CrimeNEWS

സഹപാഠിയുടെ ഫോണ്‍ നമ്പര്‍ നല്‍കിയില്ല; എടപ്പാളില്‍ 18കാരനെ ലഹരി സംഘം തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു

മലപ്പുറം: എടപ്പാളില്‍ ലഹരി സംഘം വടിവാള്‍ കാണിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി മര്‍ദിച്ചുവെന്ന് പരാതി.കുറ്റിപ്പാല സ്വദേശിയായ 18കാരനെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. സഹപാഠിയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചിട്ട് നല്‍കിയില്ല എന്നാരോപിച്ചാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. ഓടിരക്ഷപ്പെടുന്നതിനിടെ ബലമായി ബൈക്കില്‍ പിടിച്ചുകയറ്റിക്കൊണ്ടുപോകുകയായിരുന്നു.

ബൈക്കിന് പിന്നിലുണ്ടായിരുന്ന കാറിലെ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തി ചങ്ങരംകുളം പൊലീസിന് കൈമാറിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ പൊന്നാനി സ്വദേശികളായ മൂന്ന് പേര്‍ പിടിയിലായി. മുബഷിര്‍ മുഹമ്മദ് ,യാസിര്‍ , 17 വയസുകാരനുമാണ് പിടിയിലായത്. വടിവാളുമായി യുവാവിനെ തട്ടികൊണ്ട് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.

Signature-ad

അതിനിടെ,സംസ്ഥാനത്ത് ലഹരിമാഫിയയുടെ അതിക്രമങ്ങള്‍ കൂടിവരികയാണ്. തിരുവനന്തപുരം ചിറയിന്‍കീഴ് കുറകടയില്‍ ലഹരി മാഫിയ വീട്ടിലെ സിസിടിവി അടിച്ച് തകര്‍ത്തു പരാതി. നാട്ടുകാര്‍ പ്രദേശത്ത് ലഹരിക്കെതിരെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. വീടുകളില്‍ സിസിടിവിയും സ്ഥാപിച്ചിരുന്നു. അപരിചിതരായ ആളുകള്‍ പ്രദേശത്ത് വന്നു പോയിരുന്നതായി നാട്ടുകാര്‍ പറയുന്നു. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലെ സിസിടിവി ക്യാമറയാണ് യുവാവ് അടിച്ചത് തകര്‍ത്തത്. യുവാവിനെ നാട്ടുകാര്‍ പിടികൂടി മംഗലപുരം പോലീസില്‍ ഏല്‍പ്പിച്ചു.

അതേസമയം, പരിശോധനങ്ങള്‍ ശക്തമാക്കിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. എറണാകുളത്ത് കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും എംഡിഎംഎയും കണ്ടെടുത്തു. ആലുവ സ്വദേശി വിവേകിന്റെ വീട്ടില്‍ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്.

പെരുമ്പാവൂരില്‍ രണ്ടര കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയിലായി.ഒഡിഷ സ്വദേശി സന്തോഷ് മഹന്ദി, അസം സ്വദേശി ദിനുല്‍ ഇസ്‌ലാം എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ചാക്കിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് പിടിച്ചെടുത്തത്.

രാമനാട്ടുകരയില്‍ കഞ്ചാവ് മൊത്തവിതരണക്കാര്‍ പിടിയിലായി. ഒഡിഷ സ്വദേശികളായ ബസുദേവ് മഹാപത്ര,ദീപ്തി രഞ്ചന്‍ മാലിക് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഏഴു കിലോ കഞ്ചാവ് പിടികൂടി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: