക്കും നഷ്ടമില്ലെങ്കില്‍ എങ്ങനെ നിലനില്‍ക്കും? കേസ് ‘തെരഞ്ഞെടുപ്പ് സ്റ്റണ്ട്’ എന്നു സംശയിച്ച് നിയമവൃത്തങ്ങള്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ ഇഡി തുടര്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനിടെ നിയമവൃത്തങ്ങള്‍ക്കിടയില്‍ സംശയങ്ങളും വര്‍ധിക്കുന്നു. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി എറണാകുളത്തെ പ്രത്യേക കോടതിയില്‍ തിടുക്കത്തില്‍ അപേക്ഷ നല്‍കിയതോടെയാണ് നിയമാനുസൃതം നടന്ന ഇടപാടില്‍ ഇഡി എന്തു നടപടികള്‍ സ്വീകരിക്കുമെന്ന കൗതുകവും വര്‍ധിക്കുന്നത്. കുറ്റപത്രം പരിശോധിച്ചശേഷം വീണ വിജയനെയടക്കം ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കമെന്നാണു വിവരം.
എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുമ്പോഴാണ് ഇഡിയുടെ നീക്കം. കുറ്റപത്രം സ്വീകരിച്ചശേഷം തുടര്‍ നടപടികള്‍ ആരംഭിക്കുമെന്നാണു വിവരം. സമയം കളയാതെ ഇതിന്റെ പകര്‍പ്പ് കൈക്കലാക്കുന്നതിനുവേണ്ടിയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എം.ജെ. സന്തോഷ് അപേക്ഷ നല്‍കിയത്. എസ്എഫ്‌ഐഒയുടെ അന്വേഷണത്തില്‍ കമ്പനികാര്യ ചട്ടത്തിലെ 447 വകുപ്പ് പ്രകാരം ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയത്. ഇതിന്റെ ചുവടുപിടിച്ച് ഇഡി എങ്ങനെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമെന്നാണ് ഉറ്റു നോക്കുന്നത്.
കമ്പനികാര്യ ചട്ടമെന്നത് കമ്പനിക്കുള്ളില്‍ മാത്രം നടക്കുന്ന അനധികൃത ഇടപാടാണ്. ഒരു കമ്പനിയുടെയോ ഏതെങ്കിലും സ്ഥാപനത്തിന്റെയോ കോര്‍പറേറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ടു ‘വഞ്ചന’ എന്നു പറയുന്നത് ഏതെങ്കിലും വ്യക്തിയോ മറ്റേതെങ്കിലും വ്യക്തിയുടെ ഒത്താശയോടെ വഞ്ചിക്കുക, അനാവശ്യ നേട്ടം നേടുക, അല്ലെങ്കില്‍ കമ്പനിയുടെയോ അതിന്റെ ഓഹരി ഉടമകളുടെയോ കടക്കാരുടെയോ മറ്റേതെങ്കിലും വ്യക്തിയുടെയോ താത്പര്യങ്ങള്‍ക്കു ദോഷം വരുത്തുക എന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യമായിരിക്കണം. വകുപ്പിലെ ‘റോങ്ഫുള്‍ ഗെയ്ന്‍’, റോങ്ഫുള്‍ ലോസ് എന്നിവയാണ് ഇതില്‍ പരിശോധിക്കുക. ‘റോങ്ഫുള്‍ ഗെയ്ന്‍’ അല്ലെങ്കില്‍ തെറ്റായ വഴിയിലൂടെയുള്ള നേട്ടമെന്നു പറഞ്ഞാല്‍ കമ്പനിയിലെ ഒരു വ്യക്തിക്ക് തെറ്റായ മാര്‍ഗത്തിലൂടെ നേട്ടമുണ്ടാകണം. തെറ്റായവഴിയിലൂടെയുള്ള നഷ്ടമെന്നു പറഞ്ഞാല്‍ തെറ്റായ മാര്‍ഗത്തിലൂടെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലുള്ള ആര്‍ക്കെങ്കിലും ന്ഷ്ടമുണ്ടാകണം.

സിഎംആര്‍എല്‍ ഡയറക്ടര്‍മാരോ എക്‌സാലോജിക് ഡയറക്ടര്‍മാരോ ഇത്തരമൊരു ആരോപണമോ പരാതിയോ ഇതുവരെ നല്‍കിയിട്ടില്ല. ഒരു സ്വകാര്യ കമ്പനിയും മറ്റൊരു സ്വകാര്യ കമ്പനിയും തമ്മില്‍ ഏര്‍പ്പെടുന്ന കരാറില്‍ കമ്പനി ഡയറക്ടര്‍ബോര്‍ഡില്‍ ആര്‍ക്കും പരാതിയില്ലെന്നിരിക്കേ എന്തു കേസാണു ചുമത്താന്‍ കഴിയുകയെന്നതാണു കൗതുകം. ഇതില്‍ കള്ളപ്പണ ഇടപാട് അന്വേഷിക്കണമെങ്കില്‍ അതിനുള്ള പഴുതുകളുമില്ല. ജിഎസ് ടി, ഇന്‍കംടാക്‌സ് എന്നിവ ഇരു കമ്പനികളും അടച്ചിട്ടുണ്ട്. അതിനാല്‍ രാജ്യത്തിന്റെ നികുതി വ്യവസ്ഥയെ കബളിപ്പിച്ചു എന്ന പരാതിയും നിലനില്‍ക്കില്ല.
ഒരു കമ്പനിക്ക് മറ്റൊരു കമ്പനി എന്തു സേവനമാണു നല്‍കിയതെന്നു തീരുമാനിക്കേണ്ടത് അതാതു കമ്പനിയാണ്. ബൗദ്ധിക ഉപദേശമടക്കം നല്‍കുന്ന ഘട്ടത്തില്‍ പ്രത്യക്ഷമായ സേവനങ്ങള്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്. നിയമോപദേശമടക്കമുള്ള കാര്യങ്ങള്‍ ഈ ഗണത്തില്‍ വരും. ഇക്കാര്യങ്ങള്‍ നിലനില്‍ക്കേ ഇഡിയുടെ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന സംശയവും വര്‍ധിക്കുന്നുണ്ട്. വീണയ്ക്കു പണം നല്‍കിയതിലൂടെ സിഎംആര്‍എല്ലിന് അനധികൃത നേട്ടമുണ്ടായെന്നും വിജിലന്‍സ് അന്വേഷിക്കണമെന്നുമുള്ള ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനധികൃതമായി ഒന്നും നല്‍കിയിട്ടില്ലെന്നും രാജ്യാന്തര വിപണി വിലയ്ക്കാണ് സിഎംആര്‍എല്ലിനു നല്‍കുന്നതെന്നും കണ്ടെത്തിയിരുന്നു.
സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ ഒരുവര്‍ഷം മുന്‍പ് ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ കുറ്റകൃത്യം സംബന്ധിച്ച് കേസില്ലാത്തതിനാല്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനായില്ല. എസ്എഫ്‌ഐഒ അന്വേഷണത്തില്‍ വഞ്ചനാകുറ്റം കണ്ടെത്തിയതോടെ പ്രതിസന്ധിയൊഴിഞ്ഞു. ഇതോടെ മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയോ പുതിയ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തോ അന്വേഷണം ഊര്‍ജിതമാക്കാനാണ് ഇഡി നീക്കം. കുറ്റപത്രം പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
അധികം താമസിയാതെ വീണ വിജയനും ഇഡിയുടെ ചോദ്യമുനയിലെത്തും. ഇതോടൊപ്പം എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ കോടതിയുടെ തുടര്‍ നടപടികളുമുണ്ടാകും. കുറ്റപത്രം നമ്പറിട്ട ശേഷം പ്രതിപട്ടികയിലുള്ളവര്‍ക്ക് നോട്ടിസ് അയക്കുന്നതാണ് ആദ്യ നടപടി. അവരുടെ വാദങ്ങള്‍ കേട്ട ശേഷമായിരിക്കും പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കുക. എസ്എഫ്‌ഐഒ നടപടികളെ ഡല്‍ഹി ഹൈക്കോടതിയും തടയാത്ത സാഹചര്യത്തില്‍ വീണ വിജയന് തുടര്‍ന്നുള്ള ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്.