Breaking NewsIndiaLead NewsNEWSNewsthen Special

ബിജെപിയുടെ നെടുന്തൂണായ ഒബിസി വിഭാഗങ്ങളുടെ എതിര്‍പ്പില്‍ ഇടറി യോഗി ആദിത്യനാഥ്; യുപിയിലെ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതില്‍ കൂടുതല്‍ പിന്നാക്കക്കാര്‍; അമിത് ഷായുമായി അടുപ്പമുള്ള നേതാക്കള്‍ പരസ്യമായി രംഗത്ത്; അഴിമതിയില്‍ മുങ്ങിക്കുളിച്ചെന്നും വിമര്‍ശനം

ലക്‌നൗ: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ പതറിപ്പോയ ബിജെപിയുടെയും യോഗി ആദിത്യനാഥിന്റെയും തലവേദന ഒഴിയുന്നില്ല. ഞെട്ടിക്കുന്ന വിജയം നേടുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ആകെയുള്ള 80ല്‍ 33 സീറ്റില്‍ ബിജെപി ഒതുങ്ങിയതോടെ വിമത ശല്യവും കൂടി. അത്രയും കാലം ഒബിസി വിഭാഗങ്ങളെ കൂടെനിര്‍ത്തി കൂറ്റന്‍ വിജയങ്ങള്‍ നേടിയ പാര്‍ട്ടിക്ക് ഇപ്പോള്‍ തലവേദനയാകുന്നതും ഇവര്‍തന്നെയെന്നാണു വിവരങ്ങള്‍. ഭാവിയിലെ കുഴപ്പങ്ങള്‍ മുന്നില്‍കണ്ടാണ് രാഷ്ട്രീയം മുഴുവന്‍ സമയ ജോലിയല്ലെന്നും താന്‍ ആത്യന്തികമായി സന്യാസിയാണെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഏറ്റവും ഒടുവിലത്തെ സംഭവമായി ഗാസിയാബാദിലെ ലോനി അസംബ്ലിയില്‍നിന്നുള്ള ഒബിസി നേതാവായ ബിജെപി എംഎല്‍എ നന്ദ്കിഷോര്‍ ഗുജ്ജാറാണു യോഗിക്കെതിരേ പരസ്യമായി രംഗത്തുവന്നത്. ഗുജ്ജാര്‍ വിഭാഗത്തിന്റെ പരിപാടിക്കിടെ പോലീസുമായി അദ്ദേഹത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ഏറ്റുമുട്ടേണ്ടിവന്നു. ഇതിനുശേഷം ചേര്‍ന്ന പ്രസ് കോണ്‍ഫറന്‍സില്‍ ‘ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്രയധികം അഴിമതിയില്ലെന്നും’ അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മോശമാണ്. അതിനുമുമ്പ് യോഗിജിയെന്ന പേരുപോലും പൂര്‍ണമായി ഉദ്യോഗസ്ഥര്‍ പറയാന്‍ മടിച്ചിരുന്നു. വ്യാജ ഏറ്റുമുട്ടലുകളും പീഡനങ്ങളും കൊലപാതകങ്ങളും കൊള്ളകളും വര്‍ധിച്ചു. തന്നെ കൊല്ലാന്‍വേണ്ടി പോലീസ് തലത്തില്‍ ഗൂഢാലോചന നടന്നെന്നും ഒരുപടി കടത്തി അദ്ദേഹം പ്രതികരിച്ചു.

Signature-ad

ഈ സമയം കിലോമീറ്ററുകള്‍ക്കപ്പുറം മറ്റൊരു ബിജെപി നേതാവും യോഗിക്കെതിരേ രംഗത്തുവന്നു. മുന്‍ കേന്ദ്രമന്ത്രികൂടിയായ സഞ്ജീവ് ബല്യാണ്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ അറസ്റ്റിനെതിരേ പ്രതികരിക്കുക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിചൗക്കിലുള്ള ശിവ ക്ഷേത്രത്തിനു സമീപമുള്ള ഒമ്പതു കടകളുമായി ബന്ധപ്പെട്ട തര്‍ക്കം നടന്നു. ഇതിലാണ് വിവേക് പ്രെമിയെന്ന നേതാവിനെ പോലീസ് പിടികൂടിയത്. ഗുജ്ജാറിനെപ്പോലെ സര്‍ക്കാരിനെതിരേ തുറന്നടിച്ചില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തനിക്കുള്ള സുരക്ഷ പിന്‍വലിച്ചതിലെ അമര്‍ഷം മറച്ചുവച്ചില്ല.

ഇവരെപ്പോലെ നിരവധി നേതാക്കള്‍ സര്‍ക്കാരിനെതിരേ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ ബിജെപി നേതാവ് കേശവ് പ്രസാദ് മൗര്യ പാര്‍ട്ടി അണികള്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അതൃപ്തരാണെന്നു വ്യക്തമാക്കി. നവംബറിലെ ഉപതെരഞ്ഞെടുപ്പു വിജയത്തോടെ ആദിത്യനാഥിന് അല്‍പം ആശ്വാസമുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഭരണത്തെ സംശയത്തോടെയാണു കാണുന്നത്.

ഉയര്‍ന്ന ജാതിക്കാരായ ആളുകള്‍ക്കുമാത്രമാണു യോഗിയുടെ ഭരണത്തില്‍ നേട്ടമെന്നതാണു പലരും ചൂണ്ടിക്കാട്ടുന്നത്. ദലിതുകളും ന്യൂനപക്ഷങ്ങളും മറ്റു പിന്നാക്ക ജാതിക്കാരും അവഗണിക്കപ്പെടുന്നെന്നു പ്രതിപക്ഷവും ആരോപിക്കുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ സര്‍വേയിലും ബിജെപിക്കുള്ള പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയിലെ ഇടിവു വ്യക്തമായിരുന്നു. ഇതു സാധൂകരിക്കുന്നതായിരുന്നു പിന്നീടുവന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വിധിയും.

കഴിഞ്ഞ സെപ്റ്റംബറില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു ചോര്‍ന്നുകിട്ടിയ വിവരങ്ങളില്‍ പോലീസ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടവരുടെ കണക്കുമുണ്ടായിരുന്നു. ആകെ 207 പേര്‍ കൊല്ലപ്പെട്ടതില്‍ 67 പേര്‍ മുസ്ലിംകളാണ്. 41 പേര്‍ ഒബിസി വിഭാഗങ്ങളില്‍നിന്നും 38 പേര്‍ മറ്റ് ഉയര്‍ന്ന ജാതിയില്‍നിന്നുള്ളവരുമാണ്. 14 പേര്‍ ദലിതരും, മൂന്നുപേര്‍ ആദിവാസികളും രണ്ടു സിഖുകാരും ബാക്കിയുള്ള 42 പേര്‍ മറ്റു ജാതികളില്‍നിന്നുള്ളവരുമാണ്.യുപിയില്‍ 79 ഒബിസി വിഭാഗങ്ങളില്‍നിന്നുള്ളവരാണ്. 41 പേര്‍ കൊല്ലപ്പെട്ടതില്‍ 33 പേരും ഇതില്‍ മൂന്നു വിഭാഗങ്ങളില്‍നിന്നുള്ളവരും. 16 യാദവരും 17 പേര്‍ ഗുജ്ജാര്‍, ജാട്ട് വിഭാഗങ്ങളില്‍നിന്നുള്ളവരുമാണ്. പാര്‍ട്ടിയുടെ നെടുംതൂണുകളായി ഇതുവരെ നിന്ന വിഭാഗങ്ങള്‍ ഏറ്റുമുട്ടലില്‍ കൂടുതല്‍ മരിക്കുമ്പോള്‍ പ്രതികരണങ്ങളും സ്വാഭാവികമാണ്. എന്നാല്‍ അതില്‍ കൂടുതലും യോഗിയെ ഉന്നമിട്ടുള്ള ബിജെപി നേതാക്കളുടെ പ്രതികരണങ്ങളാണ് എന്നതാണു കൗതുകകരം. അതിനുമപ്പുറം ഇവരെല്ലാം അമിത് ഷായുടെ അടുപ്പക്കാരുമാണ്.

മോദിക്കുശേഷം ബിജെപിയുടെ പ്രധാനമന്ത്രി മോഹികളില്‍ യോഗിയും അമിത് ഷായുമുണ്ട്. ആദിത്യനാഥ് രാഷ്ട്രീയപരമായി ഇന്ത്യയിലെ ഏറ്റവും നിര്‍ണായകമായ സംസ്ഥാനത്തെ മുഖ്യമന്ത്രിയും അമിഷ് ഷാ ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടിയെ കൈയിലിട്ട് അമ്മാനമാടുന്നയാളുമാണ്. ഏത് അധ്യക്ഷന്‍ വന്നാലും ചരട് അമിത് ഷായുടെ കൈകളില്‍തന്നെയാണ്. ഇതുവരെ പര്യസ്യമായിട്ടില്ലെങ്കിലും ഈ ചക്കളത്തിപ്പോര് 2027ലെ യുപി നിയമസഭ തെരഞ്ഞെടുപ്പുവരെ നീളുമെന്ന് ഉറപ്പാണ്.

 

Back to top button
error: