CrimeNEWS

ഷിബിലയുടെ ശരീരത്തിൽ 11 മുറിവുകൾ: ആദ്യം മറ്റൊരു നിക്കാഹ്, ശേഷം യാസിറിനൊപ്പം ഇറങ്ങിവന്ന യുവതി ഒടുവിൽ ഭർത്താവിൻ്റെ കൊലക്കത്തിയിൽ പിടഞ്ഞു മരിച്ചു

   ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ ഷിബിലയുടെ ശരീരത്തിലാകെ 11 മുറിവുകൾ. ഭര്‍ത്താവ് യാസിര്‍ ഷിബിലയെ വെട്ടിക്കൊന്നത് ചൊവ്വാഴ്ച സന്ധ്യക്കാണ്. ഷിബിലയുടെ മാതാപിതാക്കളായ അബ്ദുറഹ്‌മാന്‍, ഹസീന എന്നിവരേയും യാസിര്‍ ആക്രമിച്ചു.  അബ്ദുറഹ്‌മാന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുന്നു. ചികിത്സയിലുള്ള ഹസീന അപകടനില പിന്നിട്ടു.

മദ്യ- രാസലഹരിയിൽ ഉണ്മത്തരായി അച്ഛനമ്മമാരെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തുന്ന എണ്ണമറ്റ സംഭവങ്ങളാണ് പ്രതിദിനം കേരളത്തിൽ അരങ്ങേറുന്നത്. രാസലഹരിയിൽ  താമരശ്ശേരിയിൽ ആഷിഖ് എന്ന യുവാവ് സ്വന്തം ഉമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൻ്റെ നടുക്കത്തിൽ നിന്നും നാട് കരകയറുന്നതിനു മുമ്പാണ് ആഷിഖിൻ്റെ അടുത്ത സുഹൃത്തായ യാസിർ മൂന്നു വയസുകാരി മകളുടെ മുന്നിൽ വച്ച് ഭാര്യയെ കൊല ചെയ്തത്. അയാൾ ഈ ക്രൂരകൃത്യം ചെയ്തത് ലഹരി ഉപയോഗിച്ച ശേഷമാണത്രേ.

Signature-ad

യാസിറും ഷിബിലയും മുമ്പ് പ്രണയത്തിലായിരുന്നു. ആദ്യം മുതലേ ഈ പ്രണയബന്ധത്തെ ഇരു വീട്ടുകാരും എതിർത്തിരുന്നു. മാത്രമല്ല ഷിബിലയെ മറ്റൊരാളുമായി നിക്കാഹ് കഴിപ്പിക്കുകയും ചെയ്തു.  പക്ഷേ ഷിബില യാസിറിനൊപ്പം ഇറങ്ങിപ്പോയി വിവാഹം റജിസ്റ്റർ ചെയ്തു.

അയൽവാസികളായിരുന്നു യാസിറും ഷിബിലയും. അവിടെ വച്ചാണ് ഇവർ പ്രണയത്തിലായത്. പിന്നീട് യാസിറിന്റെ കുടുംബം മറ്റൊരു സ്ഥലത്തേക്കുപോയി എങ്കിലും ബന്ധം തുടർന്നു. 2020ൽ  വിവാഹം കഴിഞ്ഞ ശേഷം ഷിബിലയും യാസിറും വാടകയ്ക്കാണ് താമസിച്ചിരുന്നത്. കുറച്ചു കാലം ബേക്കറിയിൽ ജോലി ചെയ്ത യാസിർ പിന്നീട് സ്വന്തമായി തട്ടുകട ആരംഭിച്ചു.

വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഷിബിലയെ യാസിർ മർദ്ദിച്ചിരുന്നു.  വീട്ടുകാരുടെ സമ്മതമില്ലാതെ  ഇറങ്ങിപ്പോയതിനാൽ തിരികെ വീട്ടിലേക്ക് വരാനോ പ്രശ്നങ്ങൾ പറയാനോ ഷിബിലയ്ക്ക് സാധിച്ചിരുന്നില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ഷിബില യാസിറിനെതിരേ പൊലീസില്‍ പരാതി നല്‍കി. യാസിര്‍ ലഹരി ഉപയോഗിച്ച് നിരന്തരം മർദ്ദിക്കുന്നു എന്നായിരുന്നു പരാതി. പക്ഷേ പരാതി പൊലീസ് അവഗണിച്ചു. യാസിറിൻ്റെ പീഡനങ്ങൾ രൂക്ഷമായതോടെ വാർഡ് മെമ്പർ ഇടപെട്ടെങ്കിലും പ്രശ്നങ്ങൾ പരിഹാരിക്കപ്പെട്ടില്ല.
കുടുംബ വഴക്കിനെത്തുടർന്ന് ഷിബില  രണ്ടാഴ്ചയായി സ്വന്തം വീട്ടിലാണ് താമസം. ഇന്നലെ വൈകിട്ട്  7 മണിയോടെ യാസിർ  ഇവിടെയെത്തിയാണ് ഷിബിലയെ വെട്ടിക്കൊന്നത്.

അബ്ദുറഹ്മാൻ എതിർക്കുന്നതു കൊണ്ടാണ് ഷിബില തന്റെ കൂടെ വരാത്തതെന്ന് കരുതി അദ്ദേഹത്തെ കൊല്ലാനാണ്  കത്തിയുമായി യാസിർ എത്തിയത്. ആദ്യം വീട്ടിൽ നിന്നിറങ്ങി വന്നത് ഷിബിലയായതിനാൽ ഷിബിലയെ കുത്തുകയായിരുന്നു. ഷിബിലയുെട കരച്ചിൽ കേട്ടാണ് അബ്ദുറഹ്മാൻ എത്തിയത്. അബ്ദുറ്മാനെയും പിന്നാലെ എത്തിയ ഹസീനയേയും കുത്തിയ ശേഷം യാസിർ കാർ ഓടിച്ചു രക്ഷപ്പെട്ടെങ്കിലും പൊലീസ്  പിടികൂടി. യാസിർ ഉൾപ്പെടുന്ന വലിയൊരു ലഹരി മരുന്ന് സംഘം അടിവാരം, ഈങ്ങാപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന്  നാട്ടുകാർ പറയുന്നു.

ലഹരി മാഫിയയുടെ പ്രധാന കണ്ണിയാണത്രേ യാസിർ. കഴിഞ്ഞ ആഴ്ച ലഹരി ഉപയോഗിച്ച് ബേധം നഷ്ടപ്പെട്ട യാസിർ ഷിബിലയുടെയും കുട്ടിയുടെയും വസ്ത്രങ്ങൾ ഉൾപ്പെടെ കത്തിച്ചുവെന്നും നാട്ടുകാർ പറഞ്ഞു.

Back to top button
error: