
കൊച്ചി: സര്‍വീസ് ചാര്‍ജ് ഈടാക്കിയിട്ടും ഫോണ്‍ ശരിയാക്കി നല്‍കുന്നതില്‍ വീഴ്ച വരുത്തിയ മൊബൈല്‍ റിപ്പയറിങ് സ്ഥാപനം ഉപഭോക്താവിന് തകരാര്‍ പരിഹരിച്ച് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. കോടതി ചെലവ് നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു.
പെന്റാ മേനകയില്‍ പ്രവര്‍ത്തിക്കുന്ന സ്പീഡ് സര്‍വീസസ് ആന്‍ഡ് റിപ്പയറിങ് എന്ന സ്ഥാപനത്തിനെതിരെ എറണാകുളം അമ്പലമുകള്‍ സ്വദേശി കുര്യാക്കോസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 2022 ഡിസംബറിലാണ് രണ്ട് ഐഫോണുകള്‍ നന്നാക്കുന്നതിന് പരാതിക്കാരന്‍ സ്ഥാപനത്തെ സമീപിച്ചത്. ആകെ 13,700 രൂപയും നല്‍കി. എന്നാല്‍ ഫോണ്‍ ശരിയാക്കി നല്‍കാനോ തുക തിരികെ നല്‍കാനോ സ്ഥാപനം തയ്യാറായില്ല.

30 ദിവസത്തിനകം ഫോണ്‍ റിപ്പയര്‍ ചെയ്ത് പരാതിക്കാരന് നല്‍കണം. അതിന് കഴിയുന്നില്ലെങ്കില്‍ പരാതിക്കാരനോട് സര്‍വീസ് ചാര്‍ജായി വാങ്ങിയ തുക തിരികെ നല്‍കണം. പരാതിക്കാരന്‍ അനുഭവിച്ച മാനസിക ക്ലേശത്തിന് 5000 രൂപയും കേസ് നടത്തിപ്പിന്റെ ചെലവിലേക്കായി 3000 രൂപയും 45 ദിവസത്തിനകം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അം?ഗങ്ങളുമായ ബെഞ്ചിന്റേതാണ് ഉത്തരവ്.