CrimeNEWS

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ പ്രണയം നടിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടി; 25-കാരിയായ അധ്യാപിക അടക്കം മൂന്നുപേര്‍ പിടിയില്‍

ബംഗളൂരു: ബ്ലാക്മെയില്‍ ചെയ്ത് പണംതട്ടിയെന്ന പരാതിയില്‍ ബെംഗളൂരുവില്‍ അധ്യാപിക അടക്കം മൂന്നുപേര്‍ പിടിയില്‍. പ്രീ- സ്‌കൂള്‍ അധ്യാപികയായ ശ്രീദേവി രുദാഗി (25), ഗണേഷ് കാലെ (38), സാഗര്‍ മോര്‍ (28) എന്നിവരാണ് ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. വിജയപുര സ്വദേശികളാണ് ഇവര്‍. ശ്രീദേവിയുടെ വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.

ബംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ പ്രീ- സ്‌കൂള്‍ അധ്യാപികയാണ് ശ്രീദേവി. ഭാര്യയും മൂന്ന് പെണ്‍മക്കളുമൊത്ത് താമസിച്ചിരുന്ന വ്യാപാരിയാണ് സംഭവത്തില്‍ ഇരയാക്കപ്പെട്ടത്. മൂന്നു പെണ്‍കുട്ടികളില്‍ ഇളയവളായ അഞ്ചുവയസ്സുകാരിയെ 2023-ല്‍ ശ്രീദേവി അധ്യാപികയായ പ്രീ- സ്‌കൂളില്‍ ചേര്‍ത്തിരുന്നു. സ്‌കൂളുമായി ബന്ധപ്പെട്ട് ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് ശ്രീദേവി 2024-ല്‍ പരാതിക്കാരനില്‍നിന്ന് രണ്ടുലക്ഷം രൂപ കൈപ്പറ്റി. പിന്നീട് മടക്കിനല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

Signature-ad

2024 ജനുവരിയില്‍ പണം തിരികെ ചോദിച്ചപ്പോള്‍ സ്‌കൂളിന്റെ പാര്‍ട്ണറാക്കാമെന്ന് വാഗ്ദാനംചെയ്തു. ഇതിനിടെ ഇരുവരും തമ്മില്‍ പ്രണയത്തിലായി. പതിവായി ഉപയോഗിക്കുന്ന നമ്പര്‍ ഒഴിവാക്കി പുതിയ സിം കാര്‍ഡ് എടുത്തായിരുന്നു ഇരുവരും പരസ്പരം ആശയവിനിമയം നടത്തിയിരുന്നത്. നേരത്തെ നല്‍കിയ പണം തിരികെ ആവശ്യപ്പട്ടപ്പോള്‍ ശ്രീദേവി, പരാതിക്കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവിടെവെച്ച് പരാതിക്കാരനോട് അടുത്തിടപഴകിയ ശ്രീദേവി, 50,000 രൂപ കൂടി കൈക്കലാക്കി.

ബന്ധം തുടരുന്നതിനിടെ 15 ലക്ഷം രൂപ പരാതിക്കാരനോട് ശ്രീദേവി ആവശ്യപ്പെട്ടു. പണം കണ്ടെത്താന്‍ കഴിയാതിരുന്ന പരാതിക്കാരന്‍, ശ്രീദേവിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇവരുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന സിം ഉപേക്ഷിക്കുകയും ചെയ്തു.
ഇതിനിടെ വ്യാപാരി കുടുംബത്തെ ഗുജറാത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു, അതിന് കുട്ടിയുടെ ടിസി ആവശ്യമായിരുന്നു. അതിനായി എത്തിയപ്പോള്‍, മൂന്ന് പ്രതികള്‍ അദ്ദേഹത്തെ വളഞ്ഞുവച്ചു, സ്വകാര്യ ഫോട്ടോകളും വീഡിയോകളും കാണിച്ചു. തുടര്‍ന്ന് പ്രതികള്‍ ഇയാളില്‍ നിന്ന് ഒരുകോടി രൂപ ആവശ്യപ്പെട്ടു.

പരാതിക്കാരനെ കാറില്‍ കയറ്റി പലസ്ഥലങ്ങളിലേക്കും ഇവര്‍ സഞ്ചരിച്ചു. കാറില്‍വെച്ച് പണത്തിനായി ഭീഷണിപ്പെടുത്തി. ഒടുവില്‍ 20 ലക്ഷം രൂപ നല്‍കാമെന്ന് പരാതിക്കാരന്‍ സമ്മതിച്ചു. വിട്ടയക്കാന്‍ ഉടന്‍ തന്നെ 1.9 ലക്ഷം രൂപ കൈമാറണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 17-ന് ശ്രീദേവി വീണ്ടും പരാതിക്കാരനെ ബന്ധപ്പെട്ടു. 15 ലക്ഷം നല്‍കിയില്ലെങ്കില്‍ സ്വകാര്യവീഡിയോ ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചില്‍ പരാതിപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: