CrimeNEWS

ഒന്നിച്ചിരുന്ന് മദ്യപിച്ചു; ടച്ചിങ്‌സ് വാങ്ങാന്‍ പോയ ‘അപരിചിതന്‍’ 1.2 ലക്ഷത്തിന്റെ ബൈക്കുമായി മുങ്ങി!

എറണാകുളം: മദ്യപാനം മനുഷ്യനുണ്ടാക്കുന്ന വിനകള്‍ പലതാണ്. മദ്യം വാങ്ങാന്‍ പണം തികയാതെ വന്നപ്പോള്‍ അപരിചിതനായ മറ്റൊരാളുമായി ചേര്‍ന്നു പണം സ്വരൂപിച്ച് മദ്യം വാങ്ങി കുടിച്ച ഒരാള്‍ക്ക് തന്റെ വിലപിടിപ്പുള്ള ബൈക്ക് നഷ്ടമായി. ഒപ്പം കുടിച്ച ആള്‍ ടച്ചിങ്‌സ് വാങ്ങി വരാമെന്നു പറഞ്ഞു ബൈക്കുമായി മുങ്ങി. കഴിഞ്ഞ മാസം 21നാണ് സംഭവം. ഈയടുത്ത ദിവസമാണ് ബൈക്ക് നഷ്ടപ്പെട്ടയാള്‍ പരാതി നല്‍കിയത്. 1.2 ലക്ഷം രൂപയുടെ ബൈക്കാണ് മോഷണം പോയത്. ഹില്‍പാലസ് പൊലീസ് അന്വേഷണം ആരംഭിച്ചു.

എരൂരിലെ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരുവിധം പണമൊപ്പിച്ച് കുപ്പി വാങ്ങി ഇരുവരും ഒഴിഞ്ഞ സ്ഥലത്തിരുന്നു മദ്യപിച്ചു. അതിനിടെ ടച്ചിങ്‌സ് തീര്‍ന്നു. അപ്പോഴാണ് അപരിചിതന്‍ താന്‍ ഭക്ഷണം വാങ്ങി വരാമെന്നു പറഞ്ഞ് ബൈക്കിന്റെ ഉടമസ്ഥനില്‍നിന്നു താക്കോല്‍ വാങ്ങി പോയത്. മദ്യം തീര്‍ന്നിട്ടില്ലാത്തതിനാല്‍ ഉടമസ്ഥന്‍ വിശ്വസിച്ച് താക്കോല്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍, ബൈക്ക് വാങ്ങി പോയയാള്‍ പിന്നീട് തിരിച്ചു വന്നില്ല. മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഫലമുണ്ടായില്ല.

Signature-ad

പിന്നീട് തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്നു ബൈക്കുടമ അന്വേഷണം നടത്തിയിട്ടും രക്ഷയുണ്ടായില്ല. പരാതിക്കാരന്‍ അപരിചിതന്റെ പേര് പോലും ചോദിച്ചിട്ടില്ല എന്നതാണ് കൗതുകകരം. ഫെബ്രുവരി 21നു നടന്ന സംഭവത്തില്‍ പരാതിക്കാരന്‍ പൊലീസിനെ സമീപിച്ചത് ഈ മാസം 7നു മാത്രമാണെന്നു പൊലീസ് പറയുന്നു.

സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും സമാന രീതിയിലുള്ള ബൈക്ക് മോഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വാഹന മോഷണവുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തിറങ്ങിയവരെക്കുറിച്ചും അന്വേഷണം നടക്കുന്നു. എറണാകുളം ജില്ലയില്‍ സമീപ കാലത്ത് നിരവധി വാഹന മോഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറയുന്നു.

 

Back to top button
error: