വിലയിടിയുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട്! 199 രാജ്യങ്ങളുടെ പട്ടികയില്‍ 148-ാം സ്ഥാനം; ഒരു സ്ഥാനം വീണ്ടും താഴേക്ക്; മാര്‍ക്കിട്ടത് വ്യക്തിസ്വാതന്ത്ര്യം മുതല്‍ ഇരട്ടപൗരത്വംവരെ പരിഗണിച്ച്; മുന്നില്‍ അയര്‍ലന്‍ഡ്; മുസ്ലിം തീവ്രവാദികള്‍ ഭരിക്കുന്ന രാജ്യങ്ങള്‍ ഏറ്റവും പിന്നില്‍

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന ഖ്യാതി ഇനി ഐറിഷ് പാസ്പോര്‍ട്ടിന്. നൊമാഡ് പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് പുറത്തുവിട്ട 2025 ലെ പട്ടിക പ്രകാരമാണ് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പിന്‍തള്ളി അയര്‍ലന്‍ഡിന്റെ കുതിപ്പ്. പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഗ്രീസ് മൂന്നാമതും പോര്‍ച്ചുഗല്‍ നാലാമതുമെത്തി. മാള്‍ട്ടയാണ് അഞ്ചാം സ്ഥാനത്ത് ഉള്ളത്. ‘നൊമാഡ് ക്യാപിറ്റലിസ്റ്റ് പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ്’ വര്‍ഷാവര്‍ഷം പുറത്തുവിടുന്ന പട്ടികയില്‍ ഇതാദ്യമായാണ് അയര്‍ലന്‍ഡ് ഒറ്റയ്ക്ക് ഒന്നാം സ്ഥാനം നേടുന്നത്. 2020 ല്‍ ലക്സംബര്‍ഗ്, സ്വീഡന്‍ എന്നിവയുമായി അയര്‍ലന്‍ഡ് ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു.
എന്നാല്‍, ആഗോള ശക്തിയാകാന്‍ കുതിക്കുന്ന ഇന്ത്യയുടെ നില ഇക്കാര്യത്തില്‍ ഒന്നുകൂടി പരുങ്ങലിലായി. ആകെ 199 രാജ്യങ്ങളുടെ പട്ടികയില്‍ 148-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഒരുസ്ഥാനംകൂടി പിന്നിലായി. ആഫ്രിക്കന്‍ രാജ്യമായ കോമോറസുമായി ഈ സ്ഥാനം പങ്കിടുന്നു. ഇന്ത്യക്ക് ആകെ ലഭിച്ചത് 47.5 സ്‌കോറാണ്. മൊസാംബിക്കിനാണ് 147-ാം റാങ്ക്. കഴിഞ്ഞ ജനുവരിയില്‍ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഇന്ത്യ 80ല്‍നിന്ന് 85 ലേക്ക് വീണിരുന്നു. രാജ്യന്തര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ വിവരങ്ങള്‍ അനുസരിച്ചാണ് ഈ റാങ്ക് നിശ്ചയിക്കുന്നത്.

വീസ ഫ്രീ യാത്ര, ടാക്സേഷന്‍, ആഗോളമായി രാജ്യത്തിനുള്ള പ്രതിച്ഛായ, ഇരട്ട പൗരത്വത്തിനുള്ള സൗകര്യം, വ്യക്തിസ്വാതന്ത്ര്യം മുതലായവ മാനദണ്ഡങ്ങളാക്കി തയാറാക്കിയ പട്ടികയില്‍ ആകെ 109 പോയിന്റാണ് അയര്‍ലന്‍ഡ് നേടിയത്. പട്ടികയില്‍ ആദ്യ ഒമ്പതു സ്ഥാനക്കാരും യൂറോപ്യന്‍ രാജ്യങ്ങളാണ്. യുകെ ഇരുപത്തി ഒന്നാം സ്ഥാനത്തും യുഎസ്എ പട്ടികയില്‍ നാല്‍പത്തിയഞ്ചാം സ്ഥാനത്തുമാണ്. പാകിസ്താന്‍, ഇറാഖ്, എറിത്രിയ, യെമന്‍, അഫ്ഗാനിസ്താന്‍ എന്നിവരാണു പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്.