ഇരയുടെ ആരോപണം സത്യമായാല്‍ പോലും ഇതവള്‍ ക്ഷണിച്ചുവരുത്തിയത്! ഉത്തരവാദിയും അവള്‍തന്നെ: വീണ്ടും വിവാദ വിധിയുമായി ഉത്തര്‍പ്രദേശിലെ അലഹബാദ് ഹൈക്കോടതി; ബലാത്സംഗ കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസില്‍ അതിജീവിതക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി അലഹബാദ് ഹൈക്കോടതി. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് അതിക്രമത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് വിലയിരുത്തിയ കോടതി ഉഭയസമ്മതി പ്രകാരമുള്ള ലൈഗിക ബന്ധമാണെന്ന പ്രതിയുടെ വാദം ശെരിവെച്ച് അയാള്‍ക്ക് ജാമ്യവും അനുവദിച്ചു.
ഇരയുടെ ആരോപണം സത്യമാണെന്ന് അംഗീകരിച്ചാല്‍പോലും ഇത്തരമൊരു സംഭവം അവള്‍ ക്ഷണിച്ചുവരുത്തിയതാണെന്നും അതിനാല്‍ അവള്‍ തന്നെയാണ് ഉത്തരവാദിയെന്നാണ് കോടതിയുടെ അഭിപ്രായമെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിങ് പറഞ്ഞു.

2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നോയിഡയിലെ ഒരു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി അവളുടെ മൂന്ന് വനിതാ സുഹൃത്തുക്കള്‍ക്കൊപ്പം ദല്‍ഹിയിലെ ഒരു റെസ്റ്റോറന്റില്‍ പോയി മദ്യപിച്ചു.
അവിടെ വെച്ച് പ്രതി ഉള്‍പ്പെടെ ചില പുരുഷന്മാരെ അവര്‍ പരിചയപ്പെട്ടിരുന്നു. തുടര്‍ന്ന് മദ്യപിച്ചതിനെത്തുടര്‍ന്ന് യുവതിക്ക് തിരികെ യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ പ്രതി യുവതിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് നിര്‍ബന്ധിച്ചു.
യാത്രയ്ക്കിടെ പ്രതി തന്നെ അനുചിതമായി സ്പര്‍ശിച്ചുവെന്നും നോയിഡയിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുപകരം ഗുഡ്ഗാവിലെ ഒരു ബന്ധുവിന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
സ്ത്രീയുടെ പരാതിയില്‍, പ്രതിയെ 2024 ഡിസംബറില്‍ അറസ്റ്റ് ചെയ്തു. എന്നാല്‍ ജാമ്യാപേക്ഷയില്‍ യുവതി സ്വമേധയാ തന്നോടൊപ്പം വന്നതാണെന്നും ബന്ധുവിന്റെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോകുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും സംഭവത്തില്‍ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണുണ്ടായതെന്നും പ്രതി വാദിച്ചു. ഇത് അംഗീകരിച്ച കോടതി അയാള്‍ക്ക് ജാമ്യവും അനുവദിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പൈജാമയുടെ ചരടഴിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന് വിധിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒരു പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുകയോ പൈജാമയുടെ ചരട് പൊട്ടിക്കുകയോ വഴിയിലൂടെ വലിച്ചിഴക്കുകയോ ചെയ്യുന്നത് ബലാത്സംഗമോ ബലാത്സംഗ ശ്രമമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.