CrimeNEWS

ഗുണ്ടയുടെ കാമുകിക്ക് ‘ഹലോ’ അയച്ചു; അരൂക്കുറ്റിയില്‍ യുവാവിന്റെ വാരിയെല്ല് അടിച്ചൊടിച്ചു

ആലപ്പുഴ: ഗുണ്ടയുടെ പെണ്‍സുഹൃത്തിന് ഇന്‍സ്റ്റഗ്രാമില്‍ ഹെലോ എന്ന് സന്ദേശമയച്ചതിന് ക്രൂര മര്‍ദ്ദനമേറ്റതായി പരാതി. അരൂക്കുറ്റിയിലായിരുന്നു സംഭവം. യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. മര്‍ദനമേറ്റ ജിബിന്റെ വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിന് ക്ഷതമേറ്റു. ഗുരുതര പരിക്കുകളോടെ ജിബിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ജിബിന്‍. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഹെലോ എന്ന് സന്ദേശം അയച്ചതിന്റെ പ്രകോപനത്തിലാണ് അരൂക്കുറ്റി പാലത്തില്‍വെച്ച് ഗുണ്ടകള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതെന്നാണ് ആരോപണം. ഇതിന് ശേഷം ജിബിന്റെ ബൈക്കില്‍ തന്നെ അരൂക്കുറ്റിക്ക് അടുത്തുള്ള ഒഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം.

Signature-ad

പ്രഭിജിത്, കൂട്ടാളി സിന്തല്‍ എന്നിവര്‍ ചേര്‍ന്നാണ് ജിബിനെ മര്‍ദിച്ചതെന്ന് ജിബിന്റെ സഹോദരന്‍ ലിബിന്‍ പറഞ്ഞു. ഒഴിഞ്ഞ വീട്ടില്‍ വെച്ച് പട്ടികകൊണ്ട് തുടയിലും ശരീരത്തിലും ആഞ്ഞടിച്ചെന്നും ലിബിന്‍ പറഞ്ഞു.

മര്‍ദ്ദനത്തിന് ശേഷം ഗുണ്ടകള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ബോധം വന്നപ്പോള്‍ വീട്ടില്‍ ഗുണ്ടകളെയൊന്നും കാണാത്തതിനെത്തുടര്‍ന്ന് അവിടെ നിന്ന് ജിബിന്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്. തുടര്‍ന്ന് സുഹൃത്തുക്കളെ വിളിച്ച് ആശുപത്രിയില്‍ എത്തി. ചേര്‍ത്തല ആശുപത്രിയില്‍ എത്തിയപ്പോള്‍ ഗുരുതര പരിക്കുകളുണ്ട് എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മര്‍ദ്ദനത്തില്‍ നട്ടെല്ല് ഒടിഞ്ഞ് ആന്തരികാവയവയങ്ങളിലേക്ക് കയറിയിട്ടുണ്ട് എന്നാണ് സ്‌കാനിങ്ങില്‍ വ്യക്തമായത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: