CrimeNEWS

മടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്ധവിശ്വാസ പ്രചാരണം, സിറാജുദ്ദിന്‍ ഭാര്യയെയും ഇരയാക്കി; അക്യൂപഞ്ചര്‍ പഠിച്ചതിനാല്‍ വേദനയില്ലാതെ പ്രസവിക്കാമെന്ന് തെറ്റിധരിപ്പിച്ച് മൂന്ന് പ്രസവങ്ങളും വീട്ടിലാക്കി…

മലപ്പുറം: ചട്ടിപ്പറമ്പില്‍ അഞ്ചാം പ്രസവം വീട്ടില്‍ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ ആകുമ്പോള്‍ തെളിയുന്നത് ഭര്‍ത്താവിന്റെ ഗൂഡാലോചന. അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അസ്മയുടെ ഭര്‍ത്താവ് സിറാജ്ജുദ്ദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിറാജ്ജുദ്ദീന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഫാത്തിക പ്രവര്‍ത്തിച്ചത്. ഇതോടെ യുവതി ചികില്‍സ കിട്ടാതെ മരിച്ചതിന് കാരണം സിറാജ്ജുദ്ദീന്റെ അനാസ്ഥയാണെന്നും വ്യക്തമാകുകയാണ്.

ഭാര്യ അസ്മയെ വീട്ടില്‍ വച്ച് പ്രസവിക്കുന്നതിന് മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് സിറാജ്ജുദ്ദിനെതിരായ കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്. അസ്മയുടെ നേരത്തെയുള്ള നാല് പ്രസവത്തില്‍ രണ്ട് പ്രസവം വീട്ടിലാണ് നടന്നത്. ആശുപത്രിയില്‍ പ്രസവത്തിന് സിറാജ്ജുദ്ദീന്‍ അനുവദിക്കാത്തതിനാലാണ് വീട്ടില്‍ പ്രസവിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. യുവതിയുടെ മരണം അതി ദാരുണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചത്.

Signature-ad

കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് സിറാജുദ്ദിന്‍ ഭാര്യയെയും ഇരയാക്കിയെന്നാണ് ആക്ഷേപം. അക്യൂപഞ്ചര്‍ പഠിച്ചതിനാല്‍ വേദനയില്ലാതെ പ്രസവിക്കാമെന്ന് തെറ്റിധരിപ്പിച്ചായിരുന്നു മൂന്ന് പ്രസവങ്ങളും വീട്ടില്‍ തന്നെ നടത്താന്‍ അസ്മയെ നിര്‍ബന്ധിച്ചത്. വേദന കടിച്ചമര്‍ത്തി രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അസ്മക്ക് മൂന്നാമത്തേത് താങ്ങാന്‍ കഴിയുന്നതിനുമപ്പുറമായി. ഒടുവില്‍ രക്തം വാര്‍ന്ന് മരണവും. പ്രസവശേഷം കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.

കളമശേരി മെഡിക്കല്‍ കോളജിലെ മൂന്ന് മണിക്കൂര്‍ നീണ്ട പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമായിരുന്നു കണ്ടെത്തല്‍. മരിച്ച ശേഷം ആരെയും അറിയിക്കാതെ രാത്രി തന്നെ ആീബുലന്‍സ് വിളിച്ച് മൃതദേഹവുമായി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു. ഇയാള്‍ മടവൂര്‍ കാഫില എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്.: സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. മരണവിവരം രഹസ്യമാക്കി മൃതശരീരം ഭര്‍ത്താവ് സിറാജുദ്ദീന്‍ പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് എടുക്കാതെ വീട്ടുപ്രസവത്തിന് യുവതിയെ നിര്‍ബന്ധിച്ച ഭര്‍ത്താവ് അടക്കമുള്ളവരെ പ്രതി ചേര്‍ത്ത് കേസ് എടുക്കണമെന്നും ജയ്‌സിങ് പരാതിയില്‍ ആവശ്യപ്പെടുന്നു. വീട്ടുപ്രസവത്തിലുണ്ടാകുന്ന അപകടങ്ങള്‍ മുന്‍നിര്‍ത്തി ആരോഗ്യവകുപ്പിലെ ഡോ. കെ. പ്രതിഭയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അസ്മയുടെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീന്‍ പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത് ഭാര്യ വീട്ടുകാരെ അറിയിക്കാതെയാണ്. ആലപ്പുഴയിലുള്ള ഒരു ബന്ധുവില്‍നിന്നാണ് മരണവിവരം അറയ്ക്കപ്പടിയിലെ വീട്ടുകാര്‍ അറിയുന്നത്. വീട്ടുകാര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ സന്നദ്ധരാണെന്ന് ബന്ധുവിനെ ധരിപ്പിക്കുകയായിരുന്നു. ഈ ഉറപ്പിലാണ് ആംബുലന്‍സ് അസ്മയുടെ വീട്ടിലെത്തിച്ചത്. ബാപ്പയുടെ അടുത്തുതന്നെ മറവുചെയ്യണമെന്ന് അസ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് സിറാജുദ്ദീന്‍ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത്. വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ സിറാജുദ്ദീന്റെ പ്രതികരണങ്ങളില്‍ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടായി. അവര്‍ അസ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാത്തത് ചോദ്യംചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റവും കൈയേറ്റവുമുണ്ടായി. ഇരു വിഭാഗത്തെയും അഞ്ചുപേര്‍ക്ക് വീതം പരിക്കേറ്റു. ഇതിനിടെയാണ് വിവാദം പുതിയ തലത്തിലെത്തിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: