KeralaNEWS

”അള്ളാഹുവിന് മാത്രമെ വഴിപാടുകള്‍ അര്‍പ്പിക്കാവൂ, മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് കഴിച്ചതില്‍ മമ്മൂട്ടി തൗബ ചെയ്യണം; സമുദായത്തോട് മാപ്പ് പറയണം!”

മ്മൂട്ടിക്കുവേണ്ടി ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് കഴിച്ചതിനെതിരെ മാധ്യമം ദിനപ്പത്രത്തിന്റെ മുന്‍ എഡിറ്ററും, ജമാ അത്തെ ഇസ്ലാമി പ്രഭാഷകനുമായ ഒ അബ്ദുല്ല. കഴിഞ്ഞ ദിവസം ശബരിമലയില്‍ എത്തി ദര്‍ശനം നടത്തിയപ്പോള്‍ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ വഴിപാട് മോഹന്‍ലാല്‍ നടത്തിയിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് ഒ അബ്ദുള്ള രൂക്ഷ പരാമര്‍ശങ്ങളുമായി യു ട്യൂബ് ചാനലിലൂടെ രംഗത്തെത്തിയത്.

മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം, മുസ്ലീം സമുദായത്തോട് മാപ്പു പറയണമെന്നും അദേഹം ആവശ്യപ്പെട്ടു. വളരെ ഗുരുതരമായ ഒരു വീഴ്ചയാണ് മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു. അദ്ദേഹത്തിന്റെ പേരില്‍ ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയിരിക്കുന്നു എന്നാണ് വാര്‍ത്ത.

Signature-ad

ഇത് മമ്മൂട്ടി പറഞ്ഞ് എല്‍പ്പിക്കാതെ, മോഹന്‍ലാലിന്റെ വിശ്വാസം അനുസരിച്ച് അദ്ദേഹം ചെയ്തതാണെങ്കില്‍, ആ സംഭവത്തില്‍ മമ്മൂട്ടി നിരപരാധിയാണ്, അദ്ദേഹത്തെ ഒട്ടും തന്നെ വിമര്‍ശിക്കാന്‍ പാടില്ല. കാരണം മോഹന്‍ലാലിന്റെ ശബരിമല ശാസ്താവിലുള്ള വിശ്വാസം ആത്രത്തോളം വലുതാണ്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ചെയ്തതാണെങ്കില്‍ പ്രശ്നമില്ല.

പക്ഷേ മമ്മൂട്ടി പറഞ്ഞ് എല്‍പ്പിച്ചാണ് ചെയ്തതെങ്കില്‍ അത് മഹാ അപരാധമാണ്്. കാരണം, അള്ളാഹുവിന് മാത്രമെ വഴിപാടുകള്‍ അര്‍പ്പിക്കാന്‍ പാടുള്ളൂ. അള്ളാഹുവിനോട് മാത്രമേ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ, അള്ളാഹുവിനോടെ സഹായം തേടാന്‍ പാടുള്ളൂ. ഇതിന്റെ എല്ലാം ലംഘനമാണ് അത്.

പ്രവാചകന്റെ കാലത്തുതന്നെ വിലക്കപ്പെട്ടതാണിത്. ലാത്ത, മനാത്തയാവട്ടെ, ഉസ്സയാവട്ടെ ശബരിമല ശാസ്താവാട്ടെ അള്ളാഹുവിന്റെ ഏകത്വത്തില്‍ പങ്കുചേര്‍ക്കാനോ, അതിന് വിരുദ്ധമായത് പ്രവര്‍ത്തിക്കുന്നത് എന്ത് കാരണത്താലും ശരിയല്ല. മമ്മൂട്ടിയില്‍നിന്ന് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമാണ്. അദ്ദേഹം അറിഞ്ഞുകൊണ്ട് ചെയ്തതാണോ എന്ന്, സമുദായത്തോട് വ്യക്തമാക്കണം. ഇല്ലെങ്കില്‍ വലിയൊരു വ്യതിയാനമായി അതിനെ, കണക്കാക്കപ്പെടും. പ്രത്യേകിച്ച് റമാദാന്‍ മാസത്തില്‍, അത് ഒരിക്കലം അനുവദിക്കാന്‍ പാടില്ല. മുസ്ലീം മതപണ്ഡിതന്‍മാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഒ അബ്ദുല്ല വീഡിയോയില്‍ പറഞ്ഞു.

എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ അടക്കം ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. മമ്മൂട്ടി സഹോദരനും സുഹൃത്തുമാണ്. ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. മമ്മൂട്ടി സുഖമായിരിക്കുന്നു. എല്ലാവരെയും പോലെ അദ്ദേഹത്തിന് ഒരു ചെറിയ പ്രശ്‌നമുണ്ടായിരുന്നു. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. എമ്പുരാന്റെ റീലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ ചോദ്യത്തിന് മറുപിടിയായാണ് മോഹന്‍ലാന്റെ പ്രതികരണം.

ശബരിമല ദര്‍ശനം നടത്തിയ മോഹന്‍ലാല്‍ നടന്‍ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തിയത് വാര്‍ത്തയായിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹന്‍ലാല്‍ വഴിപാട് നടത്തിയത്. എമ്പുരാന്‍ റിലീസിന് ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലായിരുന്ന അദ്ദേഹം ശബരിമല ദര്‍ശനം നടത്തിയത്. പമ്പയില്‍ നിന്നും ഇരുമുടിക്കെട്ട് നിറച്ചായിരുന്നു മോഹന്‍ലാല്‍ സന്നിധാനത്ത് എത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: