
ബേസില്‍ ജോസഫ് നായകനായെത്തുന്ന ‘മരണമാസ് ‘ എന്ന ചിത്രം സൗദി അറേബ്യയില്‍ നിരോധിച്ചു. സിനിമയുടെ കാസ്റ്റില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയും ഉള്‍പ്പെട്ടതിനാലാണ് ചിത്രം നിരോധിച്ചിരിക്കുന്നത്. അതേസമയം കുവൈറ്റില്‍ ട്രാന്‍സ്ജെന്‍ഡര്‍ താരം അഭിനയിച്ച ഭാഗങ്ങള്‍ വെട്ടി മാറ്റി പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു.
‘കുവൈറ്റില്‍ മരണമാസ്സ് കാണുന്ന പ്രേക്ഷകരോട്- കുവൈറ്റിലെ സെന്‍സര്‍ നിയമപ്രകാരം സിനിമയിലെ ഫസ്റ്റ് ഹാഫിലെയും സെക്കന്‍ഡ് ഹാഫിലെയും ചില സീനുകള്‍ കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ട്. എഡിറ്റ് ചെയ്ത സീനുകളിലെ കല്ലുകടികള്‍ പൂര്‍ണമായി സിനിമാ ആസ്വാദനത്തെ ബാധിക്കുകയില്ല എന്ന് കരുതുന്നു. എല്ലാവരും സിനിമ തീയേറ്ററുകളില്‍ തന്നെ കാണുക..’, എന്നാണ് മരണമാസ്സ് ടീം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

അതേസമയം ചിത്രത്തിന് ഇന്ത്യയില്‍ യു/ എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ടൊവിനോ പ്രൊഡക്ഷന്‍ , റാഫേല്‍ ഫിലിം പ്രോഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ശിവപ്രസാദാണ് സംവിധായകന്‍. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ ബേസില്‍ എത്തുന്നത്. നടന്‍ സിജു സണ്ണിയുടെ കഥയ്ത്ത് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.