കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വര്‍ണക്കടത്തും ലൈഫ് പദ്ധതിയും; ഇക്കുറി കരിമണലും കരുവന്നൂരും; എ.സി. മൊയ്തീന്‍ അടക്കം പ്രതികളാകും; അജന്‍ഡ നിശ്ചയിച്ച് കേന്ദ്ര ഏജന്‍സികള്‍; ഇക്കുറി ഇടതു മാത്രമല്ല പ്രതിപക്ഷവും വിയര്‍ക്കും; സിഎംആര്‍എല്‍ ഡയറിയില്‍ പറയുന്ന പണം ഇടപാടുകളിലേക്ക് അന്വേഷണം

കൊച്ചി: തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ വീണ്ടും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു ഭരണപക്ഷത്തെ കുരുക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി കേന്ദ്രം. സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ വീണാ വിജയനെക്കൂടി അന്വേഷണത്തിലേക്കു കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കിടെ, തൃശൂരിലെ മുതിര്‍ന്ന സിപിഎം നേതാക്കളെ കരുവന്നൂര്‍ കേസില്‍ പ്രതിചേര്‍ക്കാന്‍ ഇഡി കേന്ദ്ര ആസ്ഥാനത്തുനിന്ന് അനുമതി ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് സ്വര്‍ണക്കടത്ത്, ലൈഫ് പദ്ധതികളിലെ അന്വേഷണത്തിലൂടെയാണു ഇഡിയുടെ ഇടപെടലുകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ഇതിനൊപ്പം കസ്റ്റംസ് വിഭാഗവും അന്വേഷണം നടത്തി. ഇഡിയും കസ്റ്റംസും കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടുകളിലെ വൈരുദ്ധ്യവും ചര്‍ച്ചയായി. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കേസുകളും ആവിയായി.
ഇപ്പോള്‍ കരിമണല്‍ കടത്ത്, കരുവന്നൂര്‍ കേസുകളില്‍ നടപടിയെടുക്കുന്നെന്ന വ്യാജേനയാണു വീണ്ടും കളം നിറയുന്നത്. ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന ആരോപണവും ശക്തമാണ്. കഴിഞ്ഞ ദിവസം മുന്‍ തൃശൂര്‍ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപ്പട്ടികയിലും ഉള്‍പ്പെടുത്തുന്നത്. ഇഡി ചോദ്യം ചെയ്ത മുതിര്‍ന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ എ.സി. മൊയ്തീന്‍ എംഎല്‍എ, സിപിഎം തൃശൂര്‍ മുന്‍ ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ് എന്നിവരെ പ്രതിചേര്‍ക്കുമെന്നാണു വിവരം. ഇതുസംബന്ധിച്ച അനുമതി ഇഡിക്കു ലഭിച്ചെന്നും സൂചന.

ഇരുപതു പ്രതികളടങ്ങുന്ന രണ്ടാംഘട്ട പ്രതിപ്പട്ടികയക്ക് ഇഡി ആസ്ഥാനത്തുനിന്ന് അനുമതി നല്‍കിയിട്ടുണ്ടെന്നും ഇതില്‍ മുതിര്‍ന്ന നേതാക്കളുടെ പേരുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. മൂന്നാംഘട്ട പ്രതിപ്പട്ടികയ്ക്കുകൂടി അംഗീകാരം ലഭിച്ചശേഷം കുറ്റപത്രം സമര്‍പ്പിക്കും. ആകെ എണ്‍പതോളം പ്രതികളുണ്ടാകും. ക്രമക്കേടിലൂടെ വായ്പ തരപ്പെടുത്തിയവരും കേസില്‍ പ്രതിയാകുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം സിപിഎം മുന്‍ തൃശൂര്‍ ജില്ല സെക്രട്ടറിയും ആലത്തൂര്‍ എംപിയുമായ കെ. രാധാകൃഷ്ണന്റെ മൊഴിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇഡിയുടെ പുതിയ നീക്കം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഉന്നമിടുന്ന 12 സീറ്റുകളില്‍ ഒന്നാണു തൃശൂര്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സുരേഷ് ഗോപിയുടെ വിജയത്തോടെ ഈ നീക്കങ്ങള്‍ക്ക്് ആക്കംകൂട്ടി. മുനമ്പം വിഷയത്തിലൂടെ തൃശൂരില്‍ സഭയുടെ പിന്തുണയും ലഭിച്ചിട്ടുണ്ടെന്നാണു കണക്കുകൂട്ടല്‍. ഈ സാഹചര്യത്തിലാണ് സിഎംആര്‍എല്‍ പണം കൊടുത്തെന്നു പറയുന്ന പ്രതിപക്ഷ നേതാക്കളിലേക്കും അന്വേഷണം എത്തുന്നത്.
കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് പലരും നല്‍കിയ മൊഴികളില്‍ വ്യക്തത വരുത്താനാണ് ഇ ഡി തന്നെ വിളിപ്പച്ചതെന്ന് സിപിഎം എംപി കെ രാധാകൃഷ്ണന്‍ പറഞ്ഞു. കൊച്ചിയില്‍ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. ആധാറും പാന്‍ കാര്‍ഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമടക്കം രേഖകളെല്ലാം താന്‍ നേരത്തെ കൈമാറിയതാണ്.
പോലീസ് മുറയിലുള്ള ചോദ്യം ചെയ്യലല്ല നടക്കുന്നത്. താന്‍ സെക്രട്ടറി ചുമതല വഹിച്ച രണ്ടര വര്‍ഷക്കാലത്തോ അതിന് മുന്‍പോ ശേഷമോ സിപിഎം ജില്ലാ കമ്മിറ്റിക്ക് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപമൊന്നും ഉണ്ടായിട്ടില്ല. താന്‍ ബാങ്കുമായി ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ ബന്ധപ്പെട്ടിട്ടില്ല. കേസില്‍ പ്രതിയാണെന്ന രീതിയില്‍ തനിക്കെതിരെ നടക്കുന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.