
മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട ദൂരുഹത തെളിയിക്കാനാതെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കുറ്റപത്രം. കുടുംബാംഗങ്ങളും ബന്ധുക്കളും ഉയർത്തിയ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെയുള്ള കുറ്റപത്രമാണ് കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കപ്പെട്ടത്. നവീൻ ബാബുവിനെതിരെ പെട്രോൾ പമ്പിനായി എൻ.ഒ.സി നൽകുന്നതിനായി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച ടി.വി പ്രശാന്തനെ കേസിൽ പ്രതിയാക്കിയിട്ടില്ല.
ആത്മഹത്യ കുറിപ്പ് മൃതദേഹത്തിൽ നിന്നും കണ്ടെത്തിയില്ലെന്നു ഉറപ്പിച്ചുപറയുന്ന പ്രത്യേക അന്വേഷണ സംഘം കൊലപാതക സാധ്യത പൂർണമായും തള്ളിക്കളയുകയാണ്. യാത്രയയപ്പ് യോഗം നടന്ന ഒക്ടോബർ 14 ന് രാത്രി പത്തുമണിയോടെ നവീൻ ബാബു നാട്ടിലേക്ക് പോകുന്നതിനായി ഔദ്യോഗിക വാഹനത്തിൽ എത്തുകയും റെയിൽവേ സ്റ്റേഷനു സമീപമുള്ള മുനീശ്വരൻ കോവിലിന് സമീപം ഇറങ്ങി വീണ്ടും പള്ളിക്കുന്നിലെ താമസ സ്ഥലത്ത് ഓട്ടോറിക്ഷയിൽ വന്ന് പിറ്റേ ദിവസം പുലർച്ചെ അഞ്ചിന് ജീവനൊടുക്കിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

എന്നാലിത് തെളിയിക്കാനുള്ള സി.സി.ടി.വി ദൃശ്യങ്ങളൊന്നും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. വ്രണിത ഹൃദയനായ ഉദ്യോഗസ്ഥൻ അപമാനഭാരം താങ്ങാനാവാതെ ജീവനൊടുക്കാൻ തീരുമാനിച്ചു കൊണ്ടു തിരികെ വന്ന ഓട്ടോറിക്ഷയോ അതു ഓടിച്ച ഡ്രൈവറെയോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ കാരണങ്ങളാൽ ഇപ്പോൾ സമർപ്പിച്ചിട്ടിള്ള കുറ്റപത്രത്തിൽ നവീൻ ബാബുവിൻ്റെ കുടുംബം തൃപ്തരല്ല. നവീൻബാബു മരിച്ച കേസിൽ ഗൂഢാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് അന്വേഷിക്കുന്നില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
പി പി ദിവ്യ മാത്രമാണ് പ്രതിയെന്ന മുൻവിധിയോടെയാണ് അന്വേഷണം നടന്നതെന്ന് നവീൻബാബുവിൻ്റെ ഭാര്യ മഞ്ജുള പ്രതികരിച്ചു. അതുകൊണ്ടാണ് പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് നേരത്തെ പറഞ്ഞത്. എസ്ഐടി വന്നിട്ടും ഗുണമുണ്ടായില്ല. ആദ്യം പൊലീസ് സംഘം അന്വേഷിച്ചതിൽ നിന്ന് വ്യത്യാസമൊന്നും എസ്ഐടി അന്വേഷണത്തിലും കണ്ടെത്തിയതായി തോന്നുന്നില്ല. വേറൊരു അന്വേഷണ ഏജൻസി വേണമെന്ന നിലപാടിൽ നിയമ പോരാട്ടം തുടരും. സുപ്രീം കോടതിയെ സമീപിക്കുമെന്നും മഞ്ജുഷ അറിയിച്ചു.