എംബാപ്പയെ പരിഹസിച്ചതിന് അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോയോടുള്ള ഫ്രഞ്ച് ആരാധകരുടെ കലിപ്പ് തീരുന്നില്ല; കൂക്കി വിളിച്ചും അസഭ്യം പറഞ്ഞും കാണികള്‍; മനശാസ്ത്രജ്ഞനെ കാണണമെന്ന് പെറ്റിറ്റ്

പാരിസ്: അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനോട് ഫ്രഞ്ച് ആരാധകര്‍ക്കുള്ള കലിപ്പ് തീരുന്നില്ല. ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുമായുളള മത്സരത്തിനെത്തിയ ആസ്റ്റണ്‍ വില്ല ഗോള്‍കീപ്പറെ ഫ്രഞ്ച് കാണികള്‍ കൂവി വിളിച്ചും അസഭ്യ പ്രയോഗങ്ങള്‍ നടത്തിയുമാണ് വരവേറ്റത്.
മത്സരത്തിന് മുന്നോടിയായി എമിലിയാനോയെ രൂക്ഷമായി വിമര്‍ശിച്ച് 1998 ലോകകപ്പ് നേടിയ ടീമിലെ അംഗമായ ഫ്രഞ്ച് ഇതിഹാസം ഇമ്മാനുവല്‍ പെറ്റിറ്റ് രംഗത്തെത്തി. ”ഈ പ്രശ്‌നങ്ങള്‍ അതിരുകടന്നതിന്റെ ഉത്തരവാദി മാര്‍ട്ടിനസാണ്. കഴിഞ്ഞത് കഴിഞ്ഞു. കളിയാക്കുന്നത് ഫുട്‌ബോളിലും ജീവിതത്തിലും നടക്കുന്നത് തന്നെയാണ്. പക്ഷേ അത് അപകീര്‍ത്തിപ്പെടുത്തുന്നതിലേക്കും അനാദരവിലേക്കും നീങ്ങരുത്. അവന്‍ ഒരു മനശാസ്ത്രജ്ഞനെ കണ്ട് ചികിത്സയിലൂടെ കടന്നുപോകണം. അവന്‍ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പഠിക്കേണ്ടതുണ്ട്” -പെറ്റിറ്റ് പ്രതികരിച്ചു.

ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ എമിലിയാനോയെ കൂവി വിളിച്ച പിഎസ്ജി അസഭ്യ പ്രയോഗങ്ങള്‍ നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച രാത്രി നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ ആസ്റ്റണ്‍വില്ലയെ പിഎസ്ജി 3-1ന് തോല്‍പ്പിച്ചിരുന്നു.
2022 ലോകകപ്പ് വിജയത്തിന് പിന്നാലെ എംബാപ്പെയെ പരിഹസിച്ച് കൊണ്ടുള്ള എമിലിയാനോയുടെ ആഘോഷ പ്രകടനം വലിയ വിവാദമായിരുന്നു. കൂടാതെ 2024ല്‍ കോപ്പ അമേരിക്കയില്‍ വിജയിച്ച ശേഷം ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ അര്‍ജന്റീന കളിക്കാര്‍ വംശീയ ചാന്റുകള്‍ ചൊല്ലിയതും ഫ്രാന്‍സ് ചൊടിപ്പിച്ചിരുന്നു. പോയവര്‍ഷം യുവേഫ കോണ്‍ഫറന്‍സ് ലീഗില്‍ ലില്ലെക്കെതിരെ പന്തുതട്ടാന്‍ എത്തിയപ്പോഴും ഫ്രഞ്ച് കാണികള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.