CrimeNEWS

പോലീസ് ജീപ്പിന് മുകളില്‍ കയറി ചില്ല് ചവിട്ടി തകര്‍ത്തു, നാട്ടുകാര്‍ക്ക് നേരെ കത്തിവീശി; അരീക്കോട് മയക്കുമരുന്ന് ലഹരിയില്‍ യുവാവിന്റെ പരാക്രമം

മലപ്പുറം: അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിണറടപ്പില്‍ മയക്കുമരുന്ന് ലഹരിയില്‍ യുവാവ് പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടി തകര്‍ത്തു. കിണറടപ്പ് സ്വദേശി നിയാസ് (30)നെയാണ് അരീക്കോട് എസ്.ഐ വി സിജിത്ത് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 9.30 തോടെയാണ് സംഭവം.

യുവാവ് പ്രദേശത്ത് മയക്കുമരുന്ന് ലഹരിയില്‍ കത്തി ഉപയോഗിച്ച് നാട്ടുകാര്‍ക്ക് മേല്‍ തട്ടിക്കയറി പ്രശ്നം ഉണ്ടാക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച പലരെയും യുവാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ ഒരു നിലയിലും തടയാന്‍ കഴിയാതെ വന്നതോടെയാണ് പ്രദേശവാസികള്‍ അരീക്കോട് പൊലീസിനെ വിവരം അറിയിച്ചത്.

Signature-ad

ഇതോടെ യുവാവ് സമീപത്തെ മെമ്പറുടെ വീട്ടില്‍ കയറി ഒളിച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് അരീക്കോട് പൊലീസ് സംഭവ സ്ഥലത്തെത്തി യുവാവിനോട് സംസാരിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ യുവാവ് പൊലീസ് ജീപ്പിന് മുകളില്‍ കയറി ജീപ്പിന്റെ മുന്‍വശത്തെ ചില്ല് ചവിട്ടി തകര്‍ക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച പൊലീസുകാരെ ഇയാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും അരീക്കോട് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാളെ ബലം ഉപയോഗിച്ച് അരീക്കോട് പൊലീസിന്റെ നേതൃത്വത്തില്‍ ജീപ്പില്‍ കയറ്റിയാണ് പിന്നീട് സ്റ്റേഷനില്‍ എത്തിച്ചത്.

യുവാവ് സ്ഥിരമായി ലഹരി ഉപയോഗിച്ച് പ്രശ്നം ഉണ്ടാക്കുന്നയാളാണ്. ഇയാള്‍ക്കെതിരെ മറ്റു കേസുകളും നേരെത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

പ്രതിയെ പ്രതി മയക്കുമരുന്ന് ലഹരിയില്‍ തന്നെ നിലവിലുള്ള സാഹചര്യത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച മഞ്ചേരി കോടതി ഹാജരാക്കുമെന്നും അരീക്കോട് പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടുന്നതിനിടയില്‍ ഒരു പൊലീസുകാരന് വീണ് പരിക്കേറ്റിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: