
ഉത്തർപ്രദേശിലെ മീററ്റില്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി വീപ്പയിൽ സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. സൗരഭ് കുമാര്‍ എന്ന 29 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഈ കൊടുംക്രൂരത ചെയ്ത ഭാര്യ മുസ്‌കാന്‍ റസ്തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും അറസ്റ്റിലായി.
ഭാര്യ മുസ്കാൻ റസ്തോഗിയും കാമുകൻ സാഹിൽ ശുക്ലയും ചേർന്ന് മാർച്ച് നാലാം തീയതി സൗരഭിന് ഭക്ഷണത്തിൽ ഉറക്കഗുളികകൾ കലർത്തി നൽകി. സൗരഭ് അബോധാവസ്ഥയിലായ ശേഷം, ഇരുവരും ചേർന്ന് കത്തി ഉപയോഗിച്ച് അദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തി. അതിനുശേഷം മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഒരു വലിയ വീപ്പയ്ക്കുള്ളിൽ ഇടുകയും, ദുർഗന്ധം ഉണ്ടാകാതിരിക്കാനും ശരീരം പുറത്തുവരാതിരിക്കാനും സിമന്റ് ഉപയോഗിച്ച് ഉറപ്പിക്കുകയും ചെയ്തു.

കൊലപാതകം നടത്തിയിട്ട് മകൾ പിഹുവിനെ മാതാവിനെ ഏൽപ്പിച്ച ശേഷം മുസ്കാൻ കാമുകനൊപ്പം വിനോദയാത്ര പോയി. യാതൊരു സംശയത്തിനും ഇടവരാതിരിക്കാനാണ് മുസ്കാനും സാഹിലും ചേർന്ന് സൗരഭിന്റെ മൊബൈൽ ഫോണുമായി മണാലിയിലേക്ക് യാത്ര ചെയ്തത്. അവിടെയെത്തിയ ശേഷം സൗരഭിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. സൗരഭ് ജീവിച്ചിരിപ്പുണ്ടെന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്.
സൗരഭിന്റെ ഫോൺ കൈവശം വെച്ച്, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു. എന്നാൽ, സൗരഭിനോട് നേരിട്ട് സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോഴെല്ലാം അവർ ഒഴിഞ്ഞുമാറി. ദിവസങ്ങളോളം സൗരഭിനെ ഫോണിൽ ലഭിക്കാതെ വന്നതോടെയാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് സംശയം തോന്നിയത്. തുടർന്ന് അവർ പൊലീസിൽ പരാതിപ്പെട്ടു.
കൊലപാതകം നടന്ന് ഏകദേശം 15 ദിവസങ്ങൾക്ക് ശേഷം, പൊലീസ് സൗരഭിന്റെ മൃതദേഹം കണ്ടെത്തി. തുടർന്ന് ഭാര്യ മുസ്കാനും കാമുകൻ സാഹിൽ ശുക്ലയും അറസ്റ്റിലായി.
സൗരഭ് രജ്പുത് മെർച്ചന്റ് നേവിയിലെ ജീവനക്കാരനായിരുന്നു. ഈ വർഷം ഫെബ്രുവരി 24 നാണ് അദ്ദേഹം ലണ്ടനിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയത്. മകളുടെ ആറാം പിറന്നാൾ ആഘോഷിക്കാൻ വേണ്ടിയാണ് ഫെബ്രുവരി 28 ന് സൗരദ് എത്തിയത്. സൗരഭും മുസ്കാനും 2016 ലാണ് വിവാഹിതരായത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു ഇവരുടെ വിവാഹം. കുറച്ചുകാലം കഴിഞ്ഞപ്പോൾ ഭാര്യയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടി സൗരഭ് നാവികസേനയിലെ ജോലി ഉപേക്ഷിച്ചു.
ഈ തീരുമാനം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് അത്ര താൽപര്യമുണ്ടായിരുന്നില്ല. പിന്നീട് ഇരുവരും ഇന്ദിരാനഗറിൽ ഒരു വാടക വീട്ടിൽ താമസമാക്കി. 2019 ൽ ഇവർക്ക് ഒരു മകൾ ജനിച്ചു. എന്നാൽ അധികം വൈകാതെ മുസ്കാന് സാഹിൽ ശുക്ലയുമായി അവിഹിത ബന്ധമുണ്ടെന്ന് സൗരഭ് അറിഞ്ഞു. ദമ്പതികൾക്കിടയിൽ ഇത് വലിയ പ്രശ്നങ്ങൾക്ക് കാരണമായി. വിവാഹമോചനം വരെ ആലോചിച്ചെങ്കിലും മകളുടെ ഭാവിയോർത്ത് സൗരഭ് ആ തീരുമാനത്തിൽ നിന്ന് പിന്മാറി. 2023 ൽ അദ്ദേഹം വീണ്ടും നാവികസേനയിൽ ചേരുകയും ജോലി സംബന്ധമായി രാജ്യം വിടുകയും ചെയ്തു. ഒടുവിൽ ഈ ബന്ധം സൗരഭിന്റെ ജീവനെടുക്കുന്നതിൽ കലാശിക്കുകയായിരുന്നു.