
ഇടവകയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി 1,64,000 ഡോളര്‍ (ഒന്നരക്കോടി രൂപ) നിക്ഷേപിച്ച ശേഷം പിന്നീട് ആ തുക സ്വന്തം പേരിലേക്ക് മാറ്റിയ മലയാളി കത്തോലിക്ക വൈദികനായ ഫാ. ടോം തകടിപ്പുറത്തിനെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അയോവ സംസ്ഥാനത്തിലെ ഡെസ് മോയിന്‍സ് രൂപതാംഗമാണ് 61കാരനായ ഫാദര്‍ ടോം. 2011 മുതല്‍ യുഎസിലെ വിവിധ ഇടവകകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
നിലവില്‍ ഷെനഡോവ സെന്റ് മേരീസ് പള്ളി വികാരിയാണ്. കൂടാതെ ഹാംബര്‍ഗ് ഇടവകയുടെ ചുമതലയും ഉണ്ടായിരുന്നു. 2017 മുതല്‍ ഈ 2 പളളികളുടെയും വികാരിയാണ്. കഴിഞ്ഞ മാസം അവസാനമാണ് അറസ്റ്റിലായത്. തട്ടിപ്പ്, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി 6 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിവ.

ഈ വര്‍ഷം ജനുവരിയിലാണ് ഇയാൾ തട്ടിപ്പ് തുടങ്ങിയത് എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ആദ്യം, ഒരു മിഷണറി സംഘടനയുടെ മറവില്‍ ഇടവകയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി 24,000 ഡോളര്‍ നിക്ഷേപിച്ച ശേഷം, പിന്നീട് ഇയാളുടെ സ്വന്തം പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റി. ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളിലായി 164,000 ഡോളര്‍ തട്ടി എടുത്തു എന്നാണ് കേസ്.
മിഷണറി സംഘടനയുടെ ചുമതലക്കാര്‍ തന്നെ കബളിപ്പിച്ചു പണം തട്ടിയെടുത്തു എന്നാണ് ഇടവകയുടെ ചുമതലക്കാരോട് ഇദ്ദേഹം പറഞ്ഞത്. പൊലീസ് അന്വേഷണത്തിലാണ് ഫാ. ടോം തകടിപ്പുറത്തിന്റെ തരികിടകള്‍ വെളിച്ചത്തായത്. കഴിഞ്ഞ മാസം 22ന് അയോവ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. വിചാരണാ നടപടികള്‍ ഉടന്‍ ആരംഭിക്കും.
തട്ടിപ്പ് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഇടവക വികാരി സ്ഥാനത്തു നീക്കിയിരിക്കുകയാണ്. കാനോനിക നിയമപ്രകാരമുള്ള അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് രൂപതാ വക്താവ് അറിയിച്ചു.
ക്ലാരെഷ്യന്‍ സന്യാസ സമൂഹാംഗമായ ഫാദര്‍ ടോം തകടിപ്പുറം നേരത്തെ കേരളത്തിലെ ഒരു സെമിനാരിയുടെ പ്രസിഡന്റുമായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി 2000 ത്തില്‍ മിനസോട്ടയിലെ ജോണ്‍ വിയാനി സെമിനാരിയില്‍ ചേര്‍ന്നു. ഇടവക വികാരി എന്ന ചുമതലയ്ക്കു പുറമെ വിവിധ സന്നദ്ധ സംഘടനകളിലും തകടിപ്പുറം സജീവമായിരുന്നു. പാല പൂവരണി സ്വദേശിയാണ് ഫാദര്‍ ടോം തകടിപ്പുറം.