
തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങളില്‍ മത്സരം വിലക്കി സിപിഐ. ഔദ്യോഗിക പാനലിനെതിരെ മത്സരം പാടില്ലെന്ന നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മത്സര നീക്കമുണ്ടായാല്‍ സമ്മേളനം തന്നെ സസ്പെന്‍ഡ് ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ജില്ലാ ഘടകങ്ങള്‍ക്ക് കേന്ദ്ര നേതൃത്വം നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞദിവസം മധുരയില്‍ നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പില്‍ കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് വോട്ടെടുപ്പ് നടന്നിരുന്നു. യുപിയിലെയും മഹാരാഷ്ട്രയിലെയും പ്രതിനിധികള്‍ ആണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. സിപിഎം കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പില്‍ നടന്ന വോട്ടെടുപ്പ് അസാധാരണ നീക്കമായാണ് വിലയിരുത്തപ്പെട്ടത്.

ഡി എല്‍ കരാഡ് ആണ് മഹാരാഷ്ട്രയില്‍ നിന്ന് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. താഴേതട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് കരാഡ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് മത്സരിച്ച ഡിഎല്‍ കരാഡ് പരാജയപ്പെട്ടിരുന്നു. 31 വോട്ടുകളാണ് കരാഡിന് ലഭിച്ചത്. സിഐടിയുവിന്റെ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റും സിഐടിയുവിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ് കരാഡ്.
മഹാരാഷ്ട്രയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിഗണന കേന്ദ്ര കമ്മിറ്റി പാനലില്‍ ലഭിച്ചില്ലെന്നും അതുകൊണ്ടാണ് മത്സരിച്ചതെന്നുമായിരുന്നു കരാഡിന്റെ പ്രതികരണം. ഇതിനുപിന്നാലെയാണ് സമ്മേളനങ്ങളില്‍ മത്സരത്തിന് വിലക്കേര്‍പ്പെടുത്തി സിപിഐ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ 85 അംഗ കേന്ദ്ര കമ്മിറ്റി പാനലില്‍ 19 മലയാളികള്‍ ആണ് തിരഞ്ഞെടുക്കപ്പെട്ടത്. 30 പുതുമുഖങ്ങളെയും തിരഞ്ഞെടുത്തു. 15 വനിതകളാണുള്ളത്. ഏഴുപേര്‍ പ്രത്യേക ക്ഷണിതാക്കളായി പ്രവര്‍ത്തിക്കും.