
ന്യൂഡല്‍ഹി: യെമന്‍ പൗരനെ വധിച്ച കേസില്‍ യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് ലഭിച്ച ഫോണ്‍കാള്‍ സന്ദേശം വ്യാജമെന്ന് സ്ഥിരീകരണം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവില്ലെന്ന് സനാ ജയില്‍ അധികൃതര്‍ അറിയിച്ചതായി യെമനിലെ ഇന്ത്യന്‍എംബസിയാണ് സ്ഥിരീകരിച്ചത്. ജയിലില്‍ കഴിയുന്ന നിമിഷപ്രിയയ്ക്ക് വനിതാ അഭിഭാഷകയുടേത് എന്ന പേരില്‍ ഫോണ്‍കാള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ എംബസിയുടെ വിശദീകരണം.
വധശിക്ഷ നടപ്പിലാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി അറിയിച്ചെന്ന നിമിഷ പ്രിയയുടെ സന്ദേശമാണ് പുറത്തുവന്നത്. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്നാണ് നിമിഷ പ്രിയ സന്ദേശത്തില്‍ പറയുന്നത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപ്പാളിനാണ് ഓഡിയോ സന്ദേശം ലഭിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയോ ഇന്ത്യന്‍ എംബസി അധികൃതരുടെയോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിരുന്നില്ല, യെമനില്‍ ഇപ്പോള്‍ കോടതികള്‍ അവധിയാണെന്നും നിമിഷപ്രിയയുടെ സന്ദേശം ശരിയാണോയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ മെമ്പര്‍ സാമുവലും പറഞ്ഞിരുന്നു.

2017ല്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയ്ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ഈ ചര്‍ച്ചകള്‍ വഴിമുട്ടി. തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ പ്രിയ. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ അബ്ദു മഹ്ദി പാസ്പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം.