
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഔദ്യോഗിക വാഹനത്തിന് തീപിടിച്ചു. കാറില്‍ തീ ആളി പടരുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ലുബിയങ്കയിലെ എഫ്എസ്ബി ആസ്ഥാനത്തിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്. മൂന്നര ലക്ഷം ഡോളര്‍ വിലമതിപ്പുളള ഓറസ് ലിമോസിനാണ് തീപിടിച്ചത്. ക്രെമ്ലിനിലെ പ്രസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുളള വാഹനത്തിനാണ് തീപിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തിന്റെ കാരണം ഇതുവരെയായിട്ടും വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കാര്‍ തീപിടിച്ചതിന് പിന്നില്‍ കൊലപാതക ഗൂഢാലോചനകള്‍ നടന്നിരുന്നതായും ആശങ്കകള്‍ ഉയരുന്നുണ്ട്. എഞ്ചിനിലാണ് ആദ്യമായി തീ പടര്‍ന്നുപിടിച്ചത്. അഗ്‌നിശമനാ സേന എത്തുന്നതിന് മുന്‍പ് തന്നെ സമീപത്തെ റസ്റ്ററന്റുകളിലെ ആളുകള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. സംഭവ സമയത്ത് കാറിനുളളില്‍ ആരായിരുന്നുവെന്ന് ഇപ്പോഴും വ്യക്തമല്ല. വ്‌ളാഡിമിര്‍ പുടിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടും റഷ്യയ്ക്ക് യുദ്ധത്തില്‍ നിര്‍ണായക തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രവചിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്.

വ്‌ളാഡിമിര്‍ പുടിന്‍ റഷ്യന്‍ നിര്‍മിത ഓറസ് വാഹനങ്ങളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ ഉത്തരകൊറിയയുടെ കിം ജോംഗ് ഉന്‍ ഉള്‍പ്പടെയുളള വിദേശ നേതാക്കള്‍ക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു.