
ഒമാനിൽ നിന്നും ഉംറക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് 3 പേർ മരിച്ചു.
കോഴിക്കോട്, കണ്ണൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. സൗദി അതിർത്തിയായ ബത്തയിൽ വെച്ചായിരുന്നു അപകടം.
ഒമാനിലെ ആർഎസ്.സി നാഷണൽ സെക്രട്ടറിമാരായ കണ്ണൂർ മമ്പറം സ്വദേശി മിസ്അബ്, കോഴിക്കോട് പയ്യോളി സ്വദേശി ശിഹാബ് എന്നിവരുടെ കുടുംബമാണ് കാറിലുണ്ടായിരുന്നത്.

ശിഹാബിന്റെ ഭാര്യ സഹ്‌ല (30), മകൾ ആലിയ (7), മിസ്അബിന്റെ മകൻ ദഖ്‌വാൻ (6) എന്നിവരാണ് മരിച്ചത്. കുട്ടികൾ അപകടസ്ഥലത്തു വച്ചും സഹ്‌ല ആശുപത്രിയിലുമാണ് മരിച്ചത്.
മിസ്അബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്. മിസ്അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച വൈകീട്ട് നോമ്പ് തുറന്നശേഷം മസ്‌ക്കറ്റിൽനിന്ന് പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത് തങ്ങി വിശ്രമിച്ചു. ശനിയാഴ്ച വൈകീട്ട് നോമ്പ് തുറന്നശേഷം സൗദിയിലേക്ക് യാത്ര തുടർന്നു.
ബത്ത അതിർത്തിയിലെത്തിയ ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്.