Breaking NewsLead NewsNEWSNewsthen SpecialWorld

ട്രംപ് പുറത്താക്കിയവരെ അകത്താക്കി ചൈന; തൊഴില്‍ പരസ്യങ്ങളിലൂടെ പാട്ടിലാക്കിയത് ആയിരങ്ങളെ; വിശ്വാസയോഗ്യമായ കമ്പനികളില്‍ ജോലി നല്‍കി വിരങ്ങള്‍ ചോര്‍ത്തുന്നു; കാഞ്ചി വലിക്കാത്ത യുദ്ധമെന്ന് റോയിട്ടേഴ്‌സ്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ട്രംപിന്റെയും ഇലോണ്‍ മസ്‌കിന്റെയും നേതൃത്വത്തില്‍ സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടമായി പിരിച്ചുവിടുന്നതു മുതലെടുത്ത് ചൈനീസ് ഇന്റലിജന്‍സ്. ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടത്.

ജോലി ഒഴിവുകള്‍ സംബന്ധിച്ച വ്യാജ പരസ്യങ്ങളിലൂടെയും കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളിലൂടെയും കടലാസ് കമ്പനികളിലൂടെയും ചൈനീസ് ഇന്റലിജന്‍സുമായി ബന്ധമുള്ള ശൃംഖല പ്രവര്‍ത്തിക്കുന്നെന്നാണു വിവരം. ഇതുമായി ബന്ധപ്പെടുന്നവര്‍ പോലും അറിയാതെ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുകയാണു ലക്ഷ്യം. സൈബര്‍ സെക്യൂരിറ്റി ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയെന്നത് അമേരിക്കന്‍ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്.

Signature-ad

ആയിരക്കണക്കിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണു ട്രംപ് അധികാരമേറ്റതുമുതല്‍ ജോലി നഷ്ടമായത്. ട്രംപിന്റെ വിശ്വസ്തനും സ്‌പേസ് എക്‌സ് ഉടമയുമായ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി’ അല്ലെങ്കില്‍ ഡോജ് ആണ് ജീവനക്കാരുടെ പ്രകടനം വിലയിരുത്തി ജോലിയില്‍നിന്ന് ഒഴിവാക്കുന്നത്. ഇതില്‍ പലരും ദേശീയ സുരക്ഷ, സാങ്കേതികവിദ്യ, ഇന്റലിജന്‍സ് എന്നിവയുമായി ബന്ധപ്പെട്ട നിര്‍ണായക മേഖലകളില്‍ പ്രവര്‍ത്തിച്ചവരാണ്.

റോയിട്ടേഴ്‌സിന്റെ കണ്ടെത്തല്‍ അനുസരിച്ചു കാര്യങ്ങള്‍ ലളിതമാണ്- ജോലി പോയ, സ്വാധീനിക്കാന്‍ കഴിയുന്ന ആളുകളെ കണ്ടെത്തുക. ലിങ്ക്ഡ് ഇന്‍ പോലുള്ള തൊഴില്‍ സ്‌പെഷലൈസേഷനുള്ള വെബ്‌സൈറ്റുകള്‍ വഴിയാണ് ആളുകളെ കണ്ടെത്തുന്നത്. എന്നാല്‍, ഇവരെ സംരക്ഷിക്കുകയെന്ന ലക്ഷ്യംകൂടിയുള്ളതിനാല്‍ വളരെ ശ്രദ്ധിച്ചാണു ചൈന കാര്യങ്ങള്‍ നീക്കുന്നത്.

ഈ പറയുന്നതില്‍ കാര്യമുണ്ട് എന്നതിനു തെളിവുകളുമുണ്ട്.

1. സൈബര്‍ ചാരവൃത്തിയുമായി ബന്ധപ്പെട്ടു പരന്നുകിടക്കുന്ന ശൃംഖലയില്‍നിന്ന് എട്ട് ചൈനീസ് പൗരന്‍മാരെ കണ്ടെത്തി കേസെടുത്തു. എഫ്ബിഐയുടെ മുന്നറിയിപ്പ് അനുസരിച്ച് ഏറ്റവും ചെറിയ ഭാഗം മാത്രമാണു കണ്ടെത്തിയത്.

2. ചൈനയുടെ ദേശീയനയത്തിന് അനുസരിച്ചു ബീജിംഗില്‍നിന്നുള്ള ഓപ്പറേഷനുകള്‍ കൂടുതല്‍ ശക്തവും ഘടനാപരവും കാലികവുമായി. മാല്‍വെയറുകളോ റാന്‍സം സോഫ്റ്റ്‌വേര്‍ ആക്രമണങ്ങളോ ആകില്ല, മറിച്ച് അമേരിക്കന്‍ ഏജന്‍സികളിലുള്ള യഥാര്‍ഥ സോഴ്‌സുകളില്‍നിന്നുള്ള ‘കുഴിച്ചെടുക്കലാ’കും ഏറ്റവും മാരകമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

3. ഡോജിന്റെ സമീപകാല കൂട്ടപ്പരിച്ചുവിടലിലൂടെ ചൈനയ്ക്കു അമേരിക്കയുടെ സെക്യൂരിറ്റി ക്ലിയറന്‍സ് കിട്ടിയ പുതിയ ഉദ്യോഗസ്ഥരെ ചൂഷണം ചെയ്യാനുള്ള അവസരമാണു ലഭിക്കുന്നത്.

4. വിദേശത്തുനിന്നു വിവരം ചോര്‍ത്താന്‍ വ്യാജ തൊഴിലുകള്‍ വാഗ്ദാനം ചെയ്യുന്നത് ആദ്യമല്ല. ചൈനയെന്നതുപോലെ റഷ്യക്കെതിരേ അമേരിക്കയും ഇതു ചെയ്തിട്ടുണ്ട്. ടെലിഗ്രാം ചാനലുകളിലും ഡാര്‍ക്ക് വെബ് ഫോറങ്ങളിലും ഇത്തരം വീഡിയോകള്‍വരെ അമേരിക്ക അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

5. എന്നാല്‍, ചൈനയുടെ നീക്കം ഇപ്പോള്‍ ഏറ്റവും ഫലപ്രദമാണെന്നാണു കരുതുന്നത്. ബീജിംഗിലും മോസ്‌കോയിലുമൊക്കെ എഫ്ബിഐ ഓഫീസുകളില്‍ ജോലി ചെയ്തിട്ടുള്ള ഹോള്‍ഡന്‍ ട്രിപ്‌ലെറ്റ് പറയുന്നത് അനുസരിച്ച് ഈ സാഹചര്യമെന്നത് ‘തൊഴില്‍ ദാതാക്കളുടെ സ്വപ്നം’ എന്നാണ്.

6. നിര്‍ണായക വിവരങ്ങളില്‍ സ്വാധീനമുള്ള പുറത്താക്കപ്പെട്ട അല്ലെങ്കില്‍ നിരാശരായ ആളുകളാണ് ഇവരുടെ ലക്ഷ്യം.

ട്രംപ് വെറും ചവറെന്നു പറഞ്ഞു പുറത്താക്കുന്നവരില്‍ പലരും ഇന്റലിജന്‍സിലും പ്രതിരോധ രംഗത്തും സൈബര്‍ സെക്യൂരിറ്റിയിലും പ്രവര്‍ത്തിക്കുന്നവരാണ്. എന്തിന് അമേരിക്കന്‍ ചാര സംഘടനയായ സിഐഎ, ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് (ഡിഎന്‍ഐ) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍പോലും ഇതിലുള്‍പ്പെടും. ഓരോ ഏജന്‍സികളുടെയും പുനസംഘടനവരുമ്പോള്‍ പുറത്താക്കപ്പെടുമെന്നു കരുതുന്നവരും നിരവധിയാണ്.

ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് വിദേശ ഏജന്‍സികളില്‍നിന്നുള്ള പരസ്യങ്ങളെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദേശത്തുനിന്നുള്ളവര്‍ സമീപിക്കുമെന്നു മനസിലാക്കി സുരക്ഷാ മേഖലയില്‍ ജോലി ചെയ്തിരുന്നവര്‍ക്കു മുന്നറിയിപ്പ് നല്‍കുന്ന ‘സ്റ്റാന്‍ഡേര്‍ഡ് എക്‌സിറ്റ് ബ്രീഫിംഗ്’ പോലും നല്‍കിയിട്ടില്ലെന്നു പറയുന്നു. ഏറ്റവും വിശ്വാസ്യ യോഗ്യമായ കമ്പനികളിലൂടെയാണു ചൈന ഇത്തരക്കാരെ സമീപിക്കുന്നത്. ഇതു മനസിലാക്കാന്‍ വലിയ ഭാവനയൊന്നും ആവശ്യമില്ലെന്നാണ് ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ചാനലായ സിഎന്‍എന്നിനോടു പറഞ്ഞത്.

അടുത്തിടെ റോയിട്ടേഴ്‌സിന്റെ സൈബര്‍ ഗവേഷകനായ മാക്‌സ് ലെസറും ഇത്തരം പരസ്യങ്ങളുമായി ബന്ധപ്പെട്ടു തിരച്ചില്‍ നടത്തിയിരുന്നു. ചില കണ്‍സള്‍ട്ടിംഗ് കമ്പനികള്‍ക്കു നിഗൂഢമായ സിമാവോ ഇന്റലിജന്‍സ് എന്ന സ്ഥാപനവുമായി ബന്ധമുണ്ടെന്നു കണ്ടെത്തി. ഇവര്‍ അമേരിക്കന്‍ സര്‍ക്കാര്‍ ജീവനക്കാരെ സജീവമായി ജോലിക്കെടുക്കുന്നെന്നും കണ്ടെത്തി. പല കമ്പനികളുടെയും വിലാസം തപ്പിപ്പോയാല്‍ ഒന്നും ലഭിക്കില്ല. എറിക്, വില്‍ എന്നീ ചൈനീസ് കോണ്‍ടാക്‌സില്‍നിന്ന് തൊഴില്‍സംബന്ധിച്ച പരസ്യം പ്രസിദ്ധീകരിച്ചതിന് ആയിരക്കണക്കിനു ഡോളര്‍ ലഭിച്ചെന്ന് ഒരാള്‍ വെളിപ്പെടുത്തിയതും ഇദ്ദേഹം പറയുന്നു.

റിവര്‍മെര്‍ജ് സ്ട്രാറ്റജീസ്, വേവ് മാക്‌സ് ഇന്നൊവേഷന്‍ എന്നീ കമ്പനികള്‍ ഒറ്റനോട്ടത്തില്‍ ഗംഭീരമെന്നു തോന്നുമെങ്കിലും ആഴത്തിലുള്ള അന്വേഷണത്തില്‍ മുമ്പുപറഞ്ഞ സിമാവോയുമായി ബന്ധമുണ്ടെന്നു കണ്ടെത്തി. ചൈനയ്‌ക്കൊപ്പം റഷ്യയും സര്‍ക്കാര്‍ ജീവനക്കാരെ ലക്ഷ്യമിടുന്നുണ്ടെന്നാണു വിലയിരുത്തല്‍.

ലിങ്ക്ഡ് ഇന്‍, ടിക്‌ടോക്ക്, റെഡ്ഡിറ്റ്, ക്രെയ്ഗ്‌സ് ലിസ്റ്റ് എന്നിവയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളിലൂടെയാണു പരസ്യം. ആദ്യം ഇവരുടെ പ്രാഥമിക വിവരങ്ങളും പിന്നീട് ആഴത്തിലുള്ള വിവരങ്ങളും സമ്പാദിക്കും. 2020ല്‍ ഇത്തരത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ എഴുതിവാങ്ങിയ സിംഗപ്പൂര്‍ പൗരനെ അമേരിക്കന്‍ കോടതി ചൈനീസ് ചാരനെന്നു കണ്ടെത്തി ശിക്ഷിച്ചിരുന്നു.

ചൈന കഴിഞ്ഞ കുറച്ചു കാലങ്ങളായി സാങ്കേതിക രംഗത്തു വന്‍ മുന്നേറ്റമാണു നടത്തിയത്. ചൈനയുടെ വിദേശ ഇന്റലിജന്‍സ് വിംഗ് ആയ മിനിസ്ട്രി ഓഫ് സ്‌റ്റേറ്റ് സെക്യൂരിറ്റിയിലൂടെ (എംഎസ്എസ്) അമേരിക്കയുടെ ഒമ്പത് ടെലിക്കോം കമ്പനികളിലാണു നുഴഞ്ഞു കയറിയത്.

വോള്‍ട്ട് ടൈഫൂണ്‍ എന്ന പിഎല്‍എ ബന്ധമുള്ള സംഘം പവര്‍ പ്ലാന്റുകളിലും തുറമുഖങ്ങളിലും വാട്ടര്‍ ഫെസിലിറ്റികളിലും നുഴഞ്ഞുകയറിയെന്നു കണ്ടെത്തിയിരുന്നു.

വിവിധ അമേരിക്കന്‍ കമ്പനികളില്‍നിന്ന് ബ്ലൂ പ്രിന്റുകളും ട്രേഡ് രഹസ്യങ്ങളും ബിസിനസ് തന്ത്രങ്ങളും ചൈനീസ് ഹാക്കര്‍മാര്‍ തട്ടിയെടുത്തിരുന്നു. ഇപ്പോള്‍ വ്യാജ തൊഴില്‍ പരസ്യങ്ങളിലൂടെ ഫെഡറല്‍ ജീവനക്കാരെ വശീകരിച്ചു ‘ഹ്യൂമന്‍ ഇന്റലിജന്‍സ്’ വളര്‍ത്തിയെടുക്കുന്നു.

ചൈന ഒരിക്കല്‍ പോലും കാഞ്ചിവലിക്കാതെയാണു യുദ്ധം നടത്തുന്നത് എന്നതിന്റെ ഉദാഹരമാണിതെന്നു വിദഗ്ധര്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പുറമേ, എംഎസ്എസുമായി ബന്ധമുള്ള ഐ-സൂണ്‍ സൈബര്‍ ടാലന്റുകളുടെ ‘ഹോട്ട്-ബെഡ്’ ആണ്. ഇവര്‍ ഇടയ്ക്കു നടത്തുന്ന ഹാക്കിംഗ് കോണ്‍ടസ്റ്റുകള്‍ പ്രശസ്തമാണ്. ‘സൈബര്‍ ഒളിമ്പിക്‌സ്’ എന്ന ചെല്ലപ്പേരിട്ടാണ് വിളിക്കുന്നതെങ്കിലും വിജയിക്കുന്നവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ലൂപ് ഹോളുകളാണു ചൈനയ്ക്കായി കണ്ടെത്തി കൊടുക്കുന്നത്!

ഇന്ത്യന്‍ ഇമിഗ്രേഷന്‍ സംവിധാനത്തിലും നേപ്പാളിലെ പ്രസിഡന്‍ഷ്യല്‍ പാലസിലും തായ്‌വാന്‍ മാപ്പിംഗ് ഡാറ്റയിലും എന്തിന് തായ് ഇന്റലിജന്‍സിലുമുള്ള ഐ-സൂണിന്റെ നുഴഞ്ഞു കയറ്റത്തെക്കുറിച്ച് അടുത്തിടെയാണ് ഒരാള്‍ വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ വേണമെന്ന് സിഐഎ അടക്കമുളള ഏജന്‍സികള്‍ സര്‍ക്കാരിനോട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: