CrimeNEWS

ഭക്ഷണം കഴിക്കാന്‍പോലും പണമുണ്ടായില്ല, ഐബി ഉദ്യോഗസ്ഥയുടെ ശമ്പളത്തിന്റെ ഒരു ഭാഗം പതിവായി സുകാന്തിന്റെ അക്കൗണ്ടിലേക്ക്; സുഹൃത്ത് ഒളിവില്‍

പത്തനംതിട്ട: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തില്‍ സുഹൃത്തായ ഐബി ഉദ്യോഗസ്ഥന്‍ ഒളിവില്‍. ഓഫീസിലും മലപ്പുറത്തെ വീട്ടിലും തിരഞ്ഞിട്ടും ഐബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. സുകാന്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. മേഘയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് 3 ദിവസം കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

അതിനിടെ, കോന്നി പൂഴിക്കാട് മേഘയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കുടുംബം രംഗത്തുവന്നു. മകളുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചതില്‍നിന്ന്, ട്രെയിനിങ് പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ച 2024 മേയ് മുതലുള്ള ശമ്പളത്തിന്റെ ഒരു ഭാഗം പതിവായി സുകാന്തിന്റെ അക്കൗണ്ടിലേക്കു മാറ്റിയിരുന്നു എന്നതിനു തെളിവു ലഭിച്ചതായി മേഘയുടെ പിതാവ് മധുസൂദനന്‍ പറഞ്ഞു. ആദ്യ കാലങ്ങളില്‍ കൊടുത്തിരുന്ന പണം പലപ്പോഴായി തിരികെ മകളുടെ അക്കൗണ്ടിലേക്ക് വന്നിട്ടുള്ളതിന് രേഖയുണ്ടെങ്കിലും പിന്നീട് പണം അങ്ങോട്ടു മാത്രമാണ് പോയിട്ടുള്ളതെന്നും മധുസൂദനന്‍ പറയുന്നു.

Signature-ad

മേഘ ട്രെയിനിന് മുന്നില്‍ ചാടുന്നതിന് മുന്‍പ് ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്നത് ഇയാളോടായിരുന്നെന്നും ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലായിരുന്നു മേഘയെന്ന് സുഹൃത്തുക്കള്‍ വഴി അറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മേഘ ഇയാളില്‍ നിന്ന് കടുത്ത ഭീഷണി നേരിട്ടതായി സംശയിക്കുന്നുണ്ടെന്നും പിതാവ് പറഞ്ഞു. മേഘയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പേട്ട പൊലീസിന് കൈമാറിയിട്ടുണ്ട്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയ മേഘയെ തിങ്കളാഴ്ചയാണ് തിരുവനന്തപുരം ചാക്ക റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

അതേസമയം, മരണത്തിന് തൊട്ടുമുന്‍പ് മേഘയെ ഫോണില്‍ വിളിച്ചത് ഐബി ഉദ്യോഗസ്ഥനായ സുഹൃത്താണെന്നാണ് പൊലീസ് പറയുന്നത്. എട്ട് സെക്കന്‍ഡ് മാത്രമായിരുന്നു കോളിന്റെ ദൈര്‍ഘ്യം. സംഭവദിവസം രാവിലെയും മേഘയും സുഹൃത്തും പരസ്പരം വിളിച്ച കോളുകളെല്ലാം സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ളതാണ്. മേഘയെ ട്രെയിന്‍ തട്ടിയതോടെ മൊബൈല്‍ ഫോണ്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ സുഹൃത്ത് പലരെയും മേഘ താമസസ്ഥലത്ത് എത്തിയോ എന്ന് അന്വേഷിച്ചതായും പൊലീസ് പറയുന്നു. റെയില്‍വേ ട്രാക്കില്‍ നിന്ന് ലഭിച്ച മേഘയുടെ തകര്‍ന്ന മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് ലാബില്‍ പരിശോധിച്ച് വരികയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: