KeralaNEWS

മേഘയെ ഗര്‍ഭഛിദ്രം നടത്തിയ രേഖകൾ കൈമാറി: യുവതിയെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തു. സുകാന്ത് കാണാമറയത്ത് തന്നെ

    തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യുറോ (ഐബി) ഉദ്യോഗസ്ഥ മേഘ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. മേഘ കഴിഞ്ഞ വര്‍ഷം ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയതിന്റെ രേഖകള്‍ ഉള്‍പ്പെടെയുള്ള നിർണായക രേഖകൾ കുടുംബം കൈമാറിയിട്ടും സുകാന്തിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. ഇതില്‍ മേഘയുടെ കുടുംബത്തിന് അതൃപ്തിയുണ്ട്. മേഘ മരിച്ച് 10 ദിവസം കഴിഞ്ഞിട്ടും, അന്വേഷണം തുടരുകയാണെന്ന മറുപടിയാണ് പൊലീസില്‍നിന്നു ലഭിക്കുന്നത്.  ആദ്യഘട്ടത്തിൽ തന്നെ സുകാന്തിനെതിരെ പൊലീസിന് പരാതി നൽകിയതാണ്. എന്നാൽ കേസന്വേഷിക്കുന്ന തിരുവനന്തപുരം പേട്ട പൊലീസിത് ഗൗരവമായി എടുത്തില്ല. ഒളിവിൽ പോകാൻ സുകാന്തിന് ഇത് സഹായമായി എന്ന് മേഘയുടെ അച്ഛൻ ആരോപിച്ചു.

ഇന്ന്  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ഡിജിപിയെ നേരിൽക്കണ്ട് പരാതി കൊടുക്കാനുള്ള  ആലോചനയിലാണ്  കുടുംബം.

Signature-ad

ഒളിവില്‍ കഴിയുന്ന ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെ പിടികൂടാന്‍ പൊലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചില്‍ നടത്തി. പക്ഷേ കണ്ടെത്താനായില്ല. സുകാന്തിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. വിമാനത്താവളങ്ങള്‍ വഴി രാജ്യം വിടുന്നതു തടയാനാണു നടപടി.

മേഘ ഒരു കൂട്ടുകാരിക്കൊപ്പമാണ് ആശുപത്രിയിലെത്തി ഗര്‍ഭഛിദ്രം നടത്തിയതെന്നാണു പൊലീസ് കണ്ടെത്തിയത്. മേഘയുടെ ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോള്‍ ആശുപത്രിയില്‍ പണം നല്‍കിയതിന്റെ വിവരം ലഭിച്ചതിനെ തുടര്‍ന്നാണു കുടുംബം വിവരം പൊലീസില്‍ അറിയിച്ചത്. മേഘ ഗര്‍ഭഛിദ്രം നടത്തിയിരുന്നുവെന്ന് കുടുംബം അറിയുന്നതും അപ്പോള്‍ മാത്രം. മേഘയുടെ ബാഗില്‍നിന്ന് ആശുപത്രിയിൽ നിന്ന് ലഭിച്ച മരുന്നിന്റെ കുറിപ്പടിയും ലഭിച്ചിരുന്നു. സുകാന്ത് മേഘയെ ലൈംഗികാമായി പീഡിപ്പിച്ചിരുന്നു എന്നും മകളില്‍ നിന്നു പണം തട്ടിയെടുത്തുവെന്നും പിതാവ് മധുസൂദനന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വിവാഹ വാഗ്ദാനം നൽകിയാണ്  സുകാന്ത് മേഘയെ ലൈഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത്. മേഘയും സുകാന്തും തമ്മിലുള്ള അടുപ്പം അറിഞ്ഞ മാതാപിതാക്കള്‍ വിവാഹം നടത്താന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. കുടുംബവുമായി സംസാരിക്കാമെന്ന് പറഞ്ഞപ്പോള്‍ ഓരോ കാരണം പറഞ്ഞ് സുകാന്ത് ഒഴിഞ്ഞുമാറിയിരുന്നുവെന്നു മേഘയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. ഇതോടെ എന്തെങ്കിലും തീരുമാനമാകുന്നതു വരെ ബന്ധം തുടരുന്നതിനെ മേഘയുടെ മാതാപിതാക്കള്‍ വിലക്കിയിരുന്നു. കുറച്ചുകൂടി സമയം വേണമെന്നാണ് മേഘ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതാകാം മേഘയെ മരണത്തിലേക്കു നയിച്ചതെന്നാണു കരുതുന്നത്. മരണദിവസം രാവിലെയും മേഘ അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഒരു തരത്തിലുള്ള പ്രശ്‌നങ്ങളുമുള്ളതായി മേഘ പറഞ്ഞിരുന്നില്ല.

ഈഞ്ചയ്ക്കലില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് മധുസൂദനന്റെയും നിഷ ചന്ദ്രന്റെയും ഏകമകള്‍ മേഘയെ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയ മേഘ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസിന് മുന്നിലാണ് ചാടിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ 4 തവണ മേഘ സുകാന്തുമായി സംസാരിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. ഈ ഫോണ്‍ വിളികള്‍ എന്തിനായിരുന്നുവെന്നും എന്തായിരുന്നു ലക്ഷ്യമെന്നുമാണ് പൊലീസ് തിരയുന്നത്. രാജസ്ഥാനിലെ ജോധ്പുരില്‍ നടന്ന ട്രെയിനിങ്ങിനിടെയാണ് സുകാന്തും  മേഘയും അടുപ്പത്തിലാകുന്നത്. സൗഹൃദം പ്രണയമായി വളര്‍ന്നതിന് പിന്നാലെയുള്ള 8 മാസത്തിനിടെ  പല തവണ സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ട്. സുകാന്തിനെ കാണാന്‍ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയിരുന്നു. സുകാന്ത്  തിരുവനന്തപുരത്തും പലവട്ടം വന്നിട്ടുണ്ട്. എന്നാല്‍ യാത്രാ ചെലവുകള്‍ വഹിച്ചിരുന്നത് മേഘയായിരുന്നു. മേഘക്കുമേല്‍ കൂടുതല്‍ ഭീഷണിയും ചൂഷണവും നടന്നതായി കുടുംബം ചുണ്ടിക്കാട്ടുന്നു. ഫൊറന്‍സിക് സയന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ മേഘ ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ വിഭാഗത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചത്.

സുകാന്തിന്‍റെ വിവരങ്ങൾ തേടി പൊലീസ് ഐബിക്കു കത്ത് നൽകി. ഐബി ഉദ്യോഗസ്ഥന്‍റെ അവധിയടക്കമുള്ള വിവരങ്ങൾ തേടിയാണ് പൊലീസ് ഐബിയെ സമീപിച്ചത്. ഇയാളുടെ  മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായും  സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: