CrimeNEWS

വിളിച്ചാല്‍ വിളിപ്പുറത്ത്! ആവശ്യപ്പെട്ടാല്‍ ഏത് സമയത്തും ലഹരിയെത്തും; കഞ്ചാവ് വില്‍പ്പന തുടങ്ങിയത് 6 മാസം മുമ്പ്

കൊച്ചി: കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ ഏഴ് തവണ കഞ്ചാവ് എത്തിച്ചെന്ന് അറസ്റ്റിലായ വിദ്യാര്‍ഥികളുടെ മൊഴി. യു.പി.ഐ. വഴി 16,000 രൂപയാണ് കഞ്ചാവിനായി ഇടനിലക്കാര്‍ക്ക് കൈമാറിയത്. ആറുമാസങ്ങള്‍ക്ക് മുമ്പാണ് ഇവരില്‍നിന്ന് കഞ്ചാവ് വാങ്ങാന്‍ തുടങ്ങിയതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

ഇന്നലെ അറസ്റ്റിലായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനുരാജില്‍നിന്നാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ആഷിഖ്, ഷാലിഫ് എന്നിവര്‍ക്കാണ് കഞ്ചാവ് വാങ്ങിയതിന്റെ പണം കൈമാറിയത്. എന്നാല്‍, ആരൊക്കെ പണം നല്‍കി, ആകെ എത്രരൂപ പിരിച്ചു എന്നീ ചോദ്യങ്ങള്‍ക്ക് അനുരാജ് മറുപടി നല്‍കിയിട്ടില്ല.

Signature-ad

ആറുമാസം മുമ്പാണ് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന ആരംഭിച്ചതെന്ന് അനുരാജ് പറയുന്നു. ആഷിഖും ഷാലിഫുമാണ് ലഹരി എത്തിച്ചിരുന്നത്. ഇരുവരും കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. അതേസമയം, കളമശ്ശേരി പോളിടെക്നിക് കോളേജില്‍ മാത്രമല്ല ലഹരി വിപണനം നടന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന. അതിനാല്‍ സമീപത്തെ മറ്റ് കോളേജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് അന്വേഷണവും പരിശോധനയും തുടങ്ങിയിട്ടുണ്ട്.

യുപിഐ ഇടപാടായി പണം കൈമാറി എന്ന മൊഴിയുള്ളതിനാല്‍ അനുരാജിന്റെയും അറസ്റ്റിലായ മറ്റുള്ളവരുടെയും ബാങ്ക് സ്റ്റേറ്റ്മെന്റ് പോലീസ് പരിശോധിക്കും. ഇതില്‍ നിന്ന് ആരൊക്കെ പണം കൈമാറിയിട്ടുണ്ട് എന്ന് വ്യക്തമാകുമെന്നാണ് പോലീസ് പറയുന്നത്. ബാങ്കില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് അറസ്റ്റിലായവരില്‍ നിന്ന് കഞ്ചാവ് വാങ്ങിച്ചവരേയും കണ്ടെത്തും. അവരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കും.

നിലവില്‍ ആറ് പ്രതികളാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരം പോലീസിനെ ഞെട്ടിച്ചു. ആവശ്യപ്പെട്ടാല്‍ ഏത് സമയത്ത് വേണമെങ്കിലും ഹോസ്റ്റലില്‍ കഞ്ചാവെത്തിക്കാന്‍ ഒരുസംഘം തയ്യാറായിരുന്നു. മാത്രമല്ല ലഹരി ഉപയോഗിക്കുന്നവരുടെ ഒരു ഗ്യാങ്ങ് കോളേജ് ഹോസ്റ്റലിലുണ്ടായിരുന്നുവെന്നാണ് മൊഴി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: