CrimeNEWS

പട്ടാപ്പകൽ യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം, മദ്യപിച്ചെത്തി ശല്യപ്പെടുത്തുന്നു എന്ന് പരാതി നൽകിയതാണ് കാരണം; യുവതി അതീവ ഗുരുതരാവസ്ഥയിൽ

    കാസർകോട്: മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതി നൽകിയ കാരണത്താൽ തൊട്ടടുത്ത കടക്കാരൻ യുവതിയുടെ ദേഹത്തു  തിന്നർ ഒഴിച്ച് തീകൊളുത്തി. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തിൽ പലചരക്കുകട നടത്തുന്ന സി.രമിതയെ (32) അതേ കെട്ടിടത്തിൽ കട നടത്തിയിരുന്ന തമിഴ്നാട് സ്വദേശി രാമാമൃതമാണ് (57) ആക്രമിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് 4 മണിയോടെ ആണു സംഭവം. മദ്യപിച്ചെത്തിയ പ്രതി രമിതയുടെ ദേഹത്ത് ഫർണിച്ചർ ജോലിക്ക് ഉപയോഗിക്കുന്ന  തിന്നർ ഒഴിച്ചശേഷം  കരുതിയ പന്തത്തിനു തീകൊളുത്തി എറിയുകയായിരുന്നു. കെട്ടിടത്തിനു തീപിടിച്ചതാണെന്നു കരുതി ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരുമാണു രക്ഷാപ്രവർത്തനം നടത്തിയത്.

Signature-ad

ബേഡകം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. രമിതയെ അതീവഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിക്കൊപ്പമുണ്ടായിരുന്ന 8 വയസ്സുള്ള മകനും മകന്റെ സഹപാഠിയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

കടയ്ക്കു മുന്നിൽ നിർത്തിയിട്ട ബസിൽ കയറി കടക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ ബസ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ പൊലീസിനു കൈമാറി. രമിതയുടെ കടയുടെ തൊട്ടടുത്ത മുറിയിൽ പ്രതി ഫർണിച്ചർ കട നടത്തിയിരുന്നു. മദ്യപിച്ചെത്തി ശല്യംചെയ്യുന്നു എന്ന രമിതയുടെ പരാതിയെത്തുടർന്ന് പൊലീസ് ഇടപെട്ട് രണ്ടാഴ്ച മുൻപ് ഫർണിച്ചർ കട അടപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണത്രേ ആക്രമണം. നേരത്തേ, ഇയാൾ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

Back to top button
error: