Breaking NewsIndiaLead NewsLIFENEWSNewsthen SpecialSocial MediaTRENDINGWorld

പാമ്പന്‍ തുറക്കുന്ന സ്വപ്‌നം! വരുമോ ഇന്ത്യയില്‍നിന്ന് കൊളംബോയിലേക്ക് നേരിട്ടൊരു ട്രെയിന്‍? ധനുഷ്‌കോടി- തലൈമന്നാര്‍ 25 കിലോമീറ്റര്‍ റെയില്‍വേ പാലത്തിനു പദ്ധതി അണിയറയില്‍; കടലിനു മുകളിലെ ‘രാമസേതു’ തമിഴ്‌നാട് പിടിക്കാനുള്ള ബിജെപിയുടെ ടിക്കറ്റ്! വ്യാപാരവും ടൂറിസവും ഉഷാറാകും; ചര്‍ച്ചകള്‍ ഇങ്ങനെ

ചെന്നൈ: ഇന്ത്യയില്‍നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് നേരിട്ടു ട്രെയ്‌നിലോ കാറിലോ പോകണമെങ്കില്‍ കേവലം 25 കിലോമീറ്റര്‍ ദൂരമുള്ള പാലം മതി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഉദ്ഘാടനം ചെയ്ത പാമ്പന്‍ പാലത്തിലൂടെ ഇന്ത്യയില്‍നിന്നു കൊളംബോയിലേക്കുള്ള യാത്രയുടെ നിര്‍ണായകമായ ഭാഗമായാണു വിലയിരുത്തുന്നത്. ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള പദ്ധതി ഓരോ തവണയും കടലില്‍ ‘മുങ്ങു’കയായിരുന്നു. പദ്ധതി നടപ്പായാല്‍ ഇന്ത്യയും കൊളംബോയും തമ്മിലുള്ള നേരിട്ടുള്ള വ്യാപാരത്തിനും ആക്കം കൂട്ടും. ഒപ്പം വിനോദ സഞ്ചാരത്തിന്റെ വലിയൊരു സാധ്യതയുമാണു തുറക്കുക.

Signature-ad

ഇപ്പോള്‍ ചെന്നൈ എന്നറിയപ്പെടുന്ന മദ്രാസിലെ എഗ്‌മോറില്‍നിന്ന് ഇന്തോ-സിലോണ്‍ ട്രെയിനില്‍ കയറി കിഴക്കന്‍ തീരത്തുകൂടി സഞ്ചരിച്ച് പാമ്പന്‍ പാലം കടന്നു രാമേശ്വരത്തിലൂടെ ഇന്ത്യയിലെ ഏറ്റവും അവസാന തുരുത്തായ ധനുഷ്‌കോടിയിലെത്തി, പാക് കടലിടുക്കിലൂടെ ബോട്ടില്‍ സഞ്ചരിച്ച് തലൈമന്നാറിലെത്തി അവിടെനിന്ന് അടുത്ത ട്രെയിന്‍ പിടിച്ചു കൊളംബോയില്‍ എത്തുക! 1964നു മുമ്പ് ഇന്ത്യയില്‍നിന്നും കൊളംബോയിലേക്കു പോയിരുന്നവര്‍ ഏറ്റവും കൂടുതല്‍ സഞ്ചരിച്ച വഴിയാണിത്. തമിഴ്‌നാടിന്റെ തീരങ്ങളെ ചുഴലിക്കാറ്റ് തകര്‍ത്തെറിയുന്നതിനു മുമ്പായിരുന്നു ഇതെല്ലാം.

 

ചുഴലിക്കാറ്റില്‍ 110 വര്‍ഷം പഴക്കമുള്ള പാമ്പന്‍ റെയില്‍ പാലത്തെയും തകര്‍ത്തു. ഇന്ത്യയും പാമ്പന്‍ ദ്വീപും തമ്മിലുള്ള ബന്ധവും ഇതോടെ ബുദ്ധിമുട്ടിലായി. രാമേശ്വരത്തെയും ധനുഷ്‌കോടിയെയും ബന്ധിപ്പിക്കുന്ന 150 കിലോമീറ്റര്‍ റെയില്‍വേ ലൈനും സൈക്ലോണില്‍ തകര്‍ന്നു. ധനുഷ്‌കോടിയില്‍നിന്ന് 24 കിലോമീറ്റര്‍ പോയാല്‍ ശ്രീലങ്കയുടെ തലൈ മന്നാറില്‍ എത്താം. 1964നുശേഷം ട്രെയിനുകള്‍ രാമേശ്വരത്ത് എത്തിനിന്നു. ധനുഷ്‌കോടിയും അവിടെനിന്നുള്ള തലൈമന്നാര്‍ യാത്രയും സ്വപ്‌നമായി.

 

പുതിയ പാമ്പന്‍ റെയില്‍പാലത്തിന്റെ ഉദ്ഘാടനത്തോടെ ഈ സ്വപ്‌നത്തിനും മെല്ലെ ചിറകുവയ്ക്കുകയാണ്. രാമസേതു നിര്‍മിച്ച് സീതയെ രക്ഷിക്കാന്‍ പോയ രാമന്റെ കഥയ്ക്ക് രണ്ടു രാജ്യങ്ങളിലും വേരോട്ടമുണ്ട്. ഇന്ത്യയിലെ, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ രാഷ്ട്രീയം പോലും നിര്‍ണയിക്കുന്നത് ഇപ്പോള്‍ രാമനാണ്. ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് 2026ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യ-കൊളംബോ പാതയെന്ന സ്വപ്‌നം പൊടിതട്ടിയെടുക്കുമെന്നാണു വിവരം. ആദംസ് ബ്രിഡ്ജ് എന്നും രാമസേതുവെന്നുമൊക്കെ അറിയപ്പെടുന്ന ഭാഗത്തിനു സമാന്തരമായി മറ്റൊരു പാലമോ, ടണലോ നിര്‍മിക്കുകയാണു പദ്ധതി. 1964ലെ സൈക്ലോണിനുശേഷം തകര്‍ന്ന പാമ്പന്‍പാലവും മറ്റു നിര്‍മിതികളും പുനസ്ഥാപിക്കുക മാത്രമായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. രാജ്യാന്തര ബന്ധമുണ്ടാക്കാനുള്ള നീക്കം പിന്നണിയിലേക്കു പോയി.

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ബന്ധിപ്പിക്കുകയെന്നതു ബ്രിട്ടീഷ് ഭരണകാലത്തിട്ട വിത്താണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പദ്ധതികള്‍ അനുസരിച്ചു റെയില്‍വേ ലൈനിലൂടെ ബന്ധിപ്പക്കാനുള്ള ശ്രമം തുടങ്ങി. കൊളോണിയല്‍ ഭരണത്തില്‍ ചരക്കുനീക്കം എളുപ്പമാക്കുകയായിരുന്നു ലക്ഷ്യം. ഈ സമയത്താണ് ബ്രിട്ടീഷ് ഇന്ത്യയിലും ബ്രീട്ടീഷ് സിലോണിലും റെയില്‍വേ ലൈനുകള്‍ സ്ഥാപിച്ചുതുടങ്ങിയത്. 1914ല്‍ സൗത്ത് ഇന്ത്യന്‍ റെയില്‍വേ കമ്പനി അസാധ്യമെന്നു കരുതിയ പാമ്പന്‍ പാലം പൂര്‍ത്തിയാക്കി. ധനുഷ്‌കോടിയിലേക്കുള്ള മീറ്റര്‍ഗേജ് പാതയായിരുന്നു അത്. ഇതിനുശേഷം ചെന്നൈ-കൊളംബോ ബന്ധിപ്പിക്കലായിരുന്നു ചര്‍ച്ച.

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച പദ്ധതി സമര്‍പ്പിച്ചെങ്കിലും ചെലവു ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു. അതിനുശേഷം ഒന്നാം ലോകമഹായുദ്ധവും എത്തി. ഇതോടെ ട്രെയിനും ഫെറിയുമായി ആളുകളും ചരക്കു കടത്തലും മാറി. ഇന്തോ-സിലോണ്‍ ബോട്ട് മെയില്‍ സര്‍വീസ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടുന്നതാണ്. ഇതിലൂടെ മദ്രാസില്‍നിന്നു ധനുഷ്‌കോടിയിലേക്കും അവിടെനിന്ന് ബോട്ടില്‍ തലൈമന്നാറിലേക്കും ആളുകള്‍ ഇടതടവില്ലാതെ സഞ്ചരിച്ചു.

1964ലെ സൈക്ലോണില്‍ ധനുഷ്‌കോടിയിലെ റെയില്‍വേ സംവിധാനം തച്ചുതകര്‍ന്നു. പാമ്പന്‍ പാലത്തിനും കേടുപറ്റി. ഇതും തുടര്‍ന്നുള്ള വികസനത്തിനുള്ള പദ്ധതികളെ ബാധിച്ചു. പിന്നാലെ ശ്രീലങ്കയിലെ തമിഴ്പുലികളുമായുള്ള ആഭ്യന്തര യുദ്ധവും പദ്ധതിയെ ‘കോള്‍ഡ് സ്‌റ്റോറേജി’ലാക്കി. അപ്പോഴും 25 കിലോമീറ്റര്‍ ദൂരം കടക്കുകയെന്ന സ്വപ്‌നം ഇടയ്ക്കിടെ തലപൊക്കി. റെയില്‍വേ പാലത്തിനും ടണലിനുമുള്ള സാധ്യതാ പഠനവും നടന്നു. പുതിയ പാമ്പന്‍ പാലത്തിന്റെ വരവോടെ ഈ സ്വപ്‌നം വീണ്ടും തലപൊക്കുകയാണ്.

ഇതിനുമുമ്പ് 2002 ല്‍ ആണ് കൊളംബോയില്‍നിന്ന് റോഡ്-കം-റെയില്‍ പാലം നിര്‍മിക്കാനുള്ള പദ്ധതി ഉയര്‍ന്നത്. ഇതിനുള്ള കരാര്‍വരെയെത്തിയെങ്കിലും സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പദ്ധതി തള്ളി. ജയലളിതയുടെ എഐഎഡിഎംകെ പാര്‍ട്ടിയില്‍നിന്ന് അടക്കം ഈ തീരുമാനത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഡിഎംകെ ഭരണം അവസാനിപ്പിക്കാനുള്ള മാര്‍ഗമായിട്ടും മോദി സര്‍ക്കാര്‍ ഇതിനെ കാണുന്നു. 2026ലെ തെരഞ്ഞെടുപ്പില്‍ ബിജെപി-എഐഎഡിഎംകെ സഖ്യമുണ്ടാകുമെന്നാണു കരുതുന്നത്.

തമിഴ്പുലികളുടെ ‘തോക്ക്’ സംസ്‌കാരവും ആത്മഹത്യാ സ്‌ക്വാഡുകളും തമിഴ്‌നാടിന്റെ സ്വസ്ഥത നശിപ്പിക്കുമെന്നായിരുന്നു ജയലളിതയുടെ പേടി. തമിഴ്പുലികളെ രക്തരൂക്ഷിത സൈനിക നീക്കത്തിലൂടെയാണു ശ്രീലങ്കന്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയത്. 2011ല്‍ സാര്‍ക്ക് അംഗങ്ങള്‍ ചേര്‍ന്നു കാഠ്മണ്ഡുവിലെ യോഗത്തിലും ഇത്തരമൊരു പദ്ധതിക്കു വഴിമരുന്നിട്ടു. ഇന്ത്യയില്‍നിന്ന് റെയില്‍വേ ലൈന്‍ ഇല്ലാത്ത ഒരേയൊരു രാജ്യം ശ്രീലങ്കയാണ്. ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കും പാക്‌സഥാനിലേക്കുംവരെ ഇന്ത്യക്കു റെയില്‍വേ ലൈനുകളുണ്ട്. ഇന്ത്യ-ഭൂട്ടാന്‍ റെയില്‍വേ ലൈനും ഫയലിലുണ്ട്.

2015ല്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇത്തരമൊരു പദ്ധതിയുമായി വീണ്ടുമെത്തിയെങ്കിലും ശ്രീലങ്കന്‍ ഗതാഗതമന്ത്രി ലക്ഷ്മണ്‍ കിരിയേല ഇതു തള്ളി. പിന്നീടു 2023ലും 2024ലും ഇത്തരം ഒരു ആലോചന ഉയര്‍ന്നു. 2024ല്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗതന്നെ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നു വെളിപ്പെടുത്തിയിരുന്നു. 2024 ഒക്‌ടോബറില്‍വരെ ഇതു സംബന്ധിച്ച വാര്‍ത്തകളുണ്ടായി. എന്നാല്‍, ശ്രീലങ്കതന്നെ ഇതു തള്ളി.

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ നിലനില്‍ക്കുന്ന രാജ്യമാണ്. അതിനാല്‍ സാമ്പത്തിക സാധ്യതകളും ഈ പദ്ധതിയെ സംബന്ധിച്ചിടത്തു വലുതാണ്. ഇപ്പോള്‍ ദ്വീപിലേക്കുള്ള ബന്ധം ഇന്ത്യ പുനസ്ഥാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശ്രീലങ്ക സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ സഹായത്താല്‍ ആരംഭിക്കുന്ന രണ്ട് റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും പ്രസിഡന്റ് ദിസനായകെയുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചിരുന്നു. ഇതും ഇന്ത്യ-കൊളംബോ റെയില്‍ സര്‍വീസിന് ആക്കംകൂട്ടുമെന്നാണു വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: