
ശബരിമല തീർത്ഥാടനം വൃതശുദ്ധിയുടെയും നീണ്ട യാത്രയുടെയും അപൂർവ്വ അനുഭവങ്ങളുടെയും സംയോജനമാണ്.വൃതമെടുത്ത് കെട്ടുമുറുക്കി കല്ലും മുള്ളും താണ്ടി കഠിനയാത്ര ചെയ്ത് അയ്യപ്പനെ ദർശിക്കാൻ എത്തുന്ന ആ കാലം അസ്തമിക്കാൻ പോകുന്നു. ട്രെയിനും വിമാനവും റോപ് വേയുമൊക്കെ ശബരിമലയിൽ എത്താൻ ഇനി അധികകാലം വേ.ണ്ട. ആദ്യ പദ്ധതി റോപ് വേയാണ്. അതിനായി ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ല. റോപ് വേ പദ്ധതിയ്ക്ക് മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന വന്യജീവി ബോർഡിൻ്റെ അനുമതി ഉടൻ ലഭിക്കുമെന്നാണ് റിപ്പോർട്ട്. 2.7 കിലോമീറ്റർ നീളത്തിലാണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ നിർമിക്കുന്നത്. റോപ് വേയ്ക്കായി 80 മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരും. ഇതിൻ്റെ നടപടികൾ വൈകാതെ ആരംഭിക്കും. പമ്പ ഹിൽ ടോപിൽ നിന്ന് സന്നിധാനത്തെ പോലീസ് ബാരകിന് സമീപത്തേക്കാണ് റോപ് വേ നിർമിക്കുക. 60 മീറ്റർ വരെ ഉയരമുള്ള അഞ്ച് തൂണുകളാണ് ഇതിനായി വേണ്ടിവരിക. വനം വകുപ്പിൻ്റെ സ്ഥലത്തുള്ള നിർമാണ പ്രവർത്തനങ്ങൾക്കുള്ള അനുമതിയാണ് പ്രധനമായും ലഭിക്കേണ്ടത്. റോപ് വേയുടെ പമ്പയിലെ ബേസ് സ്റ്റേഷൻ റാന്നി വനം ഡിവിഷൻ പരിധിയിൽ വരുന്ന പമ്പ ഹിൽടോപ് പാർക്കിങ് ഗ്രൗണ്ടിലാണ് നിർമിക്കേണ്ടത്.
റോപ് വേയുടെ തൂണുകളും റോപ്‌വേ അവസാനിക്കുന്ന സന്നിധാനം സ്റ്റേഷൻ വരെയുള്ള ഭാഗവും പെരിയാർ കടുവ സങ്കേതത്തിലാമാണ്. റോപ്‌വേയ്ക്ക് 4.5336 ഹെക്ടർ വനഭൂമിയാണ് ആവശ്യമായി വരുന്നത്. വിട്ടുകിട്ടുന്ന വനഭൂമിക്കു പകരം കുളത്തൂപ്പുഴ കട്ടിളപ്പാറയിൽ റവന്യു ഭൂമിയാണ് നൽകുക. വന്യജീവി ബോർഡിൻ്റെ അനുമതിയ്ക്കായി വനം വകുപ്പ് ആവശ്യപ്പെട്ട രേഖകളെല്ലാം നിർമാണ കമ്പനി കൈമാറിയിട്ടുണ്ട്.

റോപ് വേ കടന്നുപോകുന്ന പ്രദേശത്തെ സൈറ്റ് സ്കെച്ചും മുറിക്കേണ്ട മരങ്ങളുടെ ഗൂഗിൾ സ്കെച്ചും ഉൾപ്പെടെ വനം വകുപ്പ് ആവശ്യപ്പെട്ട രേഖകളാണ് ദേവസ്വം ബോർഡിനുവേണ്ടി നിർമാണ കമ്പനി സ്റ്റെപ് ദാമോദർ റോപ്‌വേ ഇൻഫ്രാസ്ട്രക്ചറൽ കൈമാറിയിരിക്കുന്നത്. പദ്ധതിക്ക് റാന്നി ഡിഎഫ്ഒയുടെയും പെരിയാർ കടുവസങ്കേതം ഡപ്യൂട്ടി ഡയറക്ടറുടെയും അനുകൂല റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞു.
മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന വന്യജീവി ബോർഡിൻ്റ അനുമതിയാണ് ഇനി ലഭിക്കാനുള്ളത്. ബോർഡിൻ്റെ അടുത്ത യോഗത്തിൽ ഈ അപേക്ഷ പരിഗണിക്കും. സംസ്ഥാന അനുമതി ലഭിച്ചു കഴിഞ്ഞാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വനഭൂമി വിട്ടുനൽകുമെന്നാണു ദേവസ്വം ബോർഡ് പ്രതീക്ഷികുന്നത്. എങ്കിൽ വൈകാതെ തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.