ആ തീരുമാനം ഇന്ന് എടുക്കുന്നു! സസ്‌പെന്‍സ് പോസ്റ്റുമായി എന്‍.പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം: സസ്‌പെന്‍സുമായി എന്‍. പ്രശാന്ത് ഐഎഎസ്. ആ തീരുമാനം ഇന്ന് എടുക്കുന്നു എന്ന് ഫേസ്ബുക്ക് പോസ്റ്റ്. ഐഎഎസ് ചേരിപ്പോരില്‍ ആറുമാസമായി സസ്‌പെന്‍ഷനിലാണ് പ്രശാന്ത്.
അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ജയതിലകിനെയും കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു എന്നതിന്റെ പേരിലാണ് എന്‍. പ്രശാന്ത് ഐഎഎസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പ്രശാന്തിന് കുറ്റാരോപിത മെമ്മോ നല്‍കിയിരുന്നു.

ഇതിനു മറുപടി നല്‍കാതെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ചീഫ് സെക്രട്ടറിക്ക് പ്രശാന്ത് രണ്ട് കത്തുകള്‍ നല്‍കി. തനിക്കെതിരെ ആരാണ് പരാതി നല്‍കിയത്, തന്റെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ട് ആരാണ് എടുത്തത് തുടങ്ങി 7 ചോദ്യങ്ങള്‍ ആയിരുന്നു പ്രശാന്ത് ഉന്നയിച്ചത്. ഇതിനു മറുപടി നല്‍കിയശേഷം കുറ്റാരോപിത മെമ്മോയ്ക്ക് മറുപടി നല്‍കാമെന്ന നിലപാടാണ് പ്രശാന്ത് സ്വീകരിച്ചത്.
എന്നാല്‍, പ്രശാന്തിന്റെ ഈ നിലപാടാണ് സസ്‌പെന്‍ഷന്‍ നീട്ടാന്‍ കാരണമായത്. കുറ്റാരോപിത മെമ്മോയ്ക്ക് പ്രശാന്ത് മറുപടി നല്‍കിയിട്ടില്ലെന്ന വാദമുയര്‍ത്തി റിവ്യൂ കമ്മിറ്റി 120 ദിവസത്തേക്ക് സസ്‌പെന്‍ഷന്‍ നീട്ടുകയായിരുന്നു.