
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന വിഴിഞ്ഞം ഭൂഗർഭ റെയിൽപാത ഡിപിആറിന് മന്ത്രിസഭായോഗം അനുമതി നൽകി. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ തയ്യാറക്കിയ ഡിറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ടി(ഡപിആർ) നാണ് അനുമതി നൽകിയത്. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് വിഴിഞ്ഞം ഭൂഗർഭ റെയിൽപാത. 5.526 ഹെക്ടർ സ്ഥലം ഏറ്റെടുക്കാൻ 198 കോടി രൂപ ഉൾപ്പെടെ പദ്ധതിക്കായി1482.92 കോടിയാണ് ചെലവ് കണക്കാക്കുന്നത്. റെയില്‍ പാത 2028 ഡിസംബറിന് മുമ്പ് ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം.
പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കൽ നടപടി വേഗത്തിലാക്കിയെന്ന് തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി. വിഴിഞ്ഞം ഭൂഗർഭ റെയിൽ പാതയ്ക്കായി ബാലരാമപുരം, അതിയന്നൂർ, പള്ളിച്ചൽ വില്ലേജുകളിൽപ്പെട്ട 4.697 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിൽ വിഴിഞ്ഞം വില്ലേജിൽപ്പെട്ട 0.829 ഹെക്ടർ സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുന്നു.

കൊങ്കൺ റെയിൽ കോർപറേഷൻ തയ്യാറാക്കിയ ഡിപിആറിന് ദക്ഷിണ റെയിൽവേയുടെ അംഗീകാരം 2022 മാർച്ചിൽ തന്നെ ലഭിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പാരിസ്ഥിതികാനുമതിയും ലഭ്യമായിട്ടുണ്ട്. പദ്ധതിയുടെ ഡി പി ആറിന് മന്ത്രിസഭാ അംഗീകാരം ലഭിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
കൊങ്കൺ റെയിൽ കോർപറേഷൻ തയ്യാറാക്കിയ ഡിപിആർ അനുസരിച്ച് 10.7 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ പാതയാണ് വിഭാവനം ചെയ്തിട്ടിരിക്കുന്നത്. ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ 9.43 കിലോമീറ്റർ ദൂരവും ടണലിലൂടെയാണ് കടന്നുപോകുന്നത്. കൺസഷൻ എഗ്രിമെൻ്റ് പ്രകാരം വിഴിഞ്ഞം തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽപാത നിർമിക്കാൻ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായുള്ള പുതിയ കരാർ പ്രകാരം അവസാന തീയതി 2028 ഡിസംബർ ആണ്.
ന്യൂ ഓസ്ട്രിയൻ ടണലിങ് മെതേഡ് (എൻ എടി എം) സാങ്കേതികവിദ്യയാവും ഭൂഗർഭപാതയുടെ നിർമാണത്തിനായി ഉപയോഗിക്കുക. ടേബിൾ ടോപ്പ് രീതിയിലാവും ഭൂഗർഭപാത ബാലരാമപുരത്തേക്ക് എത്തുക. റെയിൽപ്പാതയുടെ നിർമാണത്തിന് മാത്രം 1402 കോടിയാണ് ചെലവ്. ഇത് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കും