പത്താംക്ലാസ് ഇംഗ്ലീഷ്- മലയാളം മീഡിയം വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ, മൂന്ന് വിദ്യാർഥികൾക്കു കുത്തേറ്റു

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ പത്താംക്ലാസ് വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ എഴുതാനെത്തിയ പത്താംക്ലാസ് മലയാളം- ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
ഏറ്റുമുട്ടലിൽ മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു. തലയ്ക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. വിദ്യാർഥികളിലൊരാൾ കത്തി ഉപയോഗിച്ച് മറ്റു വിദ്യാർഥികളെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. പത്താം ക്ലാസ് വിദ്യാർഥികളായ ഫർഹാൻ, മുഹമ്മദ് അജ്മൽ, മുഹമ്മദ് റിസ് ലാൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മൂന്ന് വിദ്യാർഥികൾ ചേർന്നാണ് ആക്രമിച്ചതെന്നാണ് അറിയുന്നത്. ഇതിൽ ഒരാൾ കത്തി ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. കുത്തിയ വിദ്യാർഥിയെ നേരത്തെ സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് പരീക്ഷ എഴുതാൻ മാത്രം അധ്യാപകർ അനുവാദം നൽകിയതായിരുന്നു. ഒൻപതാം ക്ലാസ് മുതൽ വിദ്യാർഥികൾ തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.