
തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ഒന്നാം പ്രതി ഷെറിന് പരോളനുവദിച്ച് സര്‍ക്കാര്‍. ഏപ്രില്‍ അഞ്ചുമുതല്‍ 15 ദിവസത്തേയ്ക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. മൂന്നുദിവസ യാത്രയ്ക്കും അനുമതിയുണ്ട്. സ്വാഭാവിക നടപടിയെന്നാണ് പരോളില്‍ ജയില്‍ വകുപ്പിന്റെ പ്രതികരണം. ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം വലിയ വിവാദമായിരുന്നു.
മന്ത്രിസഭാ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയരുകയും സഹതടവുകാരിയെ മര്‍ദ്ദിച്ചതിന് ഷെറിന്‍ വീണ്ടും കേസില്‍ പ്രതിയാവുകയും ചെയ്തതോടെ സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ചിരുന്നു. ശിക്ഷാ കാലയളവ് 14 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഷെറിന് ഇളവ് നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചത്. മോചനം തടയണമെന്ന് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിക്കാന്‍ സാദ്ധ്യത ഉണ്ടെന്നും സര്‍ക്കാരിന് സൂചന ലഭിച്ചു. പിന്നാലെയാണ് തീരുമാനം മരവിപ്പിച്ചത്.

ഭാസ്‌കര കാരണവരെ മകന്റെ ഭാര്യയായ ഷെറിന്‍ 2009 നവംബറിലാണ് കൊലപ്പെടുത്തിയത്. ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും കാരണവര്‍ അറിഞ്ഞതോടെയാണ് കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഷെറിന് പുറമെ ബാസിത്ത് അലി, നിഥിന്‍ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2010 ജൂണ്‍ 11ന് ആണ് കാരണവര്‍ കൊലക്കേസില്‍ വിധി വരുന്നത്. അന്ന് തന്നെ മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ച് ഷെറിന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയത്.
തുടര്‍ന്ന് ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അവിടെ വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. കൂടാതെ ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നു. 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിത ജയിലിലേക്ക് മാറ്റി. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഷെറിന്‍.