
കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ പൊലീസില്‍ ഏല്പിച്ച് അമ്മ. കോഴിക്കോട് എലത്തൂര്‍ സ്വദേശി രാഹുലിനെ (26)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ ഇയാള്‍ വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരം ഭീഷണി തുടര്‍ന്നതോടെയാണ് മകനെതിരെ അമ്മ മിനി പൊലീസില്‍ പരാതി നല്‍കിയത്.
പോക്‌സോ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ രാഹുല്‍ 9 മാസത്തോളം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവില്‍ നടക്കുകയായിരുന്നു. ഇതിനിടെയാണ് വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. തുടര്‍ന്ന് ഇന്ന് രാവിലെ മിനി പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ രാഹുല്‍ കഴുത്തില്‍ ബ്ലെയ്ഡ് വച്ച് ആത്മഹത്യ ഭീഷണി മുഴക്കി. തുടര്‍ന്ന് പൊലീസ് അനുനയിപ്പിച്ച് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

സമ്പാദ്യം മുഴുവനും നശിപ്പിച്ചു. പണം നല്‍കണമെന്നാവശ്യപ്പെട്ട് വീട്ടില്‍ നിരന്തരം ബഹളമുണ്ടാക്കി. വസ്ത്രങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. നിവൃത്തിയില്ലാതെ വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും മിനി പറഞ്ഞു. മുന്‍പും രാഹുലിനെതിരെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാഹുലിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മിനി മാധ്യമങ്ങളോട് പറഞ്ഞു.
വീടിന് അകത്തുപോലും മകന്‍ പതിവായി ലഹരി മരുന്ന് ഉപയോഗിക്കാറുണ്ട്. പലതവണ അക്രമാസക്തനായിട്ടുണ്ട്. വിമുക്തി കേന്ദ്രത്തിലും മകനെ പ്രവേശിപ്പിച്ചിരുന്നുവെന്നും അമ്മ വ്യക്തമാക്കി. കോഴിക്കോട്, താമരശ്ശേരി, കൂരാച്ചുണ്ട്, ഇടുക്കി ജില്ലയിലെ പീരുമേട് പൊലീസ് സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.