
തിരുവനന്തപുരം: ഓണ്‍ലൈന്‍ ചാനലായ കര്‍മ ന്യൂസ് എംഡി വിന്‍സ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ വിദേശത്തുനിന്നു വന്നിറങ്ങിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്. കളമശ്ശേരി സ്ഫോടന സംഭവത്തെക്കുറിച്ച് തെറ്റായി വാര്‍ത്ത പ്രചരിപ്പിച്ച കേസിലായിരുന്നു നടപടി.
2023 ഒക്ടോബറില്‍ കൊച്ചി കളമശ്ശേരിയില്‍ ‘യഹോവസാക്ഷി’കളുടെ കണ്‍വെന്‍ഷന്‍ നടക്കുന്നതിനിടെയായിരുന്നു സ്ഫോടനമുണ്ടായത്. ഈ സംഭവത്തിനു പിന്നാലെ സ്പര്‍ധയുണ്ടാക്കുന്നതരം വാര്‍ത്ത കര്‍മ ന്യൂസില്‍ വന്നതിനാണ് കേസെടുത്തത്.

വിദേശത്തായിരുന്ന വിന്‍സ് മാത്യുവിന്റെ പേരില്‍ കേരള പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഓസ്ട്രേലിയയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ തടഞ്ഞുവെച്ചു. തുടര്‍ന്ന് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനുശേഷം വിന്‍സ് മാത്യുവിനെ കോടതിയില്‍ ഹാജരാക്കും.