KeralaNEWS

ജനത്തെ കബളിപ്പിക്കുന്ന സ്വകാര്യ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ: എത്ര വിദഗ്ധ ചികിത്സ നൽകിയാലും ക്ലെയിം നിഷേധിച്ച് നിവയും സ്റ്റാറും, ഒടുവിൽ പിഴ ചുമത്തി ഉപഭോക്തൃ കോടതി

   മമ്മൂട്ടി നായകനായ ‘ഇമ്മാനുവൽ’ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളുടെ തട്ടിപ്പുകളുടെ ഉള്ളറകളിലേയ്ക്കു വെളിച്ചം വീശുന്ന സിനിമയാണ്. പല വാഗ്ദാനങ്ങളും നൽകി പ്രലോഭിപ്പിച്ച്  സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളിൽ ചേർത്ത ശേഷം രോഗത്തിനു ചികിത്സ തേടി ക്ലെയിമിനു സമീപിക്കുമ്പോൾ  കൈമലർത്തുന്നു. അതാണ് ഈ സിനിമയുടെ ഉളളടക്കം.
നിവ ഹെൽത്ത് ഇൻഷുറൻസ്, സ്റ്റാർ ഹെൽത്ത് തുടങ്ങിയ പ്രധാന സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളെക്കുറിച്ച് വ്യാപക പരാതികളാണ് ഉയർന്നു കേൾക്കുന്നത്.

കഴുത്തുവേദനയുമായി ആശുപത്രിയിൽ അഡ്മിറ്റായി അഞ്ചുദിവസം കഴിഞ്ഞ് വേദന മാറി ഡിസ്ചാർജ് ആയപ്പോൾ ഇൻഷുറൻസ് കമ്പനിയുടെ വാദം, അവിടെ നടന്നത് ചികിത്സയല്ലെന്നും വെറും നിരീക്ഷണം മാത്രമെന്നും അതിനാൽ ക്ലെയിം അനുവദിക്കാൻ കഴിയില്ലെന്നും! ഇതോടെയാണ് കോതമംഗലം സ്വദേശി ഡോൺ ജോയ്, നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

Signature-ad

പരാതിക്കാരൻ സമർപ്പിച്ച രേഖകളിൽ, സ്റ്റിറോയ്ഡ് അടക്കം വേദനസംഹാരികൾ നൽകി ചികിത്സ നടത്തിയതിൻ്റെ വിവരങ്ങളുണ്ട്. ഇൻജക്ഷൻ, ഫിസിയോതെറാപ്പി അടക്കം പലതും ചെയ്തതും വ്യക്തമാണെന്ന് ഉപഭോക്തൃ കോടതി നിരീക്ഷിച്ചു. അവൃക്തമായ കാരണങ്ങൾ പറഞ്ഞ് ക്ലെയിം നിഷേധിക്കുന്നത് പോളിസിയുടെ ലക്ഷ്യത്തെ തന്നെ തകർക്കുന്നു. ഇത് അന്യായമാണെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

നിവ ഹെൽത്ത് ഇൻഷുറൻസിൻ്റെ ‘മാക്സ് ഹെൽത്ത്’ എന്ന പോളിസിയാണ് പരാതിക്കാരൻ എടുത്തത്. 2023 ജൂലൈ 29 മുതൽ തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സ തേടിയതിൻ്റെ 21,965 രൂപയുടെ ബില്ലാണ് തർക്കത്തിലായത്.

പോളിസി നിബന്ധനകൾ പ്രകാരമാണ് ക്ലെയിം നിഷേധിച്ചതെന്ന് കോടതിയിൽ നിലപാടെടുത്ത കമ്പനിയോട്, ഉടനടി ചികിത്സാ ചിലവും നഷ്ടപരിഹാരവും കോടതിചിലവും കണക്കാക്കി ആകെ 36,965 രൂപ പരാതിക്കാരന് നൽകാനാണ് ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: