CrimeNEWS

പൊലീസിനെ കണ്ടപ്പോള്‍ വിഴുങ്ങി; യുവാവിന്റെ വയറ്റില്‍നിന്ന് എംഡിഎംഎ കണ്ടെത്തി, പരിശോധനയില്‍ സ്ഥിരീകരണം

കോഴിക്കോട്: എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തി. താമരശ്ശേരി ചുടലമുക്കില്‍ താമസിക്കുന്ന അരേറ്റുംചാലില്‍ മുഹമ്മദ് ഫായിസ് അഹദി(27)ന്റെ വയറ്റില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.

ആദ്യഘട്ടത്തില്‍ സിടി സ്‌കാന്‍ എടുത്തു. അതില്‍ വയറ്റില്‍ തരി പോലെ എന്തോ ഒന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ എന്‍ഡോസ്‌കോപ്പി അടക്കമുള്ള തുടര്‍ പരിശോധനയിലാണ് എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അതേസമയം, എത്ര അളവില്‍ എംഡിഎംഎ ശരീരത്തിലുണ്ടെന്ന് വ്യക്തമായിട്ടില്ല.

Signature-ad

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച ലക്ഷണങ്ങളോടെ വീടിനകത്ത് ബഹളംവെച്ച മുഹമ്മദ് ഫായിസിനെ നാട്ടുകാര്‍ വിവരമറിയിച്ചപ്രകാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു. അക്രമാസക്തനായ ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇതിനിടെ മുഹമ്മദ് ഫായിസ് കൈയിലുള്ള പാക്കറ്റ് വിഴുങ്ങിയതായി നാട്ടുകാരിലൊരാള്‍ പൊലീസിനോട് സംശയം പ്രകടിപ്പിച്ചു. യുവാവിന്റെ പക്കല്‍നിന്ന് എംഡിഎംഎയാണെന്ന് കരുതുന്ന പാക്കറ്റ് പൊലീസ് കണ്ടെടുത്തിരുന്നു.

ഫായിസിനെ പിടികൂടിയ പൊലീസ് ആദ്യം താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. താന്‍ ലഹരിവസ്തുക്കളൊന്നും വിഴുങ്ങിയിട്ടില്ലെന്നാണ് മെഡിക്കല്‍ ഓഫീസറോടും യുവാവ് പറഞ്ഞത്. നേരത്തെ, മാര്‍ച്ച് എട്ടിന് ലഹരിമരുന്ന് കവര്‍ സഹിതം വിഴുങ്ങിയ മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഷാനിദ് മരിച്ചിരുന്നു. ഷാനിദിന്റെ സുഹൃത്താണ് മുഹമ്മദ് ഫായിസെന്നാണ് പൊലീസ് പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: