
സമകാലിക രാഷ്ട്രീയ വിഷയങ്ങളിലേക്കും ചരിത്രപരമായ യാഥാർത്ഥ്യങ്ങളിലേക്കും വെളിച്ചം വീശുന്ന ‘എമ്പുരാ’നിലെ വിവാദ രംഗങ്ങൾ ഒഴിവാക്കുന്നു. ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്തും ചില രംഗങ്ങൾ ഒഴിവാക്കിയുമാണ് ചിത്രം ഇനി തീയേറ്ററുകളിലെത്തുക. 27 മിനിറ്റോളം സിനിമയിൽ നിന്ന് മുറിച്ചു മാറ്റുമത്രേ. 17ലേറെ രംഗങ്ങൾ എഡിറ്റു ചെയ്തു നീക്കുമ്പോൾ സിനിമയുടെ ഹൃദയം തന്നെ അറുത്തു മാറ്റുന്നതിനു തുല്യമായിരിക്കും.
ഒരു സാധാരണ വാണിജ്യ സിനിമ എന്നതിലുപരി, പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചലച്ചിത്ര ആസ്വാദനത്തിൻ്റെ പുതിയ തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകയും ചെയ്യുന്നു ‘എമ്പുരാൻ.’

മോഹൻലാലിൻ്റെ അബ്രാം ഖുറേഷിയുടെ വിശ്വസ്തനാണ് പൃഥ്വിരാജ് ജീവൻ പകർന്ന സായിദ് മസൂദി. ഗുജറാത്ത് കലാപത്തിൽ അനാഥനായ സായിദിൻ്റെ കഥ, അഭിമന്യു സിംഗിൻ്റെ ബൽരാജ് എന്ന വില്ലൻ കഥാപാത്രവുമായി ഇഴചേർന്നു കിടക്കുന്നു. ഹൃദയസ്പർശിയായ വൈകാരികതയിലൂടെയാണ് ഈ ഭാഗം മുന്നോട്ട് പോകുന്നത്.
സിനിമയിലെ പ്രധാന രംഗത്ത്, ബൽരാജിൻ്റെ കൂട്ടാളികൾ ഗർഭിണിയായ ഒരു മുസ്ലീം സ്ത്രീയെ ആക്രമിക്കുന്ന രംഗം കാണിക്കുന്നു. ഈ ദൃശ്യം, 2002-ലെ ഗുജറാത്ത് കലാപത്തിൻ്റെ കറുത്ത ഏടുകളിൽ ഒന്നായ നരോദ പാട്യ കൂട്ടക്കൊലയെ ഓർമ്മിപ്പിക്കുന്നു. ഗുജറാത്ത് കലാപം ഏറ്റവും കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിൽ ഒന്നാണ് നരോദ. ഇവിടെ, നരോദ പാട്യയിൽ 97 പേരും, തൊട്ടടുത്തുള്ള നരോദ ഗാവിൽ 11 പേരുമാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.
അഭിമന്യു സിംഗിൻ്റെ കഥാപാത്രത്തിന് ‘ബാബ ബജ്റംഗി’ എന്ന് പേര് നൽകിയത് യാദൃശ്ചികമല്ലെന്ന് തീർച്ച. ഈ പേര്, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിട്ട വ്യക്തിയെ ഓർമ്മിപ്പിക്കും. ബാബുഭായ് പട്ടേൽ എന്ന ബാബു ബജ്റംഗി, ഗുജറാത്തിലെ ബജ്റംഗ്ദൾ നേതാവായിരുന്നു. ഗുജറാത്ത് കലാപത്തിൽ ഇയാൾ പ്രധാന പങ്ക് വഹിച്ചു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. നരോദ പാട്യ കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരനായി കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേക കോടതി ഇയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2019 മാർച്ചിൽ സുപ്രീം കോടതി ആരോഗ്യപരമായ കാരണങ്ങളാൽ ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടുകളിൽ ഒന്നാണ് 2002 ലെ ഗുജറാത്തിൽ നടന്ന വർഗീയ കലാപം. അയോധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന ട്രെയിനിന്റെ ഒരു കോച്ച് ഗോദ്രയിൽ തീവെച്ച് നശിപ്പിക്കപ്പെട്ട സംഭവത്തെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഈ ട്രെയിനിലെ 59 തീർത്ഥാടകർ വെന്തുമരിച്ചു. ഇതിന് പിന്നാലെ ഗുജറാത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അക്രമങ്ങൾ അരങ്ങേറി. ഔദ്യോഗിക കണക്കുകൾ പ്രകാരം ആയിരത്തിലധികം ആളുകൾ കലാപത്തിൽ കൊല്ലപ്പെട്ടു. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലും എത്രയോ അധികമായിരിക്കാം എന്ന് പല മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു. കലാപത്തിൽ നിരവധി പേർക്ക് വീട് നഷ്ടപ്പെട്ടു. അനേകം പേർ പലായനം ചെയ്തു.
‘എമ്പുരാൻ’ എന്ന സിനിമ ഗുജറാത്ത് കലാപത്തിൻ്റെ ഭീകരതയെ പൂർണമായി അവതരിപ്പിക്കുന്നില്ലെങ്കിലും, അതിലെ ചില സൂചനകൾ ചർച്ചയാക്കുന്നു. മാർച്ച് 27 ന് റിലീസ് ചെയ്ത എമ്പുരാൻ ആദ്യ രണ്ട് ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു.
ഇതിനിടെയാണ് ആർഎസ്എസ് മുഖപത്രവും നേതാക്കളും ഈ സിനിമക്കെതിരെ രൂക്ഷവിമർശനവുമായി
രംഗത്തെത്തിയത്. മോഹൻലാൽ ആരാധകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചെന്നുമാണ് ഓർഗനൈസറിലെ വിമർശനം. തുടർന്നാണ് നിർമാതാവ് ജി സുരേഷ് കുമാറും സംവിധായകൻ മേജർ രവിയും ഇടപെട്ട് സിനിമയിലെ വിവാദമായ രംഗങ്ങൾ ഒഴിവാക്കി പുതിയ പതിപ്പ് സെൻസർ ബോർഡിന്റെ മുന്നിൽ സമർപ്പിക്കാൻ നിർദേശിച്ചത്. ബി.ജെ.പി- ആർ.എസ്.എസ് നേ താക്കളാണ് ഇരുവരും എന്നതാണ് പ്രസക്തമായ കാര്യം. കലാപത്തിൻ്റെ കൂടുതൽ ദൃശ്യങ്ങളും വില്ലൻ കഥാപാത്രത്തിന്റ പേരും തുടങ്ങി 17 ലേറെ ഭാഗങ്ങളിൽ പ്രസക്തമായ മാറ്റം വരുത്തും.
മൂന്നുമണിക്കൂറിലധികം ദൈർഘ്യമുള്ള സിനിമയിൽ 27 മിനിറ്റ് ഒഴിവാക്കുമ്പോൾ എങ്ങനെ അത് ആസ്വാദനത്തെ ബാധിക്കുമെന്നും ശേഷമുള്ള സിനിമയുടെ ദൈർഘ്യം എന്താണെന്നും കാത്തിരുന്ന് കാണേണ്ടിവരും.