
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൻ്റെ നടുക്കം ഇപ്പോഴും പലർക്കും വിട്ടുമാറിയിട്ടില്ല. 13 വയസുകാരനായ സ്വന്തം അനുജൻ അഹസാൻ, കാമുകി ഫർഷാന, വാപ്പയുടെ ഉമ്മ സൽമാ ബീവി, വാപ്പയുടെ സഹോദരൻ ലത്തീഫ്, ലതീഫിൻ്റെ ഭാര്യ ഷാഹിദ എന്നിവരെയാണ് അഫാൻ ക്രൂരമായി കൊലപ്പെടുത്തിയത്. നിഷ്ഠൂരമായി ആക്രമിക്കപ്പെട്ട ഉമ്മ ഷമീന മരണവക്കിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ടു. കൊലപാതകത്തിന് ശേഷം പ്രതി സ്റ്റേഷനിൽ കീഴടങ്ങിയാണ് ക്രൂരകൃത്യം വെളിപ്പെടുത്തിയത്.
അച്ഛൻ്റെ കൂടെ വിദേശത്തായിരുന്നു പ്രതി. വിസിറ്റിംങ് വിസയിൽ വിദേശത്ത് പോയി തിരിച്ചു വന്നതാണ്. ഉമ്മ ഷമീന കാൻസർ രോഗത്തിന് ചികിത്സയിൽ. കൊല്ലപ്പെട്ട ലത്തീഫ് റിട്ട. സിആർപിഎഫ് ഉദ്യോഗസ്ഥനാണ്.

കടബാധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
കൂട്ടക്കൊലക്കേസിലെ പ്രതിയും മകനുമായ അഫാനെ കാണാന്‍ ആഗ്രഹമില്ലെന്നു പിതാവ് അബ്ദുൾ റഹീം. ‘‘അഫാന്‍ കാരണമുണ്ടായ നഷ്ടം വലുതാണ്. ആശുപത്രിയിലായിരുന്ന ഭാര്യ ഷെമിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തു. ഇളയമകന്‍ കൊല്ലപ്പെട്ടതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഐസിയുവില്‍ വച്ച് ഭാര്യയെ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് ഷെമി പൊട്ടിക്കരഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞാണ് ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ബാക്കി മരണങ്ങളെക്കുറിച്ച് പറഞ്ഞത്. അഫാനാണ് അതൊക്കെ ചെയ്തതെന്നു പറഞ്ഞപ്പോള്‍ അവന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്നാണ് ഷെമി പറഞ്ഞത്. ഒരു പാറ്റയെപോലും പേടിയായിരുന്ന അവന്‍ എങ്ങനെയാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് ചോദിച്ചത്. പരുക്കു പറ്റിയത് കട്ടിലില്‍നിന്നു വീണതാണ് എന്നാണ് ഇപ്പോഴും പറയുന്നത്.’’
റഹീം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി മൂലം എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയാത്ത അവസ്ഥയാണെന്ന് റഹീം പറയുന്നു:
‘‘സൗദിയില്‍ 2 ദിവസം ജയിലില്‍ കഴിഞ്ഞതിനു ശേഷമാണു വെറും കയ്യോടെ നാട്ടിലേക്കു മടങ്ങിയത്. ഇവിടുത്തെ സാമ്പത്തിക ബാധ്യതകളുമുണ്ട്. ഇനി ഗള്‍ഫിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല. മക്കള്‍ക്കു വേണ്ടിയാണല്ലോ നമ്മള്‍ ജീവിക്കുന്നത്. ഇപ്പോള്‍ അവരില്ല. സൗദിയില്‍ 10 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടായിരുന്നു. നാട്ടില്‍ എന്റെ അറിവില്‍ 10 ലക്ഷം രൂപയുടെ ബാധ്യതയാണ് ഉള്ളത്. 60 ലക്ഷത്തോളം രൂപയുടെ കടമുണ്ട് എന്നു പറയുന്ന കാര്യം എനിക്കറിയില്ല. ബാങ്കില്‍ ബാധ്യതയുണ്ടായിരുന്നു. പക്ഷേ കാലാവധി ഉണ്ടായിരുന്നിട്ടും അസി.മാനേജര്‍ വല്ലാതെ വിളിച്ചു ശല്യപ്പെടുത്തിയിരുന്നു. ജപ്തി ചെയ്യുമെന്നു ഭീഷണിപ്പെടുത്തി. ചിട്ടി നടത്തിയതുമായി ബന്ധപ്പെട്ട് ജ്യേഷ്ഠന് 75,000 രൂപ ഷെമി കൊടുക്കാനുണ്ടായിരുന്നു. ഉമ്മയുമായി സാമ്പത്തിക ഇടപാടൊന്നും ഉണ്ടായിരുന്നില്ല. ഭാര്യ ഷെമിയും അഫാനും തട്ടത്തുമലയിലെ ബന്ധുവില്‍നിന്ന് പലിശയ്ക്ക് 5 ലക്ഷം രൂപയാണ് വാങ്ങിയത്. അഞ്ചര ലക്ഷം രൂപ പലിശ മാത്രമായി തിരികെ നല്‍കി. പലിശ കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. തട്ടത്തുമലയിലെ 2 ബന്ധുക്കളെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നു എന്ന് അഫാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇനി അഫാനെ കാണണമെന്ന് ആഗ്രഹമില്ല. അവന്‍ കാരണം ഇളയമകന്‍, ഉമ്മ, ചേട്ടന്‍, ചേട്ടന്റെ ഭാര്യ എല്ലാവരെയും നഷ്ടമായി. അഫാനോട് ഉമ്മയ്ക്കു വലിയ സ്‌നേഹമായിരുന്നു. അവന് പണം കൊടുക്കുമായിരുന്നു. എന്റെ രണ്ടു മക്കളെയും വലിയ സ്‌നേഹത്തോടെയാണ് ഉമ്മ വളര്‍ത്തിയിത്. സംഭവം ഉണ്ടാകുന്നതിനു മുന്‍പുള്ള ദിവസങ്ങളിലും അഫാനോട് സംസാരിച്ചിരുന്നു. വസ്തു വിറ്റ് ബാധ്യത തീര്‍ക്കാമെന്നു പറഞ്ഞിരുന്നു. അതിനു അവന്‍ പലരെയും കൊണ്ടുവന്നു. കാമുകിയായ ഫര്‍സാനയെക്കുറിച്ച് അറിഞ്ഞപ്പോൾ അവനോടു ചോദിച്ചു. ഒന്നുമില്ലെന്നാണ് ആദ്യം പറഞ്ഞത്. ഇഷ്ടമാണെങ്കില്‍ എന്തെങ്കിലും വരുമാനം ആയിക്കഴിയുമ്പോള്‍ വിവാഹം നടത്താമെന്നു പറഞ്ഞു.
ഇളയ മകനാണു ഫര്‍സാനയുടെ ഫോട്ടോ അയച്ചു തന്നത്. ഫര്‍സാനയുടെ വീട്ടില്‍ പോയി മാതാപിതാക്കളെ കാണണമെന്നുണ്ട്. തെറ്റ് ചെയ്തത് എന്റെ മകനാണ്. പക്ഷേ അവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുകൊണ്ടാണു പോകാൻ മടി. അഫാന് അഫ്‌സാനോടു വലിയ സ്‌നേഹമായിരുന്നു. ഞാന്‍ 6 വര്‍ഷം കഴിഞ്ഞാണ് മടങ്ങിവരുന്നത്. അതിന്റെ കുറവൊന്നും വരുത്താതെയാണ് അഫ്‌സാനെ നോക്കിയിരുന്നത്. എപ്പോഴും ബൈക്കില്‍ കൊണ്ടുപോകുകയും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു. എന്ത് മനസ്സില്‍ തോന്നിയിട്ടാണ് അഫാന്‍ ഇങ്ങനെയൊക്കെ ചെയ്തതെന്ന് പറയാന്‍ കഴിയുന്നില്ല’’
റഹീം പറയുന്നു.