
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മകന്‍ മരിച്ചെന്ന് പറഞ്ഞ് 2 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ശ്രമിച്ച പിതാവ് പിടിയില്‍. കഴിഞ്ഞ 5നാണ് മകന്‍ ഗഗന്‍ ബൈക്ക് അപകടത്തില്‍പെട്ടെന്ന് നജഫ്ഗഡ് സ്വദേശി സതീഷ് കുമാര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്.
തലയ്ക്കു പരുക്കേറ്റ ഗഗനെ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നും പ്രാഥമിക ചികിത്സ നല്‍കിയെന്നുമാണ് സതീഷ് പൊലീസിനോടു പറഞ്ഞത്. എന്നാല്‍, രേഖാമൂലം പരാതി നല്‍കാന്‍ കൂട്ടാക്കിയില്ലെന്നും കേസെടുക്കുന്നതിനു മുന്‍പുതന്നെ സ്റ്റേഷനില്‍നിന്നു പോയെന്നും ഡിസിപി അങ്കിത് സിങ് അറിയിച്ചു.

ഒരാഴ്ചയ്ക്കു ശേഷം പൊലീസ് ബന്ധപ്പെട്ടപ്പോള്‍ മകന്‍ മരിച്ചെന്നും ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ അന്ത്യകര്‍മങ്ങള്‍ ചെയ്‌തെന്നും സതീഷ് പറഞ്ഞു. തൊട്ടടുത്ത ദിവസം അപകടമരണത്തിനു കേസെടുത്തില്ലെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിയും നല്‍കി. എന്നാല്‍, സതീഷിന്റെ മൊഴികളില്‍ വൈരുധ്യം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.
ഗഗന്റെ ബൈക്ക് അപകടത്തില്‍പെട്ട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ പരിശോധിച്ച പൊലീസ് ഗഗനും മറ്റൊരാളും ചേര്‍ന്നു വ്യാജ അപകടം സൃഷ്ടിച്ചതാണെന്നു കണ്ടെത്തി. പിന്നീട്, ഒരു ഡോക്ടറുടെ സഹായത്തോടെ ഗഗന്റെ തലയില്‍ ചെറിയൊരു മുറിവുണ്ടാക്കുകയായിരുന്നെന്നും തെളിഞ്ഞു. തുടര്‍ന്ന്, സതീഷിനെ ചോദ്യം ചെയ്തപ്പോഴാണു ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നെന്നു വ്യക്തമായത്.
കേസില്‍ സതീഷിനെയും സഹായികളായ അഭിഭാഷകനെയും ഡോക്ടറെയും അറസ്റ്റ് ചെയ്തു. സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്ന സതീഷിന് അഭിഭാഷകനായ മന്‍മോഹനാണ് ഉപായം നിര്‍ദേശിച്ചത്. ഒളിവില്‍പോയ ഗഗനുവേണ്ടി തിരച്ചില്‍ നടത്തുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.