BusinessNEWS

റബര്‍ വിലയില്‍ കുതിപ്പ്, കിലോയ്ക്ക് 200ന് മുകളില്‍; കര്‍ഷകര്‍ക്ക് ആശ്വാസം

കോട്ടയം: ദീര്‍ഘകാലയളവിന് ശേഷം റബറിന്റെ ആഭ്യന്തര വില രാജ്യാന്തര വിപണിയിലും മുകളിലെത്തി. ആര്‍.എസ്.എസ് നാലാം ഗ്രേഡിന് ബാങ്കോക്ക് വില കിലോക്ക് 206 രൂപയാണ് .ആഭ്യന്തര വില 207 രൂപയിലാണ്. കഴിഞ്ഞ ആഗസ്റ്റില്‍ 247 രൂപ വരെ ഉയര്‍ന്ന ഷീറ്റ് വില നാളുകളായി 180-190 രൂപയിലായിരുന്നു . 200 രൂപയിലെത്തുന്നതുവരെ ചരക്ക് വില്‍ക്കില്ലെന്നാണ് ഉത്പാദക സംഘങ്ങള്‍ തീരുമാനിച്ചത്. വേനല്‍ കടുത്തതോടെ ടാപ്പിംഗ് കുത്തനെ കുറഞ്ഞതാണ് നേട്ടമായത്.

വില ഇനിയും കൂടിയേക്കും
ടയര്‍ കമ്പനികളുടെ ആവശ്യകത വര്‍ദ്ധിച്ചതോടെ വില ഇനിയും ഉയരാനാണ് സാദ്ധ്യത. ഇറക്കുമതി ചെലവ് കൂടുന്നതിനാല്‍ വന്‍കിട കമ്പനികള്‍ ആഭ്യന്തര വിപണിയെ കൂടുതല്‍ ആശ്രയിക്കുന്നു. സീസണ്‍ അവസാനിച്ചതോടെ റബര്‍ സ്റ്റോക്ക് ചെയ്യാന്‍ കമ്പനികള്‍ തയ്യാറായാല്‍ വില ഇനിയും ഉയരും.

Signature-ad

ആഗോള വില
ചൈന – 201 രൂപ
ടോക്കിയോ -194 രൂപ
ബാങ്കോക്ക് -206 രൂപ

കുരുമുളക് ഉപഭോഗം കൂടുന്നു

സാന്ദ്രത കൂടുതലുള്ള ഹൈറേഞ്ച് കുരുമുളക് വാങ്ങാന്‍ മറ്റു സംസ്ഥാനങ്ങളിലെ സത്ത് നിര്‍മ്മാണ കമ്പനികള്‍ തയ്യാറായതോടെ വില മുകളിലേക്ക് നീങ്ങുന്നു. 250 ടണ്ണിലേറെ കുരുമുളക് കര്‍ണാടകയിലെ കമ്പനികള്‍ വാങ്ങി . 3000 ടണ്‍ വില കുറഞ്ഞ കുരുമുളകാണ് ശ്രീലങ്കയില്‍ നിന്നെത്തിയത്.. രൂപയുടെ മൂല്യം മെച്ചപ്പെട്ടതോടെ ഇറക്കുമതി കൂടാനിടയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: